'ഒരു സൂചനയുമില്ലായിരുന്നു; ഒരു വാക്കു പോലും ആരും പറഞ്ഞിരുന്നില്ല; രാത്രി ഏഴരയ്ക്ക് ശേഷം വെറും അര മണിക്കൂറിനുള്ളില്‍ നടന്ന സംഭവങ്ങളാണിവ; കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് വിളിക്കുന്നത്; വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിലുള്ള പരിഭവങ്ങള്‍ തീര്‍ക്കാനുള്ള ഒരു 'സമവായ ഫോര്‍മുല'യല്ല; വോട്ടെടുപ്പിന് മുമ്പ് കൃഷ്ണകുമാറിനെ ജയിപ്പിച്ച മോദി ഇഫക്ട്! ഇനി കൃഷ്ണകുമാര്‍ ഡല്‍ഹിയിലേക്ക്; നടന് ഇനി ഇരട്ട കരുത്ത്

Update: 2026-04-09 03:30 GMT

തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വിധി കാത്തിരിക്കെ, വോട്ടെണ്ണലിന് മുന്‍പേ വലിയൊരു വിജയം സ്വന്തമാക്കി നടനും ബി.ജെ.പി നേതാവുമായ ജി. കൃഷ്ണകുമാര്‍. നാഷണല്‍ ഫിലിം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാനായി കൃഷ്ണകുമാറിനെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. യാതൊരു മുന്‍സൂചനകളുമില്ലാതെ, വോട്ടെടുപ്പിന് തൊട്ടുമുമ്പുള്ള മണിക്കൂറുകളില്‍ ഡല്‍ഹിയില്‍ നിന്ന് അപ്രതീക്ഷിതമായാണ് ഈ പദവി കൃഷ്ണകുമാറിനെ തേടിയെത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേരിട്ടുള്ള ഇടപെടലാണ് ഈ നിര്‍ണ്ണായക നിയമനത്തിന് പിന്നിലെന്നത് രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്.

'ഒരു സൂചനയുമില്ലായിരുന്നു, ഒരു വാക്കുപോലും ആരും പറഞ്ഞിരുന്നില്ല. രാത്രി ഏഴരയ്ക്ക് ശേഷം വെറും അര മണിക്കൂറിനുള്ളില്‍ നടന്ന സംഭവങ്ങളാണിവ. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് എന്നെ വിളിക്കുന്നത്. ഡല്‍ഹിയില്‍ വന്ന് കാണണമെന്നും ചുമതലയേറ്റെടുക്കണമെന്നും ഉടന്‍ തന്നെ ഉത്തരവ് പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു,' കൃഷ്ണകുമാര്‍ തന്റെ പുതിയ നിയോഗത്തെക്കുറിച്ച് പ്രതികരിച്ചു. പ്രധാനമന്ത്രി നേരിട്ട് ഇടപെട്ടാണ് ഈ തീരുമാനമെടുത്തതെന്ന് കേന്ദ്രമന്ത്രി തന്നെ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ മത്സരിക്കാന്‍ സീറ്റ് ലഭിക്കാത്തതിലുള്ള പരിഭവങ്ങള്‍ തീര്‍ക്കാനുള്ള ഒരു 'സമവായ ഫോര്‍മുല'യല്ല ഈ സ്ഥാനമെന്ന് കൃഷ്ണകുമാര്‍ തറപ്പിച്ചു പറയുന്നു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ പരാതികളില്ലാതെ നിര്‍വ്വഹിച്ചതിനുള്ള അംഗീകാരമായാണ് ഈ പദവിയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്. അടുത്തിടെ കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചപ്പോള്‍ സീറ്റ് ലഭിക്കാത്തതിനെക്കുറിച്ച് പരാതി പറയുന്നതിന് പകരം, പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മാത്രമാണ് അറിയിച്ചതെന്ന് അദ്ദേഹം വെളിപ്പെടുത്തി. തന്നേക്കാള്‍ യോഗ്യരായ സ്ഥാനാര്‍ത്ഥികള്‍ ഉള്ളതുകൊണ്ടാകാം തനിക്ക് സീറ്റ് നല്‍കാതിരുന്നതെന്ന കൃഷ്ണകുമാറിന്റെ പക്വമായ നിലപാട് പ്രധാനമന്ത്രിയെ സ്വാധീനിച്ചുവെന്നാണ് വ്യക്തമാകുന്നത്.

ഇന്ത്യന്‍ സിനിമയുടെ വികസനത്തിനായി പ്രവര്‍ത്തിക്കുന്ന സുപ്രധാന സ്ഥാപനമായ എന്‍.എഫ്.ഡി.സിയുടെ തലപ്പത്തെത്തുന്ന കൃഷ്ണകുമാറിന് മുന്നിലുള്ളത് ഭാരിച്ച ഉത്തരവാദിത്തങ്ങളാണ്. സിനിമാ മേഖലയില്‍ നിന്ന് തന്നെ വരുന്ന വ്യക്തിയായതുകൊണ്ട് കാര്യങ്ങള്‍ വേഗത്തില്‍ പഠിച്ചെടുക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം അദ്ദേഹത്തിനുണ്ട്. ഇന്ത്യന്‍ സിനിമയ്ക്ക് ഏറ്റവും നല്ല രീതിയില്‍ എന്തൊക്കെ ചെയ്യാന്‍ പറ്റുമോ, അതിനുള്ള ആത്മാര്‍ത്ഥമായ ശ്രമം തന്റെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് അദ്ദേഹം ഉറപ്പുനല്‍കുന്നു.

സഹപ്രവര്‍ത്തകനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയുടെ സാന്നിധ്യം ഡല്‍ഹിയില്‍ തനിക്ക് വലിയ കരുത്താകുമെന്ന് കൃഷ്ണകുമാര്‍ വിശ്വസിക്കുന്നു. തന്റെ ആദ്യ സിനിമയായ 'കാശമീര'ത്തില്‍ സുരേഷ് ഗോപിക്കൊപ്പമാണ് അഭിനയിച്ചത്. അനുഭവസമ്പന്നനായ അദ്ദേഹവുമായി സംസാരിച്ച് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി മുന്നോട്ട് പോകാനാണ് തീരുമാനം. തിരഞ്ഞെടുപ്പ് ഫലം എന്തുതന്നെയായാലും, കേന്ദ്ര സര്‍ക്കാരിന്റെ ഉന്നത പദവിയിലെത്തിയ കൃഷ്ണകുമാര്‍ കേരളത്തിലെ ബി.ജെ.പിയില്‍ ഇനി കൂടുതല്‍ കരുത്തനാകും.

Tags:    

Similar News