സിപിഎമ്മിനുള്ളിലെ വിഭാഗീയതയും ഉള്‍പ്പാര്‍ട്ടി പോരും വീണ്ടും തെരുവിലേക്ക്; പത്തുവര്‍ഷമായി പാര്‍ട്ടി ഉപരികമ്മിറ്റികള്‍ക്ക് നല്‍കിയിട്ടും അവഗണിച്ച പരാതികള്‍; സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി മല്ലപ്പള്ളിയില്‍ 'പരാതി പുസ്തകം'; ഏപ്രില്‍ അഞ്ചിന് പ്രകാശനം, പാര്‍ട്ടി നേതൃത്വം പ്രതിരോധത്തില്‍; ആരോപണങ്ങളുടെ 'ബോംബ്' കഥകള്‍; സുബിനെ സിപിഎം പുറത്താക്കും
പത്തനംതിട്ട: പതിവ് യാത്രാവിവരണങ്ങള്‍ക്കും ജീവചരിത്രങ്ങള്‍ക്കും വിരുദ്ധമായി, പാര്‍ട്ടിക്കുള്ളിലെ പുഴുക്കുത്തുകള്‍ അക്കമിട്ടു നിരത്തുന്ന 'പരാതി പുസ്തക'വുമായി സി.പി.എം നേതാവ് രംഗത്ത്. പത്തുവര്‍ഷമായി പാര്‍ട്ടി ഉപരികമ്മിറ്റികള്‍ക്ക് നല്‍കിയിട്ടും അവഗണിച്ച പരാതികള്‍ പുസ്തകരൂപത്തിലാക്കി ജനമധ്യത്തില്‍ എത്തിക്കാനാണ് ജില്ലാ ആസൂത്രണ സമിതി അംഗവും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായ എസ്.വി. സുബിന്റെ തീരുമാനം. മല്ലപ്പള്ളി ഏരിയ കമ്മിറ്റി അംഗം കൂടിയായ സുബിന്റെ ഈ നീക്കം തിരഞ്ഞെടുപ്പ് വേളയില്‍ പാര്‍ട്ടിയെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.
ഏരിയ കമ്മിറ്റിയിലെ ചില പ്രമുഖ നേതാക്കളുടെ വഴിവിട്ട പോക്കുകളെയാണ് പുസ്തകം ലക്ഷ്യം വെക്കുന്നത്. പ്രധാനമായും താഴെ പറയുന്ന വിഷയങ്ങളാണ് ഉള്ളടക്കമെന്ന് സുബിന്‍ അവകാശപ്പെടുന്നു:
ധാര്‍മ്മിക ച്യുതി: സ്ത്രീപീഡനം, ലൈംഗിക അരാജകത്വം, മദ്യപാനം.
സാമ്പത്തിക തട്ടിപ്പ്: അനധികൃത സ്വത്ത് സമ്പാദനം, സഹകരണ പ്രസ്ഥാനങ്ങളെ തകര്‍ത്തത്, പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് സൊസൈറ്റിയിലെ സാമ്പത്തിക തിരിമറി.
രാഷ്ട്രീയ വഞ്ചന: എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിക്കല്‍, യു.ഡി.എഫ്-ബി.ജെ.പി അവിശുദ്ധ ബന്ധം.
മാഫിയ ബന്ധം: മണ്ണെടുപ്പ്, വികസന പദ്ധതികള്‍ മറയാക്കി പണസമ്പാദനം.
ഏപ്രില്‍ അഞ്ചിന് പുസ്തകം പ്രകാശനം ചെയ്യുമെന്നാണ് പ്രഖ്യാപനം. ആദ്യഘട്ടമായി പുസ്തകത്തിന്റെ കവര്‍പേജ് സംസ്ഥാന, ജില്ലാ നേതാക്കള്‍ക്ക് കൈമാറും. എന്നാല്‍, തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ പുസ്തക പ്രകാശനം വോട്ടെടുപ്പ് കഴിയുന്നത് വരെ നീട്ടിവെക്കാന്‍ പാര്‍ട്ടി നേതൃത്വം സുബിന് മേല്‍ കടുത്ത സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്. തന്നെ വ്യക്തിപരമായി നശിപ്പിക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെയുള്ള പോരാട്ടമാണിതെന്ന് സുബിന്‍ വ്യക്തമാക്കുന്നു.
നേരത്തെ, ഏരിയ കമ്മിറ്റിയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് സുബിനും ബിന്ദു ചാത്തനാട്ടും പാര്‍ട്ടിക്ക് കത്ത് നല്‍കിയിരുന്നു. നേതാക്കള്‍ക്കെതിരെയുള്ള ഈ പരസ്യമായ കലാപം പത്തനംതിട്ട ജില്ലയിലെ സി.പി.എമ്മില്‍ വലിയ പൊട്ടിത്തെറികള്‍ക്ക് വഴിവെക്കുമെന്നുറപ്പാണ്.
