സൗദിയില്‍ ജോലി ചെയ്ത് ഇറാനെ പുകഴ്ത്തുന്നവര്‍ക്ക് ഈ കാശ്മീരി യുവാവിന്റെ അനുഭവം പാഠമാകട്ടെ! ആയത്തുള്ള അലി ഖമേനിക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട കാശ്മീരി നഴ്‌സായ യുവാവ് തടങ്കലില്‍; കസ്റ്റഡിയില്‍ എടുത്ത യുവാവിനെ കുറിച്ച് വിവരങ്ങളില്ല; വിദേശകാര്യ മന്ത്രാലയത്തിന്റെ സഹായം തേടി കുടുംബം
സൗദിയില്‍ ജോലി ചെയ്ത് ഇറാനെ പുകഴ്ത്തുന്നവര്‍ക്ക് ഈ കാശ്മീരി യുവാവിന്റെ അനുഭവം പാഠമാകട്ടെ!
ശ്രീനഗര്‍: അമേരിക്കയും ഇസ്രായേലും ചേര്‍ന്ന് ഇറാനില്‍ സംഘര്‍ഷം തുടങ്ങിയതോടെ ഗള്‍ഫ് രാജ്യങ്ങളില്‍ ഇരുന്ന് ഇറാനെ പിന്തുണക്കുന്ന നിരവധി ആളുകള്‍ ഉണ്ട്. ഇത്തരക്കാര്‍ കരുതിയിരിക്കണം എന്നാണ് ജമ്മു കാശ്മീര്‍ സ്വദേശിയായ യുവാവിന്റെ അനുഭവം. സൗദി അറേബ്യയില്‍ ജോലി ചെയ്യുന്ന നഴ്സായ യുവാവിനെ അധികൃതര്‍ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീര്‍ സ്വദേശിയായ അംജദ് അലി ഭട്ടിനെയാണ് (29) സോഷ്യല്‍ മീഡിയ പോസ്റ്റുമായി ബന്ധപ്പെട്ട പരാതിയില്‍ സൗദി സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ മാസം 25-നാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് വിവരങ്ങള്‍ പുറംലോകമറിയുന്നത്.
ബരാമുള്ള ജില്ലയിലെ ഗുണ്ഡ് ഇബ്രാഹിം സ്വദേശിയായ അംജദ് അലി, ദമ്മാമിലെ 'സൗദി റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍' എന്ന സ്വകാര്യ സ്ഥാപനത്തില്‍ നഴ്സ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തുവരികയായിരുന്നു. ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പാണ് നടപടിക്ക് ആധാരമെന്നാണ് സൂചന. ഖമേനിക്ക് ആദരജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടുള്ള സോഷ്യല്‍ മീഡിയാ പോസ്റ്റാണ് യുവാവിനെ കസ്റ്റഡിയിലെടുക്കാന്‍ കാരണമായത്.
അംജദിനെ കസ്റ്റഡിയിലെടുത്ത വിവരം രണ്ട് ദിവസത്തിന് ശേഷം സഹപ്രവര്‍ത്തകര്‍ വഴിയാണ് കുടുംബം അറിയുന്നത്. എന്നാല്‍ എന്ത് കുറ്റമാണ് ചുമത്തിയിട്ടുള്ളതെന്ന് ഔദ്യോഗികമായി ഇതുവരെ അറിയിച്ചിട്ടില്ല. ഇതേക്കുറിച്ച് തങ്ങള്‍ക്ക് അറിവില്ലെന്നാണ് അംജദ് ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മാനേജ്മെന്റ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്.
കേന്ദ്ര വിദേശകാര്യ മന്ത്രാലയവും റിയാദിലെ ഇന്ത്യന്‍ എംബസിയും വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ജമ്മു കശ്മീര്‍ സ്റ്റുഡന്റ്സ് അസോസിയേഷന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. സൗദിയിലെ ഇന്ത്യന്‍ എംബസി വഴി യുവാവിനെ കണ്ടെത്താനും നിയമസഹായം ലഭ്യമാക്കാനുമുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. യുവാവിനെക്കുറിച്ച് മറ്റ് വിവരങ്ങള്‍ ലഭ്യമല്ലാത്തതിനാല്‍ വലിയ ആശങ്കയിലാണ് നാട്ടിലുള്ള കുടുംബം.
വിഷയം ഗൗരവകരമായി കാണുന്നുവെന്നും നയതന്ത്ര തലത്തിലുള്ള ഇടപെടലിലൂടെ എത്രയും വേഗം ഇദ്ദേഹത്തെ മോചിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും ജമ്മു കശ്മീരിലെ വിവിധ സംഘടനകള്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കഴിഞ്ഞ വര്‍ഷം ജൂണ്‍ മുതല്‍ ദമ്മാമില്‍ സൗദി ആസ്ഥാനമായുള്ള ഒരു ഹെല്‍ത്ത് കെയര്‍ സ്ഥാപനമായ സൗദി റെസ്‌പോണ്‍സ് പ്ലസ് മെഡിക്കല്‍ എന്ന സ്ഥാപനത്തില്‍ നഴ്സ് സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തു വരികയായിരുന്നു അംജദ് അലി.
