'അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാന്‍ എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ക്രമീകരണങ്ങള്‍ നടത്തണം; പശ്ചിമേഷ്യന്‍ പ്രതിസന്ധി ഇന്ത്യക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാം; കോവിഡ് മഹാമാരിക്കാലത്തുണ്ടായ 'ടീം ഇന്ത്യ' സ്പിരിറ്റ് ഇപ്പോഴും ഉണ്ടാകണം'; ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്ന് മുഖ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി

Update: 2026-03-27 15:54 GMT

ന്യൂഡല്‍ഹി: പശ്ചിമേഷന്‍ സംഘര്‍ഷം ഇന്ത്യക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്നും പ്രതിസന്ധികളെ മറികടക്കാന്‍ ഒറ്റക്കെട്ടായി രാജ്യം മുന്നോട്ടു പോകണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് നിര്‍ദേശം. വിലക്കയറ്റവും ചരക്ക് നീക്കവും ഇന്ധന വിതരണവും ഉള്‍പ്പടെ സംസ്ഥാനങ്ങള്‍ വിവിധ ആശങ്കകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി യോഗത്തില്‍ പങ്കുവെച്ചു. ആഘാതത്തെ തരണം ചെയ്യാന്‍ സംസ്ഥാനങ്ങളുടെ തയ്യാറെടുപ്പുകളും പ്രതികരണ നടപടികളും, ഭാവി ആസൂത്രണവും പ്രധാനമന്ത്രി വിലയിരുത്തി. ടീം ഇന്ത്യ എന്ന സന്ദേശമാണ് മോദി ആവര്‍ത്തിച്ചത്. കേന്ദ്ര നടപടികള്‍ നടപ്പിലാക്കാനുള്ള നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി സംസ്ഥാനങ്ങള്‍ക്ക് നല്‍കി. 60 ദിവസത്തെ എണ്ണ സ്റ്റോക്ക് രാജ്യത്ത് ഉണ്ട്. എല്‍പിജി ഉല്‍പാദനം 40 ശതമാനം വര്‍ധിപ്പിച്ചു. 50 ലക്ഷത്തിലധികം സിലിണ്ടറുകള്‍ ദിവസേന വിതരണം ചെയ്യുന്നു. നിലവിലെ പ്രതിസന്ധി മറികടക്കാന്‍ നടപ്പാക്കുന്ന പദ്ധതികള്‍ സംസ്ഥാനങ്ങള്‍ കേന്ദ്രത്തിന് കൈമാറി.

ആഭ്യന്തര മന്ത്രി അമിത് ഷാ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്, വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി തുടങ്ങിയവരും ചര്‍ച്ചയില്‍ പങ്കെടുത്തു. വിഡിയോ കോണ്‍ഫറസിലൂടെയായിരുന്നു യോഗം. പശ്ചിമേഷ്യയിലെ പ്രതിസന്ധി ഇന്ത്യക്ക് ദീര്‍ഘകാല പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കിയേക്കാമെന്ന് നരേന്ദ്രമോദി മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടു പിന്നാലെയാണ് കൂടിക്കാഴ്ച എന്നതും പ്രസക്തമാണ്. ആറുവര്‍ഷം മുന്‍പുണ്ടായ കൊവിഡ് മഹാമാരിയെ ഓര്‍മ്മിപ്പിച്ച പ്രധാനമന്ത്രി കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയെയും കുറിച്ച് ചൂണ്ടിക്കാട്ടി. അവശ്യസാധനങ്ങളുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിന് എല്ലാ സംസ്ഥാന സര്‍ക്കാരുകളോടും പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കൂടിക്കാഴ്ചയില്‍ 6 വര്‍ഷം മുന്‍പുണ്ടായ കോവിഡ് സാഹചര്യത്തെ നേരിട്ടതിനെക്കുറിച്ച് മോദി സംസ്ഥാന മുഖ്യമന്ത്രിമാരെ ഓര്‍മിപ്പിച്ചു. അന്ന് ഒരുമിച്ച് പ്രവര്‍ത്തിച്ചതുപോലെ ഇപ്പോഴും കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കണമെന്ന് മോദി പറഞ്ഞു. ''അവശ്യ സാധനങ്ങളുടെ വിതരണം ഉറപ്പാക്കാനായി എല്ലാ സംസ്ഥാന സര്‍ക്കാരുകളും പ്രത്യേക ക്രമീകരണങ്ങള്‍ നടത്തണം. കോവിഡ് മഹാമാരിക്കാലത്തുണ്ടായ 'ടീം ഇന്ത്യ' സ്പിരിറ്റ് ഇപ്പോഴും ഉണ്ടാകണം'' മോദി യോഗത്തില്‍ പറഞ്ഞു. കൊവിഡ് കാലത്തും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി പതിവായി വെര്‍ച്വല്‍ കൂടിക്കാഴ്ചകള്‍ നടത്തിയിരുന്നു. ലോക്ഡൗണിന് നാല് ദിവസം മുമ്പ് 2020 മാര്‍ച്ച് 20നാണ് ആദ്യ കൂടിക്കാഴ്ച നടന്നത്.

തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സംസ്ഥാനങ്ങളിലെ ചീഫ് സെക്രട്ടറിമാരെ പങ്കെടുപ്പിച്ച് മറ്റൊരു യോഗവും കേന്ദ്രം നടത്തും. പശ്ചിമേഷന്‍ സംഘര്‍ഷത്തിന്റെ ഇന്ത്യയിലെ ആഘാതങ്ങള്‍ കുറയ്ക്കാനായി കേന്ദ്രം രൂപീകരിച്ച അന്തര്‍ മന്ത്രാലയ സമിതിയില്‍ അമിത് ഷാ, നിര്‍മ്മലാ സീതാരാമന്‍ തുടങ്ങി പ്രധാനപ്പെട്ട മന്ത്രിമാര്‍ എല്ലാവരും ഉണ്ട്. പ്രശ്‌നങ്ങള്‍ പഠിച്ച് സമിതി ശിപാര്‍ശകള്‍ സമര്‍പ്പിക്കുകയും നിര്‍ദേശം പുറപ്പെടുവിക്കുകയും ചെയ്യും. അതേസമയം, പൊതുമേഖല എണ്ണ കമ്പനികള്‍ ഇന്ധനവില വര്‍ദ്ധിപ്പിക്കാതിരിക്കാന്‍ പ്രത്യേക അധിക എക്‌സൈസ് തീരുവ കേന്ദ്രം വെട്ടി കുറയ്ക്കുകയും ചെയ്തു.

Tags:    

Similar News