മഞ്ചേശ്വരത്ത് എസ്ഡിപിഐ പിന്മാറിയത് ആര്‍ക്ക് വേണ്ടി? അവിശുദ്ധ കൂട്ടുകെട്ടോ അതോ ഫാസിസ്റ്റ് വിരുദ്ധ പോരാട്ടമോ? വിളിച്ചത് 'മുസ്ലിം കോര്‍ഡിനേഷന്‍' കമ്മിറ്റിയെന്ന് നേതൃത്വം? എല്‍ഡിഎഫിന് വോട്ട് ചെയ്യുമെന്ന് എസ്ഡിപിഐ പ്രാദേശിക നേതൃത്വം; നിലപാട് തള്ളാതെ കെ ആര്‍ ജയാനന്ദ; കാസര്‍കോട് മുതല്‍ മലപ്പുറം വരെ അണിയറയില്‍ നടക്കുന്നത് എന്ത്?
കാസര്‍കോട്/മലപ്പുറം: തെരഞ്ഞെടുപ്പ് ആവേശത്തിനൊപ്പം അണിയറയിലെ ഡീല്‍ ആരോപണങ്ങളും രാഷ്ട്രീയ സമവാക്യങ്ങളും വോട്ടുകച്ചവട ആരോപണങ്ങളും പ്രചാരണത്തെ ചൂടുപിടിപ്പിക്കുന്നു. വടക്കേയറ്റത്തെ മഞ്ചേശ്വരം മുതല്‍ മലപ്പുറത്തെ വേങ്ങര വരെ നീളുന്ന ഡീല്‍ രാഷ്ട്രീയത്തിന്റെ പുതിയ പതിപ്പുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കം മുറുകുമ്പോള്‍, മലപ്പുറത്ത് മുസ്ലീം ലീഗും സി.പി.എമ്മും ഉയര്‍ത്തിയ 'അവിശുദ്ധ കൂട്ടുകെട്ട്' ആരോപണം പുതിയ തലത്തിലേക്കെത്തിയിരിക്കുകയാണ്.
ബി.ജെ.പിക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മഞ്ചേശ്വരത്ത് എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. മതേതര വോട്ടുകള്‍ ഭിന്നിക്കാതിരിക്കാനാണ് തങ്ങള്‍ പിന്മാറിയതെന്ന് എസ്.ഡി.പി.ഐ സംസ്ഥാന പ്രസിഡന്റ് സി.പി.എ ലത്തീഫ് അവകാശപ്പെടുമ്പോഴും, ഈ 'പോസിറ്റീവ് രാഷ്ട്രീയം' ആരെ തുണയ്ക്കാനാണെന്ന ചോദ്യം ബാക്കിയാവുന്നു. ഫാസിസത്തോട് സന്ധിയില്ലാത്ത പോരാട്ടമാണ് പാര്‍ട്ടി നടത്തുന്നതെന്നാണ് എസ്.ഡി.പി.ഐ. സംസ്ഥാന പ്രസിഡന്റ് സി.പി.എ. ലത്തീഫ് പറയുന്നത്. പാര്‍ട്ടി സംസ്ഥാന കമ്മിറ്റിയാണ് മഞ്ചേശ്വരത്ത് മത്സരിക്കാന്‍ തീരുമാനിച്ചത്. പിന്നീട് മത-സാമൂഹിക സംഘടനകളും മുസ്ലിം കോഡിനേഷന്‍ കമ്മിറ്റിയുള്‍പ്പെടെയുള്ളവര്‍ തങ്ങളെ ബന്ധപ്പെട്ടു. അവിടുത്തെ പൊതുവികാരം മനസ്സിലാക്കണമെന്നും മതേതരവോട്ടുകള്‍ ഭിന്നിക്കാനിടയാക്കരുതെന്നും പറഞ്ഞു. അതിനാല്‍ ബി.ജെ.പി. ജയിക്കുന്ന സാഹചര്യമൊഴിവാക്കാന്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാന്‍ നേതൃത്വം തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, ഏതൊക്കെ സംഘടനകള്‍ ബന്ധപ്പെട്ടെന്നും മുസ്ലിം കോഡിനേഷന്റെ ആരാണ് വിളിച്ചതെന്നുമുള്ള ചോദ്യത്തിന് അത് പറയാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. യു.ഡി.എഫ്. നേതാക്കളും വിളിച്ചിരുന്നുവെന്നും സി.പി.എ. ലത്തീഫ് പറയുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.ആര്‍ ജയാനന്ദ ഇതിനെ തന്ത്രപരമായ നിലപാടോടെയാണ് നേരിടുന്നത്. പ്രാദേശിക നേതൃത്വം എല്‍.ഡി.എഫിനെ പിന്തുണയ്ക്കുമെന്ന് പറയുന്നുണ്ടെങ്കിലും, വോട്ട് സ്വീകരിക്കുന്ന കാര്യത്തില്‍ സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാക്കട്ടെ എന്നാണ് ജയാനന്ദയുടെ മറുപടി. കന്നഡ മാധ്യമങ്ങളിലെ വാര്‍ത്തകള്‍ മുന്‍നിര്‍ത്തി മുസ്ലിം ലീഗും ബി.ജെ.പിയും വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു.
അതേസമയം, കേരളത്തിലുടനീളം എല്‍.ഡി.എഫും എസ്.ഡി.പി.ഐയും തമ്മില്‍ രഹസ്യ ധാരണയുണ്ടെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. മഞ്ചേശ്വരത്തെ പിന്മാറ്റം ഈ കൂട്ടുകെട്ടിന്റെ തെളിവാണെന്നാണ് യു.ഡി.എഫ് പക്ഷം. എന്നാല്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെയും യു.ഡി.എഫ് നേതാക്കളുടെയും അഭ്യര്‍ത്ഥന മാനിച്ചാണ് പിന്മാറ്റമെന്ന് എസ്.ഡി.പി.ഐ വ്യക്തമാക്കുന്നത് കാര്യങ്ങളെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. തെക്കന്‍ മലബാറിലാകട്ടെ, ജമാഅത്തെ ഇസ്ലാമിയെയും എസ്.ഡി.പി.ഐയെയും ചൊല്ലി സി.പി.എമ്മും ലീഗും തമ്മില്‍ കൊമ്പുകോര്‍ക്കുകയാണ്. പി.കെ കുഞ്ഞാലിക്കുട്ടിയുടെ ഉറച്ച കോട്ടയായ വേങ്ങരയില്‍ കെ.എം ഷാജിക്ക് സീറ്റ് നല്‍കിയത് ജമാഅത്തെ ഇസ്ലാമിയെ പ്രീണിപ്പിക്കാനാണെന്ന എ.കെ ബാലന്റെ പ്രസ്താവനയാണ് വിവാദത്തിന് തിരികൊളുത്തിയത്.
ബാലന്റെ ആരോപണത്തിന് കടുത്ത ഭാഷയിലാണ് ഷാജി മറുപടി നല്‍കിയത്. ബാലനെ 'വക്കുപൊട്ടിയ കോടാലി' എന്ന് വിശേഷിപ്പിച്ച ഷാജി, വേങ്ങര അങ്ങാടിയില്‍ വന്ന് എസ്.ഡി.പി.ഐയെ തള്ളിപ്പറയാന്‍ ബാലനെ വെല്ലുവിളിക്കുകയും ചെയ്തു. കഴിഞ്ഞ തവണ എല്‍.ഡി.എഫ് സ്വതന്ത്രന്‍ ജയിച്ചത് എസ്.ഡി.പി.ഐ പിന്തുണയോടെയാണെന്ന ആരോപണം ആവര്‍ത്തിച്ചായിരുന്നു ഷാജിയുടെ തിരിച്ചടി. ലീഗിനെ നിയന്ത്രിക്കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന എളമരം കരീമിന്റെ ആരോപണത്തിന്, ആരുടെയും ആജ്ഞാനുവര്‍ത്തിയല്ല ലീഗെന്ന് ഡോ. എം.കെ മുനീറും മറുപടി നല്‍കി. വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഈ ആരോപണ പ്രത്യാരോപണങ്ങള്‍ മലപ്പുറത്തെ പോരാട്ടത്തിന് പുതിയ മാനങ്ങള്‍ നല്‍കിയിട്ടുണ്ട്.
വെല്‍ഫെയര്‍ പാര്‍ട്ടി യു.ഡി.എഫിനെ പിന്തുണയ്ക്കുമ്പോള്‍, പി.ഡി.പിയും എസ്.ഡി.പി.ഐയും പലയിടത്തും എല്‍.ഡി.എഫ് അനുകൂല നിലപാടിലാണ്. എന്നാല്‍ മഞ്ചേശ്വരം പോലുള്ള നിര്‍ണ്ണായക മണ്ഡലങ്ങളില്‍ ബി.ജെ.പിയെ തടയാന്‍ ആര്‍ക്ക് വോട്ട് ചെയ്യണമെന്ന കാര്യത്തില്‍ അണികള്‍ക്കിടയില്‍ ഇപ്പോഴും ആശയക്കുഴപ്പം നിലനില്‍ക്കുന്നു. ഓരോ വോട്ടും നിര്‍ണ്ണായകമാകുന്ന ഈ പോരാട്ടത്തില്‍, അണിയറയിലെ നീക്കുപോക്കുകള്‍ ഫലം വരുമ്പോള്‍ ആരെ തുണയ്ക്കുമെന്ന് കണ്ടറിയണം.
ജമാഅത്തെ ഇസ്ലാമി പൊതുവില്‍ യു.ഡി.എഫിനെയാണ് പിന്തുണയ്ക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി അത് പ്രഖ്യാപിക്കുകയും ചെയ്തു. പി.ഡി. പി.യും എസ്.ഡി.പി.ഐ.യും എല്‍. ഡി.എഫ്. അനുകൂല സമീപനത്തി ലാണ്. എസ്.ഡി.പി.ഐ. സംസ്ഥാനത്ത് 38 സീറ്റുകളില്‍ മത്സരിക്കുന്നുമുണ്ട്. മറ്റിടങ്ങളില്‍ ഇതുവരെ ആര്‍ക്കും പരസ്യമായി പിന്തുണ പ്രഖ്യാപിച്ചിട്ടില്ല. അതേസമയം, ബി.ജെ.പി.ക്ക് ജയസാധ്യതയുള്ള മഞ്ചേശ്വരത്ത് പി.ഡി.പി., യു.ഡി.എഫിനൊപ്പമാണ്. ഇവിടത്തെ സ്ഥാനാര്‍ഥിയെ പിന്‍വലിച്ച എസ്.ഡി.പി.ഐ.യും ആരെ പിന്തുണയ്ക്കുമെന്നാണ് ഉറ്റുനോക്കുന്നത്.
