ഡോക്ടര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് അന്തരിച്ചു; വിട പറഞ്ഞത് കേരളത്തില്‍ രക്തദാനം ജനകീയമാക്കിയ വൈദികന്‍; എസ്എസ്എല്‍സി ബുക്കില്‍ രക്തഗ്രൂപ്പ് നിര്‍ബന്ധമാക്കാന്‍ ശ്രമിച്ച വ്യക്തി; ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, ജൂബിലി മിഷന്‍ കോളജ് ഓഫ് നഴ്സിംഗ് തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപക ഡയറക്ടര്‍

ഡോക്ടര്‍ ഫ്രാന്‍സിസ് ആലപ്പാട്ട് അന്തരിച്ചു

Update: 2026-04-08 12:50 GMT

തൃശൂര്‍: ഡോക്ടറായ വൈദികന്‍ ഫ്രാന്‍സിസ് ആലപ്പാട്ട് അന്തരിച്ചു. 72 വയസ്സായിരുന്നു. കത്തോലിക്കാ സഭയിലെ മുതിര്‍ന്ന വൈദികനായിരുന്നു അദ്ദേഹം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നാണ് അദ്ദേഹം എംബിബിഎസ് ബിരുദം നേടിയത്. അതിന് ശേഷം സ്തുത്യര്‍ഹമായ സേവനങ്ങളാണ് അദ്ദേഹത്തില്‍ നിന്നും ഉണ്ടായത്. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ്, ജൂബിലി മിഷന്‍ കോളജ് ഓഫ് നഴ്സിംഗ്, ജൂബിലി മിഷന്‍ പാരാമെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, തൃശ്ശൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെന്റല്‍ ഹെല്‍ത്ത് സയന്‍സ് എന്നിവയുടെ സ്ഥാപക ഡയറക്ടറുമാണ്.

കേരളത്തില്‍ രക്തദാനം ജനകീയമാക്കിയ വൈദികനാണ്. കേരള ബ്ലഡ് ഡോണേഴ്സ് ഫോറത്തിന്റെ സ്ഥാപകനാണ്. എസ്എസ്എല്‍സി ബുക്കില്‍ രക്തഗ്രൂപ്പ് നിര്‍ബന്ധമാക്കാന്‍ ശ്രമിച്ച വ്യക്തി കൂടിയാണ്. മാനസിക ആരോഗ്യ ആശുപത്രിക്കു വേണ്ടി കേരള ഹെക്കോടതി നിയമിച്ച മോണിറ്ററിംഗ് കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു.

തൃശ്ശൂര്‍ ജില്ലാ ആശുപത്രി, തൃശ്ശൂര്‍ മെഡിക്കല്‍ കോളജ്, കൊരട്ടി ഗവ. ലെപ്രസി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉപദേശക സമിതിയിലും അംഗമായിരുന്നു. 'പൂവിതള്‍ പൊഴിയുമ്പോള്‍' എന്ന രക്തദാന ഡോക്യുമെന്ററിയുടെയും ടി.ജി. രവി നായകനായി അഭിനയിച്ച 'ഓര്‍മ്മകള്‍ക്കപ്പുറം' എന്ന ഷോര്‍ട്ട് ഫിലിമിന്റെയും സംവിധാനം നിര്‍ഹിച്ചിട്ടുണ്ട്.

പുസ്തക രചനയിലും സജീവമായിരുന്നു ഡോ. ഫ്രാന്‍സിസ് ആലപ്പാട്ട്. അടുത്തകാലത്തായി പ്രമേഹബാധിതനായി നടക്കാന്‍ ബുദ്ധിമുട്ടു നേരിടുന്ന ഫാ.ഫ്രാന്‍സിസ് ദീര്‍ഘകാലമായി ജൂബിലി മിഷന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പ്രീസ്റ്റ് ഹോം മുറിയില്‍ വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇക്കാലത്തും പുസ്തക ചലയില്‍ അദ്ദേഹം സജീവമായിരുന്നു,

അധ്യാപികയായിരുന്ന മാതാവ് അയച്ച കത്തുകളാണു തന്നെ എഴുത്തുകാരനാക്കിയതെന്ന് ഫാ.ആലപ്പാട്ട് പറയുന്നു. ഇതുവരെ നോവലും കഥകളും ഉള്‍പ്പെടെ 48 പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 'അടര്‍ത്താനാകാതെ അടരാനാകാതെ' എന്ന നോവല്‍ അടുത്തിടെ പ്രകാശനം ചെയ്തിരുന്നു.

Tags:    

Similar News