വോട്ടിന് പണം ആരോപണത്തില്‍ കേസെടുത്തു പോലീസ്; പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് എഫ്ഐആര്‍; കണ്ടാല്‍ തിരിച്ചറിയാവുന്ന എന്‍ഡിഎ പ്രതിനിധിക്കെതിരെ കേസ്; കോഴ വിവാദത്തില്‍ ജില്ലാ കലക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി; വിശദമായ അന്വേഷണം ആവശ്യമാണെന്ന റിപ്പോര്‍ട്ടിന് പിന്നാലെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു

വോട്ടിന് പണം ആരോപണത്തില്‍ കേസെടുത്തു പോലീസ്

Update: 2026-04-08 16:12 GMT

പാലക്കാട്: എന്‍.ഡി.എ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രനെതിരായ വോട്ടിന് പണം ആരോപണത്തില്‍ കേസെടുത്തു പോലീസ്. പാലക്കാട് സൗത്ത് പോലീസാണ് കേസെടുത്തിരിക്കുന്നത്. കണ്ടാല്‍ തിരിച്ചറിയുന്ന എന്‍ഡിഎ പ്രതിനിധിക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചെന്നാണ് എഫ്.ഐ.ആര്‍. ഇന്ന് രാവിലെയാണ് പാലക്കാട്ടെ വോട്ടര്‍മാര്‍ക്ക് ബിജെപി സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്റെ സാന്നിധ്യത്തില്‍ പണം വിതരണം ചെയ്‌തെന്ന് ആരോപിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നത്. മണ്ഡലത്തിലെ കണ്ണാടി മേഖലയില്‍ പണം വിതരണം ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വലിയ വിവാദമായിരുന്നു.

സംഭവത്തില്‍ ജില്ലാ കളക്ടര്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പണം ലഭിച്ചെന്ന ആരോപണം പ്രധാന സാക്ഷി നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നാണ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

പരാതി ലഭിച്ച് മണിക്കൂറുകള്‍ക്കകമാണ് കലക്ടര്‍ അന്വേഷണം നടത്തി പ്രഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. സംഭവ സ്ഥലത്തെത്തി തെരഞ്ഞെടുപ്പ് ഫ്‌ലൈയിംഗ് സ്‌ക്വാഡ് അന്വേഷണം നടത്തിയിരുന്നു. പണം കിട്ടിയില്ലെന്നാണ് വയോധിക മൊഴി നല്‍കിയത്. എന്നാല്‍ സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നുംല കലക്ടര്‍ റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് പരിശോധിച്ച് കൂടുതല്‍ നടപടിയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പെരുമാറ്റചട്ടം ലംഘിച്ചോ എന്ന് പരിശോധിക്കുമെന്നും ഡോ. രത്തന്‍ യു കേല്‍ക്കര്‍ അറിയിച്ചു.

പാലക്കാട് സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്‍ ഏപ്രില്‍ 8 ന് പാലക്കാട് കണ്ണാടി പഞ്ചായത്തിലെ തെരുവക്കുറിശ്ശി ഭാഗത്ത് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ പണം വിതരണം ചെയ്തു എന്നാണ് പരാതി. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ജില്ലാ തിരഞ്ഞെടുപ്പ് വിഭാഗം ഉടന്‍ തന്നെ ഫ്‌ലൈയിങ് സ്‌ക്വാഡ് പരിശോധന നടത്തി. മാധ്യമങ്ങളില്‍ പരാമര്‍ശിക്കപ്പെട്ട കണ്ണാടി സ്വദേശിനി ദേവുവിന്റെ (65) മൊഴി ഫ്‌ലൈയിംഗ് സ്‌ക്വാഡ് രേഖപ്പെടുത്തി. എന്നാല്‍ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് അവര്‍ മൊഴി നല്‍കിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചത് നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം വേണം- റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം താനുമായി ബന്ധമില്ലാത്ത ഒരു സ്ത്രീയെ ഉള്‍പ്പെടുത്തി കോണ്‍ഗ്രസ് മെനഞ്ഞ കള്ളക്കഥയാണ് അരങ്ങേറിയതെന്നായിരുന്നു ബിജെപി സ്ഥാനാര്‍ഥി ശോഭയുടെ വാദം. എന്നാല്‍, തങ്ങളുടെ കൂടെയുള്ള സ്ത്രീയാണ് കാറിലുണ്ടായിരുന്നതെന്ന ദൃശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി മാധ്യമപ്രവര്‍ത്തകര്‍ ചോദ്യങ്ങള്‍ ഉയര്‍ത്തിയതോടെ ശോഭ വെട്ടിലാവുകയായിരുന്നു. കാറിലുണ്ടായിരുന്ന സ്ത്രീയുടെ ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നായി പിന്നീടുള്ള വാദങ്ങള്‍. പിന്നാലെയാണ് പണം നല്‍കിയ സ്ത്രീയും ശോഭ സുരേന്ദ്രനും തമ്മില്‍ മുന്‍പരിചയമുണ്ടെന്ന് ചൂണ്ടിക്കാട്ടി പഴയ ഫോട്ടോകള്‍ കോണ്‍ഗ്രസ് പുറത്തുവിടുകയും ചെയ്തിരുന്നു.

എന്നാല്‍ തനിക്ക് പണം ലഭിച്ചിട്ടില്ലെന്ന് വയോധിക നല്‍കിയ മൊഴി നല്‍കിയിട്ടുണ്ട്. പ്രധാന സാക്ഷി പണം ലഭിച്ചെന്ന ആരോപണം നിഷേധിച്ചെങ്കിലും, സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കൂടുതല്‍ വിശദമായ അന്വേഷണം ആവശ്യമാണെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. ജനപ്രാതിനിധ്യ നിയമത്തിന്റെയും പെരുമാറ്റച്ചട്ടത്തിന്റെയും ലംഘനം നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

Tags:    

Similar News