കേരളത്തിലേക്കും ബുള്ളറ്റ് ട്രെയിന്‍; തമിഴ്നാടിന്റെ മാസ്റ്റര്‍ പ്ലാന്‍ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിന് വന്‍ കുതിച്ചുചാട്ടം; കേരളം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ 'ബുള്ളറ്റ് കണക്റ്റിവിറ്റി'; സ്റ്റാലിന്റെ നീക്കത്തിന് കേന്ദ്രത്തിന്റെ പച്ചക്കൊടി പ്രതീക്ഷിക്കുന്നു; തമിഴ്നാട് നീക്കം കേരളത്തിന് ഗുണകരമാകുന്നത് എങ്ങനെ?
ചെന്നൈ: ദക്ഷിണേന്ത്യയിലെ റെയില്‍വേ ഗതാഗതത്തില്‍ വിപ്ലവകരമായ മാറ്റത്തിന് വഴിയൊരുക്കി തമിഴ്നാട് സര്‍ക്കാര്‍. ചെന്നൈയില്‍ നിന്ന് തിരുവനന്തപുരത്തേക്കും എറണാകുളത്തേക്കും രണ്ട് അതിവേഗ ബുള്ളറ്റ് ട്രെയിന്‍ പാതകള്‍ക്കായി സാധ്യതാപഠനം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് റെയില്‍വേ ബോര്‍ഡിന് കത്തയച്ചു. അയല്‍ സംസ്ഥാനത്തിന്റെ ഈ ദീര്‍ഘവീക്ഷണം കേരളത്തിന്റെ ഗതാഗത സ്വപ്നങ്ങള്‍ക്ക് പുതിയ ചിറകുകള്‍ നല്‍കുന്നതാണ്.
തമിഴ്നാട് നീക്കം കേരളത്തിന് ഗുണകരമാകുന്നത് എങ്ങനെ?
തമിഴ്നാട് മുന്നോട്ടുവെച്ച രണ്ട് പദ്ധതികളും കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കാനാണ് സാധ്യതയേറെയും. ഇവ യാഥാര്‍ത്ഥ്യമായാല്‍ കേരളത്തിലെ പ്രധാന നഗരങ്ങളായ തിരുവനന്തപുരവും കൊച്ചിയും അതിവേഗ റെയില്‍ ഭൂപടത്തില്‍ ഇടംപിടിക്കും.
തിരുവനന്തപുരം - ചെന്നൈ പാത: തിരുച്ചിറപ്പള്ളി, നാഗര്‍കോവില്‍ വഴി തിരുവനന്തപുരത്തേക്ക് എത്തുന്ന പാത.
എറണാകുളം - ചെന്നൈ പാത: സേലം, കോയമ്പത്തൂര്‍ വഴി കൊച്ചിയിലേക്ക് എത്തുന്ന പാത.
കേരളം ഉണര്‍ന്നു പ്രവര്‍ത്തിച്ചാല്‍ 'ബുള്ളറ്റ് കണക്റ്റിവിറ്റി'
തമിഴ്നാടിന്റെ ഈ പദ്ധതികള്‍ക്കൊപ്പം കേരളം കൂടി കൈകോര്‍ത്താല്‍ സംസ്ഥാനത്തുടനീളം ബുള്ളറ്റ് ട്രെയിന്‍ യാഥാര്‍ത്ഥ്യമാക്കാം.
തിരുവനന്തപുരം - എറണാകുളം ലിങ്ക്: കളിയിക്കാവിള മുതല്‍ പാലക്കാട് വരെ നീളുന്ന തമിഴ്നാടിന്റെ രണ്ട് പാതകളെ തമ്മില്‍ ബന്ധിപ്പിച്ച് തിരുവനന്തപുരം-എറണാകുളം പാത കേരളം നിര്‍മ്മിച്ചാല്‍ തെക്കന്‍ കേരളം മുതല്‍ പാലക്കാട് വരെ അതിവേഗ കണക്റ്റിവിറ്റി ലഭിക്കും.
കൊച്ചി - മംഗലാപുരം പാത: കൊച്ചിയില്‍ നിന്ന് മംഗലാപുരം വരെ കേരളം സ്വന്തം നിലയ്ക്ക് പാത പണിതാല്‍ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ കേരളം മുഴുവന്‍ ബുള്ളറ്റ് ട്രെയിന്‍ ശൃംഖലയുടെ ഭാഗമാകും.
അഹമ്മദാബാദ്-മുംബൈ പാതയ്ക്ക് പിന്നാലെ പ്രധാന നഗരങ്ങളെ ബന്ധിപ്പിക്കാന്‍ കേന്ദ്രം പദ്ധതിയിടുന്ന പശ്ചാത്തലത്തില്‍ തമിഴ്നാടിന്റെ ആവശ്യം തള്ളിക്കളയാനാവില്ല. ചെന്നൈയില്‍ നിന്ന് ഹൈദരാബാദിലേക്കും മൈസൂരിലേക്കും നേരത്തെ തന്നെ പാതകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ കേരളത്തിലേക്കുള്ള തമിഴ്നാടിന്റെ നിര്‍ദ്ദേശവും കൂടി വരുമ്പോള്‍ ദക്ഷിണേന്ത്യയിലെ പ്രധാന ഐടി-വാണിജ്യ നഗരങ്ങളെല്ലാം അതിവേഗത്തില്‍ ബന്ധിക്കപ്പെടും.
