2018 ഓഗസ്റ്റ് ഒന്നിന് തന്നെ ജലനിരപ്പ് 90 ശതമാനത്തില്‍ എത്തിയിരുന്നുവെന്ന് കെ.എസ്.ഇ.ബി കണക്കുകള്‍; അന്ന് മുതല്‍ ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ടിരുന്നുവെങ്കില്‍ പമ്പയാര്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു; ഓഗസ്റ്റ് 10 വരെ ഡാമുകള്‍ തുറക്കാതെ സര്‍ക്കാര്‍ കാത്തിരുന്നു എന്തിന്? കെ എസ് ഇ ബി കണക്കും പുറത്ത്; 2018ലെ പ്രളയം 'സര്‍ക്കാര്‍ നിര്‍മ്മിതമോ'?

Update: 2026-04-09 02:42 GMT

തിരുവനന്തപുരം: 2018-ലെ മഹാപ്രളയം പ്രകൃതിയുടെ താണ്ഡവമായിരുന്നോ അതോ ഭരണകൂടത്തിന്റെ വീഴ്ചയായിരുന്നോ എന്ന തര്‍ക്കത്തില്‍ സര്‍ക്കാരിനെ വെട്ടിലാക്കി കെ.എസ്.ഇ.ബിയുടെ ഔദ്യോഗിക കണക്കുകള്‍ പുറത്ത്. പ്രളയകാലത്ത് ഡാം മാനേജ്മെന്റില്‍ വീഴ്ച പറ്റിയിട്ടില്ലെന്ന മുഖ്യമന്ത്രിയുടെയും ബന്ധപ്പെട്ട വകുപ്പുകളുടെയും ആവര്‍ത്തിച്ചുള്ള അവകാശവാദങ്ങള്‍ പൊള്ളയാണെന്ന് തെളിയിക്കുന്നതാണ് കെ.എസ്.ഇ.ബിയുടെ പ്രതിദിന ജലനിരപ്പ് സംബന്ധിച്ച രേഖകള്‍. ഡാമുകളിലെ വെള്ളം കൃത്യസമയത്ത് ഒഴുക്കിവിടാതെ സംഭരിച്ചു നിര്‍ത്തിയതാണ് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളെ മുക്കിയ മഹാപ്രളയത്തിന് ആക്കം കൂട്ടിയതെന്ന വിശകലനത്തിന് ഈ കണക്കുകള്‍ ബലം നല്‍കുന്നു.

ഡാം മാനേജ്മെന്റ് വ്യവസ്ഥകള്‍ പ്രകാരം അണക്കെട്ടുകളില്‍ ജലനിരപ്പ് 90 ശതമാനമെത്തിയാല്‍ ഷട്ടറുകള്‍ തുറന്ന് നിയന്ത്രിതമായി വെള്ളം ഒഴുക്കിവിടണം. എന്നാല്‍, ഇടുക്കി കഴിഞ്ഞാല്‍ സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ അണക്കെട്ടായ കക്കിയിലും സമീപത്തെ പമ്പ ഡാമിലും 2018 ഓഗസ്റ്റ് ഒന്നിന് തന്നെ ജലനിരപ്പ് 90 ശതമാനത്തില്‍ എത്തിയിരുന്നുവെന്ന് കെ.എസ്.ഇ.ബി കണക്കുകള്‍ വ്യക്തമാക്കുന്നു. അന്ന് മുതല്‍ ഘട്ടംഘട്ടമായി വെള്ളം തുറന്നുവിട്ടിരുന്നുവെങ്കില്‍ പമ്പയാര്‍ കരകവിഞ്ഞ് ഒഴുകുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നു. എന്നാല്‍, ഓഗസ്റ്റ് 10 വരെ ഡാമുകള്‍ തുറക്കാതെ സര്‍ക്കാര്‍ കാത്തിരുന്നു എന്നതാണ് ദുരന്തത്തിന്റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചത്.

ഓഗസ്റ്റ് അഞ്ചിലെ കണക്കനുസരിച്ച് കക്കി ഡാമിലെ ജലനിരപ്പ് 96.55 ശതമാനമായി ഉയര്‍ന്നിരുന്നു. ഈ സമയത്ത് തന്നെ ഡാമുകള്‍ തുറക്കണമെന്ന് വൈദ്യുതി ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും മന്ത്രിതലത്തില്‍ നിന്ന് അനുമതി ലഭിച്ചില്ലെന്നാണ് സൂചന. ഓഗസ്റ്റ് ഒമ്പതായപ്പോഴേക്കും ജലനിരപ്പ് 99.38 ശതമാനമായി. ഒടുവില്‍ സംഭരണശേഷിയും കഴിഞ്ഞ് 100.39 ശതമാനമായ ഓഗസ്റ്റ് 10-നാണ് വെള്ളം തുറന്നുവിടാന്‍ ഉത്തരവായത്. മുന്‍കരുതല്‍ നടപടികളിലെ ഈ കാലതാമസമാണ് പിന്നീട് നിയന്ത്രണാതീതമായ ഒഴുക്കിന് കാരണമായത്.

ഏറ്റവും ഭയാനകമായ സാഹചര്യം സംജാതമായത് ഓഗസ്റ്റ് 15-നാണ്. ജലനിരപ്പ് അപകടകരമായ വിധത്തില്‍ 100.68 ശതമാനത്തില്‍ എത്തുകയും ഡാം കവിഞ്ഞൊഴുകുമെന്ന അവസ്ഥ വരികയും ചെയ്തതോടെ ആറ് ഷട്ടറുകളും ഒരുമിച്ച് പരമാവധി ഉയര്‍ത്തി. ഒരൊറ്റ ദിവസം കൊണ്ട് 4.234 കോടി ക്യുബിക് മീറ്റര്‍ വെള്ളമാണ് പമ്പയാറ്റിലേക്ക് കുതിച്ചെത്തിയത്. മുന്‍കൂട്ടി യാതൊരു മുന്നറിയിപ്പും നല്‍കാതെ ഇത്രയും വലിയ അളവില്‍ വെള്ളം തുറന്നുവിട്ടതോടെ പമ്പയാര്‍ ഗതിമാറി ഒഴുകുകയും മധ്യകേരളം സമാനതകളില്ലാത്ത ജലസമാധിയിലാവുകയും ചെയ്തു. ലക്ഷക്കണക്കിന് വീടുകളാണ് ഈ ഒരൊറ്റ തീരുമാനത്തിലൂടെ തകര്‍ന്നടിഞ്ഞത്.

ഈ കണക്കുകള്‍ ആയുധമാക്കിയാണ് മാത്യു കുഴല്‍നാടന്‍ എം.എല്‍.എ സര്‍ക്കാരിനെതിരെ കടന്നാക്രമണം നടത്തുന്നത്. 2018-ലെ പ്രളയത്തിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം അന്നത്തെ ജലവിഭവ വകുപ്പിനും മന്ത്രി മാത്യു ടി. തോമസിനുമാണെന്ന് അദ്ദേഹം ആരോപിക്കുന്നു. ജനങ്ങളുടെ സുരക്ഷയേക്കാള്‍ ഉപരിയായി കരിമണല്‍ ഖനനത്തിനായിരുന്നു സര്‍ക്കാര്‍ മുന്‍ഗണന നല്‍കിയത്. തോട്ടപ്പള്ളി സ്പില്‍വേയിലെ മണല്‍ത്തിട്ട ഒലിച്ചുപോകാതിരിക്കാന്‍ ഷട്ടറുകള്‍ തുറക്കാതെ പിടിച്ചുവെച്ചു എന്ന ഗുരുതരമായ ആരോപണമാണ് കുഴല്‍നാടന്‍ ഉയര്‍ത്തുന്നത്. ഇതിന് തെളിവായി 2019-ലെ മിനിറ്റ്സുകളും അദ്ദേഹം പുറത്തുവിട്ടു.

മഴ പെയ്യുന്നതിന് മുന്‍പ് തന്നെ കരിമണല്‍ നീക്കം ചെയ്യണമെന്ന കര്‍ശന നിര്‍ദ്ദേശമാണ് സര്‍ക്കാര്‍ നല്‍കിയിരുന്നത്. 2019 മേയ് 31-ന് ചേര്‍ന്ന യോഗത്തിലും മുന്‍ഗണന മണല്‍ മാറ്റുന്നതിനായിരുന്നു. പ്രളയമെന്ന ഭീഷണി നിലനില്‍ക്കുമ്പോഴും മണല്‍ ഒഴുകിപ്പോകാതെ എങ്ങനെ ഖനനം ചെയ്യാം എന്നതിലായിരുന്നു സര്‍ക്കാരിന്റെ ശ്രദ്ധ. 'എല്ലാ സമയത്തും മണലായിരുന്നു സര്‍ക്കാരിന് പ്രധാനം, ജനങ്ങളുടെ ജീവനല്ല' എന്ന കുഴല്‍നാടന്റെ വിമര്‍ശനം രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മണല്‍ മാഫിയയെ സഹായിക്കാന്‍ വേണ്ടി നടത്തിയ ഈ ക്രമീകരണങ്ങള്‍ ഒടുവില്‍ മഹാദുരന്തത്തില്‍ കലാശിക്കുകയായിരുന്നു.

നിലവിലെ ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട വിവാദവും ഇതിനോട് ചേര്‍ത്താണ് പ്രതിപക്ഷം വായിക്കുന്നത്. ശബ്ദരേഖ വ്യാജമാണെങ്കില്‍ തനിക്കെതിരെ എന്തുകൊണ്ട് കേസെടുക്കുന്നില്ല എന്ന ചോദ്യം കുഴല്‍നാടന്‍ ആവര്‍ത്തിക്കുന്നു. എ.ഐ സാങ്കേതികവിദ്യയുടെ പേര് പറഞ്ഞ് ഒളിച്ചോടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പ്രളയ വിഷയത്തില്‍ സി.പി.എം - ബി.ജെ.പി ഒത്തുകളി നടക്കുന്നുണ്ടെന്നും, അന്ന് പ്രളയ മുന്നറിയിപ്പിനെക്കുറിച്ച് സംസാരിച്ച സുരേഷ് ഗോപി പോലും ഇപ്പോള്‍ മിണ്ടുന്നില്ലെന്നും അദ്ദേഹം പരിഹസിച്ചു.

കെ.എസ്.ഇ.ബിയുടെ കണക്കുകള്‍ പുറത്തുവന്നതോടെ സര്‍ക്കാരിന്റെ പ്രതിരോധം കൂടുതല്‍ ദുര്‍ബലമായിരിക്കുകയാണ്. മഴയുടെ അളവ് കൂടിയതാണ് പ്രളയത്തിന് കാരണമെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുമ്പോഴും, ഡാമുകളിലെ ജലനിരപ്പ് മുന്‍കൂട്ടി ക്രമീകരിക്കുന്നതില്‍ വന്ന വീഴ്ചയ്ക്ക് കൃത്യമായ മറുപടി നല്‍കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നില്ല. ഓഗസ്റ്റ് 11-ന് ജലനിരപ്പ് അല്പം കുറഞ്ഞപ്പോള്‍ ഷട്ടര്‍ താഴ്ത്തി വീണ്ടും വെള്ളം സംഭരിക്കാന്‍ ശ്രമിച്ചതും, പിന്നീട് 13 മുതല്‍ മഴ ശക്തമായപ്പോള്‍ പെട്ടെന്ന് തുറന്നുവിട്ടതും ശാസ്ത്രീയമായ ഡാം മാനേജ്മെന്റിന്റെ പരാജയമായാണ് വിദഗ്ധരും വിലയിരുത്തുന്നത്.

Tags:    

Similar News