നേപ്പാളിൽ രാഷ്ട്രീയ ഭൂകമ്പം; അധികാരമേറ്റ് 24 മണിക്കൂറിനുള്ളിൽ മുൻ പ്രധാനമന്ത്രി കെ.പി. ഒലിയെയും ആഭ്യന്തര മന്ത്രിയെയും പൂട്ടി 35-കാരൻ ബാലേന്ദ്ര ഷാ; 'ജെൻ സി' പ്രക്ഷോഭത്തിലെ കൂട്ടക്കൊലയ്ക്ക് പകരം വീട്ടി 'റാപ്പർ' പ്രധാനമന്ത്രി; ആരും നിയമത്തിന് മുകളിലല്ല, രാജ്യം പുതിയൊരു ദിശയിലേക്കെന്നും സർക്കാർ

Update: 2026-03-28 04:21 GMT

കാഠ്മണ്ഡു: നേപ്പാളിൽ മുൻ പ്രധാനമന്ത്രിയും സി.പി.എൻ-യു.എം.എൽ അധ്യക്ഷനുമായ കെ.പി. ശർമ ഒലി അറസ്റ്റിലായി. കഴിഞ്ഞ വർഷം രാജ്യത്തെ പിടിച്ചുലച്ച 'ജെൻ സി' പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമർത്തിയെന്ന അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഒലിക്കൊപ്പം മുൻ ആഭ്യന്തര മന്ത്രിയും നേപ്പാളി കോൺഗ്രസ് നേതാവുമായ രമേഷ് ലേഖകിനെയും പോലീസ് കസ്റ്റഡിയിലെടുത്തു.

35 വയസ്സുകാരനായ റാപ്പറും എഞ്ചിനീയറുമായ ബാലേന്ദ്ര ഷാ വമ്പൻ ജയം നേടി നേപ്പാളിന്റെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് 24 മണിക്കൂറിനുള്ളിലാണ് ഈ അറസ്റ്റ്. ബാലേന്ദ്ര ഷായുടെ സർക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് അന്വേഷണ കമ്മീഷൻ ശുപാർശകൾ അടിയന്തരമായി നടപ്പിലാക്കാൻ തീരുമാനിച്ചത്. ശനിയാഴ്ച പുലർച്ചെ ഭക്തപൂർ ജില്ലയിലെ ഗുണ്ഡുവിൽ നിന്നാണ് ഒലിയെ പിടികൂടിയത്. രമേഷ് ലേഖകിനെ കടുഞെയിലെ വസതിയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ശര്‍മ ഒലി, ലേഖക്, ഇന്‍സ്‌പെക്ടര്‍ ജനറല്‍ ചന്ദ്ര കുബേര്‍ ഖപുംഗ് എന്നിവര്‍ക്കെതിരെ നേപ്പാള്‍ ദേശീയ പീനല്‍ കോഡ് പ്രകാരം 181,182 ക്രിമിനല്‍ കുറ്റങ്ങളാണ് ചുമത്തിയത്. പത്ത് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാനിടയുള്ള കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രക്ഷോഭകാലത്തെ ആഭ്യന്തര സെക്രട്ടറി ഗോഖര്‍ണ മണി ദവാദി, സായുധ സേനാംഗം മേധാവി രാജു ആര്യാള്‍, മുന്‍ ദേശീയ അന്വേഷണ ഏജന്‍സി തലവന്‍ ഹുതുരാജ് ഥാപ്പ എന്നിവരടക്കമുള്ള നിരവധി ഉദ്യോഗസ്ഥർക്കെതിരെയും നിയമ നടപടി സ്വീകരിക്കാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കിയതായാണ് വിവരം.

കഴിഞ്ഞ വർഷം സെപ്റ്റംബർ 8, 9 തീയതികളിൽ നടന്ന യുവാക്കളുടെ വൻ പ്രക്ഷോഭത്തിന് നേരെ അന്നത്തെ സർക്കാർ സ്വീകരിച്ച നിലപാടാണ് ഇപ്പോൾ വിനയായത്. ഇരുപതോളം യുവാക്കളടക്കം 76 പേരാണ് അന്ന് കൊല്ലപ്പെട്ടത്. ഈ കൂട്ടക്കൊലയിൽ ഒലിക്കും ലേഖകിനും നേരിട്ട് പങ്കുണ്ടെന്നും ഇവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കണമെന്നുമാണ് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നത്. മൂന്ന് മുതൽ പത്ത് വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

അറസ്റ്റിന് പിന്നാലെ ആഭ്യന്തര മന്ത്രി സുദൻ ഗുരുങ് സോഷ്യൽ മീഡിയയിൽ കുറിച്ച വാക്കുകൾ പുതിയ സർക്കാരിന്റെ കർക്കശമായ നിലപാട് വ്യക്തമാക്കുന്നതാണ്. "ആരും നിയമത്തിന് മുകളിലല്ല. മുൻ പ്രധാനമന്ത്രി കെ.പി. ഒലിയെയും മുൻ ആഭ്യന്തര മന്ത്രി രമേഷ് ലേഖകിനെയും ഞങ്ങൾ കസ്റ്റഡിയിലെടുത്തു. ഇത് ആരോടുമുള്ള പ്രതികാരമല്ല, നീതിയുടെ തുടക്കം മാത്രമാണ്. രാജ്യം പുതിയൊരു ദിശയിലേക്ക് നീങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു," അദ്ദേഹം കുറിച്ചു.

നിലവിൽ ഭദ്രകാളിയിലെ കാഠ്മണ്ഡു ജില്ലാ പോലീസ് സർക്കിളിലാണ് ഇരുവരെയും പാർപ്പിച്ചിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത ഉടൻ കെ.പി. ഒലിയെ വൈദ്യപരിശോധനയ്ക്കായി ത്രിഭുവൻ സർവകലാശാല ടീച്ചിംഗ് ആശുപത്രിയിൽ എത്തിച്ചു. ശനിയാഴ്ച നേപ്പാളിൽ അവധിയായതിനാൽ ഞായറാഴ്ച മാത്രമേ ഇവരെ കോടതിയിൽ ഹാജരാക്കൂ.

അതേസമയം, അധ്യക്ഷന്റെ അറസ്റ്റിനെത്തുടർന്ന് സി.പി.എൻ-യു.എം.എൽ ലളിത്പൂരിലെ കേന്ദ്ര ഓഫീസിൽ അടിയന്തര സെക്രട്ടേറിയറ്റ് യോഗം വിളിച്ചുചേർത്തു. വരും ദിവസങ്ങളിൽ നേപ്പാൾ രാഷ്ട്രീയത്തിൽ വൻ പ്രതിഷേധങ്ങൾക്കും മാറ്റങ്ങൾക്കും ഈ അറസ്റ്റ് കാരണമായേക്കും.

രാജ്യസുരക്ഷയെ മുന്‍നിര്‍ത്തി സോഷ്യല്‍ മീഡിയ നിരോധിച്ച നടപടിയില്‍ പ്രതിഷേധിച്ച് പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭത്തിനൊടുവില്‍ കഴിഞ്ഞ വര്‍ഷം സെപ്‌തംബര്‍ ഒമ്പതിനാണ് പ്രധാനമന്ത്രിയായിരുന്ന കെ പി ശര്‍മ ഒലി രാജിവച്ചത്. 51പേർ പ്രതിഷേധ പ്രകടനങ്ങളില്‍ കൊല്ലപ്പെട്ടിരുന്നു. 1,300പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൂടാതെ, ആയിരക്കണക്കിന് തടവുകാര്‍ രക്ഷപ്പെടുന്നതിനും പ്രക്ഷോഭം കാരണമായി. കലാപത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് ആഭ്യന്തര മന്ത്രിയായിരുന്ന രമേശ് ലേഖക്കും രാജിവച്ചിരുന്നു. 

Tags:    

Similar News