ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എട്ടു മാസത്തിനുള്ളില്‍ ബോട്ടുകളില്‍ എത്തിയത് 25000 അനധികൃത കുടിയേറ്റക്കാര്‍; കണക്കില്‍ പെടാതെ ലക്ഷങ്ങള്‍ വേറെയും; ബ്രിട്ടന്‍ തീവ്രവാദത്തിന്റെ നഴ്സറിയെന്ന് ആരോപിച്ച് അറബികളും
ലേബര്‍ സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം എട്ടു മാസത്തിനുള്ളില്‍ ബോട്ടുകളില്‍ എത്തിയത് 25000 അനധികൃത കുടിയേറ്റക്കാര്‍
ലണ്ടന്‍: യൂറോപ്പിലാകെ കുടിയേറ്റം അതീവ പ്രാധാന്യത്തോടെ ചര്‍ച്ചചെയ്യപ്പെടുന്നതിനിടയിലാണ് ലേബര്‍ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയതിന് ശേഷം 25,000 അനധികൃത കുടിയേറ്റക്കാര്‍ ചെറുയാനങ്ങളില്‍, ഇംഗ്ലീഷ് ചാനല്‍ കടന്നെത്തിയതായ റിപ്പോര്‍ട്ട് പുറത്തു വരുന്നത്. ഹോം ഓഫീസിന്റെ കണക്കുകളനുസരിച്ച് ഇക്കഴിഞ്ഞ ശനിയാഴ്ച്ച എത്തിയത് 240 അനധികൃത കുടിയേറ്റക്കാരാണ്. ഇതോടെ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന്റെ കാലത്ത് അനധികൃതമായി, ചാനല്‍ വഴി എത്തുന്നവരുടെ എണ്ണം 25,135 ആയി.
ഈ വര്‍ഷം ആദ്യമെത്തിയ 1,893 പേര്‍ ഉള്‍പ്പടെയാണിത്. ഇതേ കാലയളവില്‍ കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നതിനേക്കാള്‍ 22 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം ഇതുവരെ ഉണ്ടായ കുടിയേറ്റം ഇതേ കാലയളവില്‍ 2022 ല്‍ ഉണ്ടായിരുന്നതിന്റെ 40 ശതമാനം അധികമാണ്. 2022 ല്‍ ആണ്, 45,000 ല്‍ അധികം അനധികൃത കുടിയേറ്റക്കാരെത്തി റെക്കോര്‍ഡിട്ടത്. മാത്രമല്ല, ശനിയാഴ്ച 240 പേര്‍ എത്തിയതോടെ ഈ വര്‍ഷം ഏറ്റവും അധികം അനധികൃത കുടിയേറ്റക്കാര്‍ എത്തുന്ന രണ്ടാമത്തെ ദിവസമായി ശനിയാഴ്ച മാറിയിരിക്കുകയാണ്.
ചാനലിലൂടെ അപകടകരമായ വിധത്തില്‍ യാത്ര ചെയ്ത് ബ്രിട്ടനിലേക്ക് പോകേണ്ടതുണ്ടോ എന്ന് സംശയം അനധികൃത കുടിയേറ്റക്കാരുടെ മനസ്സിലുറപ്പിക്കാന്‍ സഹായകമായിരുന്നു മുന്‍ സര്‍ക്കാരിന്റെ റുവാണ്ടന്‍ പദ്ധതി. എന്നാല്‍ അത് പൂര്‍ണ്ണമായും റദ്ദാക്കുകയായിരുന്നു ലേബര്‍ സര്‍ക്കാര്‍ ചെയ്തത്. അതിനു പകരമായി മനുഷ്യക്കടത്ത് സംഘങ്ങള്‍ക്കെതിരെ നിയമനടപടികള്‍ ശക്തിപ്പെടുത്താനാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ തീരുമാനിച്ചത്. ഏതായാലും, ചാനല്‍ കടന്നു വരുന്ന അഭയാര്‍ത്ഥികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ദ്ധിച്ചു തന്നെയാണ് വരുന്നത്.
ബ്രിട്ടന്‍ തീവ്രവാദത്തിന്റെ വിളനിലമോ ?
അതിനിടയില്‍, സര്‍ കീര്‍ സ്റ്റാര്‍മര്‍ സര്‍ക്കാര്‍ കര്‍ക്കശ നിലപാടുകള്‍ എടുത്തില്ലെങ്കില്‍, റാഡിക്കല്‍ ഇസ്ലാമിസ്റ്റുകളുടെ വിളനിലമായി ബ്രിട്ടന്‍ മാറുമെന്ന് ഒരു കൗണ്ടര്‍ - എക്സ്ട്രീമിസം അനലിസ്റ്റ് മുന്നറിയിപ്പ് നല്‍കുന്നു. സൗദി അറേബ്യ, യുണൈറ്റഡ് എമിരേറ്റ്‌സ് പോലുള്ള രാജ്യങ്ങളില്‍ ഇസ്ലാമിക തീവ്രവാദം കുറഞ്ഞു വരുമ്പോള്‍, ബ്രിട്ടന്‍ അതിന് തഴച്ചു വളരുന്നതിനുള്ള ഭൂമികയായി മാറുകയാണെന്ന് മദ്ധ്യപൂര്‍വ്വ ഏഷ്യയില്‍ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്ന അംജദ് താഹ മുന്നറിയിപ്പ് നല്‍കുന്നു.
ഇപ്പോള്‍, മദ്ധ്യപൂര്‍വ്വ ദേശങ്ങളില്‍ ഉള്ളതിനേക്കാളേറെ തീവ്രവാദികള്‍ ബ്രിട്ടനിലുണ്ടെന്നും അവര്‍ അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തിന്റെ മറവില്‍ ഒളിക്കുകയാണെന്നും താഹ അഭിപ്രായപ്പെടുന്നു. വോട്ടിംഗില്‍ വിഭാഗീയത വര്‍ദ്ധിക്കുന്നു എന്ന് മാത്രമല്ല, ഗാസ അനുകൂല മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക വരെ ചെയ്യുന്നു. ഇത് ബ്രിട്ടന്‍ തീവ്രവാദികളുടെ ആഗോള കേന്ദ്രമായി മാറാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുകയുമാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നു.
സ്‌കൂളുകളിലും കമ്മ്യൂണിറ്റികളിലും നടക്കുന്ന അപകടകരമായ പഠനങ്ങളെ കുറിച്ചും എക്സിലും ഇന്‍സ്റ്റാഗ്രാമിലും 16 ലക്ഷത്തോളം ഫോളോവേഴ്സ് ഉള്ള അദ്ദേഹം ആശങ്കപ്പെടുന്നുണ്ട്. ഇസ്ലാമാഫോബിയയുമായി ബന്ധപ്പെട്ട് ഒരു പുതിയ കൗണ്‍സില്‍ കൊണ്ടുവരാനാണ് ഉപപ്രധാനമന്ത്രി എയ്ഞ്ചല്‍ റയ്‌നാര്‍ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിക്കുന്നു. ഒരുപക്ഷെ അത് ഈ പദത്തിന് പുതിയ ഒരു നിര്‍വ്വചനം നല്‍കിയേക്കാം. ചില വിമര്‍ശകര്‍ ആരോപിക്കുന്നത് പോലെ ഒരു ദൈവനിന്ദ കുറ്റ നിയമവും വന്നേക്കാം എന്നും അദ്ദേഹം പറയുന്നു.
അതേസമയം, തീവ്രവാദ ആശയങ്ങള്‍, പ്രത്യേകിച്ചും ഇസ്ലാകിക തീവ്രവാദ ആശയങ്ങള്‍ കണ്ടെത്തുന്നതിനായി ഉദ്യോഗസ്ഥര്‍ക്ക് പ്രത്യേക പരിശീലനം നല്‍കിയിട്ടുണ്ടെന്ന് ഹോം ഓഫീസ് അവകാശപ്പെടുന്നു. ഇസ്ലാമോഫോബിയ എന്ന പദവുമായി ബന്ധപ്പെട്ട് രൂപീകരിച്ച പുതിയ സമിതി മുന്‍ കണ്‍സര്‍വേറ്റീവ് എം പിയും മുന്‍ അറ്റോര്‍ണി ജനറലുമായ ഡൊമിനിക് ഗ്രീവിന്റെ നേതൃത്വത്തിലായിരിക്കും പ്രവര്‍ത്തിക്കുക. ഇസ്ലാമാഫോബിയയ്ക്ക് പുതിയൊരു നിര്‍വ്വചനം ഈ സമിതി നിര്‍ദ്ദേശിച്ചേക്കും എന്നാണ് കരുതുന്നത്. മാത്രമല്ല, ചില പ്രത്യേക രീതികളിലുള്ള മതവിമര്‍ശനം കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്താനും സാധ്യതയുണ്ട്. ഈ ആശങ്കയാണ് അഭിപ്രായ സ്വാതന്ത്ര്യത്തിന് വിലങ്ങിടുന്നു എന്ന പ്രചരണത്തില്‍ കലാശിച്ചിരിക്കുന്നത്.
ഇസ്ലാമിക മതമൗലിക വാദികളെ ആശ്വസിപ്പിക്കാന്‍, ലേബര്‍ പാര്‍ട്ടി അഭിപ്രായ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിടുന്നു എന്നാണ് ചരിത്രകാരനും, വിദ്യാഭ്യാസ വിചക്ഷണനും ഓക്സ്‌ഫോര്‍ഡ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ബ്രിട്ടീഷ് ഇസ്ലാമിന്റെ സ്ഥപകനുമായ ഡോക്ടര്‍ റ്റാജ് ഹാര്‍ഗേ ആരോപിക്കുന്നത്. അത് പ്രതിഫലിപ്പിക്കുന്ന രീതിയിലുള്ളതാണ് ഇപ്പോള്‍ താഹ ഉയര്‍ത്തിയിരിക്കുന്ന ആശങ്കയും. ജി ബി ന്യൂസുമായി സംസാരിക്കവെയാണ് എഴുത്തുകാരനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ താഹ തന്റെ ആശങ്കകള്‍ പങ്കുവച്ചത്.