ഇറാന്‍ ഒടുവില്‍ ട്രംപിന്റെ കാല്‍ക്കല്‍ വീണു! സര്‍വ്വനാശത്തിന് മുന്‍പ് വെടിനിര്‍ത്തലിനായി യാചന; മിസൈല്‍ പടയും നാവികസേനയും കടലിന്റെ അടിയില്‍! ആകാശം ഇനി അമേരിക്കയ്ക്ക് സ്വന്തം; 800 ഡ്രോണ്‍ കേന്ദ്രങ്ങള്‍ നിരപ്പാക്കി ട്രംപിന്റെ 'ക്യാപിറ്റല്‍ വി' വിജയം; ഇനി ഒരു ആണവായുധം പോലും ഇറാന്‍ തൊടില്ലെന്ന് പീറ്റ് ഹെഗ്സെത്ത്
ഇറാന്‍ ഒടുവില്‍ ട്രംപിന്റെ കാല്‍ക്കല്‍ വീണു!
വാഷിങ്ടണ്‍: ലോകത്തെ വിറപ്പിച്ച 38 ദിവസത്തെ ബോംബാക്രമണങ്ങള്‍ക്കൊടുവില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പ്രഖ്യാപിച്ച 11-ാം മണിക്കൂറിലെ വെടിനിര്‍ത്തലിനായി ഇറാന്‍ യാചിക്കുകയായിരുന്നുവെന്ന് പെന്റഗണ്‍. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതുമായി ബന്ധപ്പെട്ട് ട്രംപ് നല്‍കിയ അന്ത്യശാസനം അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കിനില്‍ക്കെയാണ് ഇറാന്‍ കീഴടങ്ങിയത്. ഇതോടെ ഇറാനെതിരായ ആക്രമണങ്ങള്‍ രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ ട്രംപ് ഉത്തരവിടുകയായിരുന്നുവെന്ന് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് അവകാശപ്പെട്ടു.
ക്യാപിറ്റല്‍ 'വി' എന്ന് വിശേഷിപ്പിക്കാവുന്ന ഉജ്ജ്വല വിജയം
ഇറാന്റെ 'മുഴുവന്‍ നാഗരികത'യെയും തുടച്ചുനീക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയത് ലോകരാജ്യങ്ങള്‍ക്കിടയില്‍ വലിയ ആശങ്കയ്ക്ക് ഇടയാക്കിയിരുന്നു. എന്നാല്‍, പിന്നീട് തന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'ട്രൂത്ത് സോഷ്യല്‍' (Truth Social) വഴി, ഇറാനെതിരായ ബോംബാക്രമണങ്ങളും ആക്രമണങ്ങളും രണ്ടാഴ്ചത്തേക്ക് നിര്‍ത്തിവെക്കാന്‍ താന്‍ സമ്മതിച്ചതായി ട്രംപ് അറിയിച്ചു. ആക്രമണങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ, ഇത് 'ലോകസമാധാനത്തിന് വലിയൊരു ദിനമാണെന്ന്' അമേരിക്കന്‍ പ്രസിഡന്റ് മറ്റൊരു പോസ്റ്റിലൂടെ വിശേഷിപ്പിച്ചു.
പെന്റഗണില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍, ട്രംപിന്റേത് 'ക്യാപിറ്റല്‍ V' എന്ന് വിശേഷിപ്പിക്കാവുന്ന ഉജ്ജ്വല വിജയമാണെന്ന് പീറ്റ് ഹെഗ്സെത്ത് പറഞ്ഞു. ഇറാന്റെ മിസൈല്‍ പദ്ധതികള്‍ പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടതായും ഇറാന്റെ നാവികസേന 'കടലിന്റെ അടിത്തട്ടിലാണെന്നും' അദ്ദേഹം പറഞ്ഞു.. ഇതിനുപുറമെ, ഇറാന്റെ ആകാശം ഇപ്പോള്‍ അമേരിക്കയുടെ നിയന്ത്രണത്തിലാണെന്നും അദ്ദേഹം അവകാശപ്പെട്ടു.
ലോകമെമ്പാടും ശുഭപ്രതികരണം
വെടിനിര്‍ത്തല്‍ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ആഗോള വിപണികളും ലോക നേതാക്കളും ശുഭകരമായാണ് പ്രതികരിച്ചത്. യൂറോപ്പില്‍, വിപണി തുറന്നപ്പോള്‍ത്തന്നെ ഫ്രാങ്ക്ഫര്‍ട്ട് സൂചികയില്‍ 5 ശതമാനത്തിന്റെ വന്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി. ലണ്ടന്‍ വിപണിയിലെ എഫ്ടിഎസ്ഇ (FTSE 100) സൂചിക 2.55 ശതമാനവും ഉയര്‍ന്നു. ഏഷ്യയില്‍, ജപ്പാന്റെ നിക്കി സൂചിക 5 ശതമാനത്തിലധികം ഉയര്‍ന്നാണ് വ്യാപാരം അവസാനിപ്പിച്ചത്. ബുധനാഴ്ച ദക്ഷിണ കൊറിയയുടെ കോസ്പി സൂചിക 7 ശതമാനത്തിനടുത്തും നേട്ടമുണ്ടാക്കി.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ഈ കരാറിനെ 'വളരെ നല്ലൊരു കാര്യം' എന്ന് വിശേഷിപ്പിച്ചു. എന്നാല്‍, വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്ക് ശേഷം സ്‌കൈ ന്യൂസിന്റെ 'ട്രംപ് 100' പോഡ്കാസ്റ്റില്‍ സംസാരിക്കവെ ട്രംപ് ഒരു മുന്നറിയിപ്പും നല്‍കി: 'ഈ വെടിനിര്‍ത്തല്‍ ശരിയായ രീതിയിലല്ല മുന്നോട്ട് പോകുന്നതെങ്കില്‍, ഞങ്ങള്‍ ഉടന്‍ തന്നെ യുദ്ധത്തിലേക്ക് മടങ്ങും.'
ഇറാന്‍ ഇനി ഒരിക്കലും ആണവായുധം കൈവശം വയ്ക്കില്ല
അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയ കരാര്‍ പ്രകാരം ഇറാന്‍ 'ഇനി ഒരിക്കലും ഒരു ആണവായുധം കൈവശം വയ്ക്കില്ലെന്ന്' ഹെഗ്സെത്ത് കൂട്ടിച്ചേര്‍ത്തു. അദ്ദേഹം പറഞ്ഞു: 'തങ്ങളെ കാത്തിരിക്കുന്ന വിധിയേക്കാള്‍ എത്രയോ നല്ലത് ഒരു ഉടമ്പടിയാണെന്ന് പുതിയ ഇറാനിയന്‍ ഭരണകൂടത്തിന് ബോധ്യപ്പെട്ടു. ഈ പുതിയ ഭരണകൂടത്തിന് മുന്നില്‍ മറ്റ് വഴികളോ സമയമോ ഉണ്ടായിരുന്നില്ല, അതുകൊണ്ട് അവര്‍ കരാറില്‍ ഒപ്പിട്ടു.'
പെന്റഗണിലെ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിച്ച ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയര്‍മാന്‍ ജനറല്‍ ഡാന്‍ കെയ്ന്‍, 38 ദിവസം നീണ്ടുനിന്ന ബോംബാക്രമണ പരമ്പരയിലൂടെ ഇറാന്റെ വ്യോമ പ്രതിരോധ സംവിധാനത്തിന്റെ 80 ശതമാനവും തകര്‍ത്തതായി അറിയിച്ചു.
ഇതിനുപുറമെ, 800 ഡ്രോണ്‍ സംഭരണ കേന്ദ്രങ്ങളും, 450 ബാലിസ്റ്റിക് മിസൈല്‍ സംഭരണശാലകളും, 150-ലധികം കപ്പലുകളും ആക്രമണത്തില്‍ തകര്‍ത്തു. ഇറാന്റെ പ്രതിരോധ വ്യവസായം തകര്‍ക്കപ്പെട്ടുവെന്ന ഹെഗ്സെത്തിന്റെ വാദത്തെ ജനറല്‍ ഡാന്‍ കെയ്‌നും ശരിവെച്ചു. തകര്‍ന്നടിഞ്ഞ ഈ സംവിധാനങ്ങള്‍ പുനര്‍നിര്‍മ്മിക്കാന്‍ ഇറാനിയന്‍ ഭരണകൂടത്തിന് വര്‍ഷങ്ങള്‍ വേണ്ടിവരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്താബ ഖമേനിക്ക് 'പരിക്കേറ്റതായും അദ്ദേഹത്തിന്റെ ശരീരം വികൃതമായതായും' ഹെഗ്സെത്ത് അവകാശപ്പെട്ടു. ഇറാന്റെ ഫാക്ടറികളെല്ലാം 'നിരപ്പാക്കിയെന്നും' പെന്റഗണ്‍ തങ്ങളുടെ ദൗത്യം തല്‍ക്കാലം പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഹെഗ്‌സെത്തിന്റെ പരിഹാസം
ഇറാനെതിരായ പോരാട്ടത്തില്‍ സഹായിക്കാന്‍ വിസമ്മതിച്ച യൂറോപ്യന്‍ സഖ്യകക്ഷികളെ ഹെഗ്സെത്ത് ഇന്ന് പരിഹസിച്ചു. 'യഥാര്‍ത്ഥ സൈനിക ശേഷി എന്താണെന്ന് നമ്മുടെ സഖ്യകക്ഷികള്‍ എന്ന് പറയപ്പെടുന്നവര്‍ കണ്ടു കഴിഞ്ഞു - അവര്‍ ഇതൊക്കെ കണ്ടു പഠിക്കണം.''കഴിഞ്ഞ രാത്രി നടത്തിയ എണ്ണൂറിലധികം വ്യോമാക്രമണങ്ങളിലൂടെ ഇറാന്റെ പ്രതിരോധ വ്യവസായ അടിത്തറ ഞങ്ങള്‍ പൂര്‍ണ്ണമായും തകര്‍ത്തു. ഞങ്ങളുടെ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നായിരുന്നു അത്.
ബങ്കറുകള്‍ക്കുള്ളില്‍ കുഴിച്ചിട്ടിട്ടുള്ള വളരെ കുറച്ച് ആയുധങ്ങള്‍ മാത്രമാണ് ഇനി ഇറാന്റെ പക്കലുള്ളത്. അവര്‍ക്ക് ഇപ്പോഴും ആക്രമിക്കാന്‍ കഴിഞ്ഞേക്കാം എന്നറിയാം. എന്നാല്‍ അവരുടെ ആശയവിനിമയ-നിയന്ത്രണ സംവിധാനങ്ങള്‍ (Command and Control) തകര്‍ക്കപ്പെട്ടതിനാല്‍ അവര്‍ക്ക് പരസ്പരം സംസാരിക്കാനോ ഏകോപിപ്പിക്കാനോ കഴിയില്ല. അതുകൊണ്ട് തന്നെ അവിടെയും ഇവിടെയും അവര്‍ക്ക് വെടിയുതിര്‍ക്കാന്‍ സാധിക്കുമായിരിക്കും, എന്നാല്‍ അത് ചെയ്യുന്നത് വലിയ വിഡ്ഢിത്തമായിരിക്കും.'
യുഎസ് - ഇറാന്‍ ചര്‍ച്ചകള്‍: അന്തിമ തീരുമാനമായിട്ടില്ലെന്ന് വൈറ്റ് ഹൗസ്
ഇറാനുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ നടത്തുന്ന കാര്യത്തില്‍ ഇതുവരെ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ചര്‍ച്ചകള്‍ ഈ ആഴ്ച അവസാനം പാകിസ്ഥാനില്‍ വെച്ച് നടന്നേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഈ വിശദീകരണം. ഇത്തരമൊരു കൂടിക്കാഴ്ച സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണം പ്രസിഡന്റോ വൈറ്റ് ഹൗസോ നേരിട്ട് നല്‍കുമെന്നും പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റ് അറിയിച്ചു.
യുഎസ് വൈസ് പ്രസിഡന്റ് ജെഡി വാന്‍സ് ചര്‍ച്ചകളില്‍ പങ്കെടുത്തേക്കുമെന്ന ചോദ്യങ്ങള്‍ക്കുള്ള മറുപടിയായാണ് വൈറ്റ് ഹൗസ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്. നിലവില്‍ ഹംഗറിയിലുള്ള വാന്‍സ്, അവിടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന് പിന്തുണ പ്രഖ്യാപിക്കാനുള്ള തിരക്കുകളിലാണ്.
