ആയിരക്കണക്കിന് മൈലുകൾക്കപ്പുറം നടന്ന കാര്യത്തിന് എന്തിന് ജീവിതം തടസ്സപ്പെടുത്തുന്നു; ഇന്ത്യയെ ലോകം പരിഹസിക്കരുത്; ഖമനേയിയുടെ മരണത്തിലെ പ്രതിഷേധങ്ങളെ വിമർശിച്ച് ഇന്ത്യൻ വംശജയായ യുഎസ് സൈനിക; ഇറാനിൽ കൊല്ലപ്പെട്ട 165 കുഞ്ഞുങ്ങളുടെ കാര്യമോ എന്ന് മറുചോദ്യം; സോഷ്യമീഡിയയിൽ പുകഞ്ഞ് വാക്പോര്

Update: 2026-03-07 04:48 GMT

വാഷിങ്ടൺ: ഇറാന്റെ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിനെത്തുടർന്ന് പശ്ചിമേഷ്യയിൽ യുദ്ധസമാനമായ അന്തരീക്ഷം നിലനിൽക്കെ, ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങളെ വിമർശിച്ച് യുഎസ് സൈനികയായ ഇന്ത്യൻ വംശജ ശിൽപ ചൗധരി. യുഎസ്-ഇസ്രയേൽ സംയുക്ത ആക്രമണത്തിന് പിന്നാലെ ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ, പ്രത്യേകിച്ച് ഷിയാ മുസ്ലിം വിഭാഗങ്ങൾക്കിടയിൽ പ്രതിഷേധം ശക്തമായിരുന്നു. ഇതിനെതിരെ ശിൽപ പങ്കുവച്ച വിഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

സമാധാന ചർച്ചകൾ പുരോഗമിക്കവെ അപ്രതീക്ഷിതമായി നടന്ന ആക്രമണത്തിൽ ഖമനേയി കൊല്ലപ്പെട്ടത് ലോകമെങ്ങും പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന്റെ അലയൊലികൾ ഇന്ത്യയിലുമുണ്ടായി. എന്നാൽ, ആയിരക്കണക്കിന് മൈലുകൾക്കപ്പുറം നടന്ന ഒരു സംഭവത്തിന്റെ പേരിൽ ഇന്ത്യയിലെ സാധാരണ ജീവിതം തടസ്സപ്പെടുത്തുന്ന തരത്തിലുള്ള പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിന്റെ യുക്തിയെയാണ് ശിൽപ ചൗധരി ചോദ്യം ചെയ്യുന്നത്. ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ ആഗോള പ്രതിച്ഛായയെ ദോഷകരമായി ബാധിക്കുമെന്നും അവർ മുന്നറിയിപ്പ് നൽകുന്നു.

മുപ്പത്തിയെട്ടാം വയസ്സിൽ യുഎസ് സൈന്യത്തിൽ ചേർന്നതിലൂടെ ശ്രദ്ധേയയായ ശിൽപ ചൗധരി, നിലവിൽ യുഎസ് ആർമിയിൽ കെമിക്കൽ, ബയോളജിിക്കൽ, റേഡിയോളജിിക്കൽ, ന്യൂക്ലിയർ (സിബിആർഎൻ) സ്പെഷ്യലിസ്റ്റായി സേവനമനുഷ്ഠിക്കുകയാണ്. മൂന്ന് കുട്ടികളുടെ അമ്മ കൂടിയായ അവർ യുഎസ് സൈനിക വേഷത്തിൽ പങ്കുവച്ച വിഡിയോ ഇതിനോടകം ആറര ലക്ഷത്തിലധികം ആളുകൾ കണ്ടുകഴിഞ്ഞു. ഇന്ത്യയിൽ പലരും അനുഭവിക്കുന്ന വൈകാരികമായ മുറിവുകളെ താൻ അംഗീകരിക്കുന്നുവെന്നും എന്നാൽ പ്രതിഷേധങ്ങൾ സാധാരണക്കാരന്റെ ജീവിതത്തെ ബാധിക്കരുതെന്നും ശിൽപ പറയുന്നു.

"ഇന്ത്യയിൽ ഉയരുന്ന ഇത്തരം ആഭ്യന്തര പ്രതിഷേധങ്ങൾ ലോകത്തിനു മുന്നിൽ രാജ്യം പരിഹസിക്കപ്പെടാൻ കാരണമാകും. ഇന്ത്യയെ ലോകം വലിയ ആദരവോടെയാണ് കാണുന്നത്, ആ ബഹുമാനം തകർക്കാൻ ആരും അനുവദിക്കരുത്. നിങ്ങൾ ജീവിക്കുന്ന രാജ്യത്തെ സ്നേഹിക്കാൻ പഠിക്കണം," ശിൽപ വിഡിയോയിൽ ഉപദേശിക്കുന്നു. താൻ മുസ്ലീം വിരുദ്ധയല്ലെന്നും ഹിന്ദുവായാലും മുസ്ലീമായാലും ഏതൊരു വിശ്വാസത്തിലെയും തീവ്രവാദത്തെ താൻ എതിർക്കുന്നുവെന്നും അവർ വ്യക്തമാക്കി. ഇറാന്റെ കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം നടത്തുന്നതിലെ അസ്വാഭാവികതയും ശിൽപ ചൂണ്ടിക്കാട്ടി.

ശിൽപയുടെ വിഡിയോ പുറത്തുവന്നതോടെ വലിയ രീതിയിലുള്ള സൈബർ പോരാട്ടത്തിനാണ് ഇൻസ്റ്റാഗ്രാമും എക്സും വേദിയായത്. അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. "യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ യുഎസിൽ നടക്കുന്ന പ്രതിഷേധങ്ങൾ ആദ്യം അവസാനിപ്പിക്കാൻ പറയാമോ?" എന്നായിരുന്നു ചിലരുടെ ചോദ്യം. യുഎസ് ആക്രമണങ്ങളിൽ ഇറാനിൽ കൊല്ലപ്പെട്ട 165 കുരുന്നുകളെ കുറിച്ച് എന്താണ് പറയാനുള്ളതെന്നും, ഇന്ത്യയിൽ ഇപ്പോഴും അഭിപ്രായ സ്വാതന്ത്ര്യം നിലനിൽക്കുന്നുണ്ടെന്നും ചിലർ കമന്റ് ചെയ്തു. അതേസമയം, ശിൽപയുടെ നിലപാടിനെ അഭിനന്ദിച്ച് ഒരു വിഭാഗം രംഗത്തെത്തി. വിദേശ രാജ്യത്തെ ആഭ്യന്തര വിഷയങ്ങളിൽ ഇന്ത്യയിൽ സംഘർഷം സൃഷ്ടിക്കുന്നത് ശരിയല്ലെന്ന് ഇവർ വാദിക്കുന്നു.  

Tags:    

Similar News