സംഗീതത്തില്‍ തുടങ്ങിയ യാത്രയില്‍ അഭിനയവും സാമൂഹ്യസേവനവും; വ്യവസായ കുടുംബത്തിന്റെ പ്രൗഢി നിലനിര്‍ത്തുമ്പോഴും തന്റേതായ വഴിയിലൂടെ കെട്ടിപ്പടുത്ത കരിയര്‍; ആര്‍സിബിയുടെ സഹഉടമയായതോടെ പോപ്പ് സിങ്ങറെന്ന വിലാസത്തെക്കാളും വലിയ നേട്ടവും കുതിപ്പും; ആരാണ് കാവ്യാമാരന് വെല്ലുവിളിയാകുന്ന ഐപിഎല്ലിലെ പുതിയ ഗ്ലാമര്‍ ഗേള്‍ അനന്യ ബിര്‍ള?

ആരാണ് ഐപിഎല്ലിലെ പുതിയ ഗ്ലാമര്‍ ഗേള്‍ അനന്യ ബിര്‍ള?

By :  Aswin P T
Update: 2026-03-27 10:09 GMT

ബംഗളൂരു: ഐ പി എല്ലിന്റെ ആദ്യ പതിപ്പുമുതല്‍ ടീമുകളെയും കളിക്കാരെയും പോലെ വാര്‍ത്തകളിലും ആരാധകര്‍ക്കിടയിലും ഇടം നേടുന്നവരായിരുന്നു ടീമുടമകള്‍. പ്രത്യേകിച്ചും വനിതാ ഉടമകള്‍. രാജസ്ഥാന്റെ ഉടമയായിരുന്ന ശില്‍പ്പ ഷെട്ടി മുതല്‍, പഞ്ചാബിന്റെ പ്രീതി സിന്റയും ഒടുവിലത്തെ താരമായ കാവ്യാമാരനും ഒക്കെ ഇത്തരത്തില്‍ ഐപിഎല്‍ ആഘോഷിച്ച വ്യക്തിത്വങ്ങളായിരുന്നു. അക്കൂട്ടത്തിലേക്കുള്ള പുതിയ എന്‍ട്രിയാണ് ബംഗളുരു റോയല്‍ ചലഞ്ചേഴ്സിന്റെ സഹഉടമയായ അനന്യ ബിര്‍ള. കഴിഞ്ഞ രണ്ട് സീസണുകളിലായി ആരാധകരുടെ പ്രിയം ഏറ്റുവാങ്ങിയ കാവ്യക്ക് വെല്ലുവിളിയാണ് അനന്യയുടെ എന്‍ട്രി.

ടീമിനെ ഏറ്റെടുത്ത് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഉടമയായ കാവ്യ മാരനുമായി താരതമ്യപ്പെടുത്തിയും പോസ്റ്റുകള്‍ നിറയുന്നുണ്ട്. സണ്‍റൈസേഴ്സിന്റെ മത്സരങ്ങളില സ്ഥിരംസാന്നിധ്യമായ കാവ്യ, അഴക് കൊണ്ടും ആറ്റിറ്റിയൂഡ് കൊണ്ടും പലപ്പോഴും ശ്രദ്ധ പിടിച്ചു പറ്റാറുമുണ്ട്.ആര്‍സിബിയുടെ മത്സരങ്ങളില്‍ ഇനി അനന്യയുടെ സ്ഥിരം സാന്നിധ്യമുണ്ടാകുമെന്നാണ് ആരാധകര്‍ കരുതുന്നത്. അടുത്ത സീസണ്‍ മുതലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ഔദ്യോഗികമായി ആര്‍സിബി ഏറ്റെടുക്കുന്നത്. അതിനാല്‍ ഈ സീസണില്‍, അനന്യയുടെ സാന്നിധ്യമുണ്ടാകാന്‍ സാധ്യതയില്ലയെന്നും റിപ്പോര്‍ട്ടുകളുണ്ട്.




പക്ഷെ ഒരു ക്രിക്കറ്റ് ടീമിന്റെ പേരില്‍ മാത്രം ശ്രദ്ധിക്കപ്പെടേണ്ട വ്യക്തിത്വം അല്ല അനന്യയുടെത്. ബിസിനസ് കുടുംബത്തില്‍ നിന്നും തന്റെതായ താല്‍പ്പര്യങ്ങള്‍ക്ക് പ്രധാന്യം നല്‍കി അതില്‍ വിജയം കണ്ട് ബിര്‍ളയുടെ യശസ്സ് അതേപടി നില്‍നിര്‍ത്തിയ വ്യക്തി കൂടിയാണ് അനന്യ. സംഗീത ലോകത്ത് നിന്ന് സാമൂഹ്യ സേവനങ്ങളിലേക്കും അവിടെ നിന്ന് ഇപ്പോള്‍ ക്രിക്കറ്റിന്റെ ലോകത്തേക്കും എത്തി നില്‍ക്കുന്നതാണ് അനന്യയുടെ യാത്ര.




ആരാണ് അനന്യ ബിര്‍ള?

ബിര്‍ള ഗ്രൂപ്പിന്റെ ഇപ്പോഴത്തെ മേധാവിയായ ശതകോടീശ്വരന്‍ കുമാര്‍ മംഗലം ബിര്‍ളയുടെയും നീരജ ബിര്‍ളയുടെയും മൂത്ത മകളാണ് അനന്യ ബിര്‍ള. ബിര്‍ള കുടുംബത്തിലെ ആറാം തലമുറയിലെ ഒരു പിന്തുടര്‍ച്ചക്കാരിയാണ് അവര്‍. 1994 മുംബൈയില്‍ ജനിച്ച അനന്യ ചെറുപ്പത്തില്‍ തന്നെ സംഗീതത്തില്‍ താല്‍പര്യം പ്രകടിപ്പിക്കുകയും പതിനൊന്നാം വയസ്സില്‍ സന്തൂര്‍ വായിക്കാന്‍ അഭ്യസിക്കുകയും ചെയ്തു. അമേരിക്കന്‍ സ്‌കൂള്‍ ഓഫ് ബോംബെയില്‍ നിന്ന് പ്രാഥമിക വിദ്യാഭ്യാസവും പിന്നീട് ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തിലും മാനേജ്മെന്റിലും ബിരുദവും കരസ്ഥമാക്കി.



തന്റെ കൗമാരപ്രായത്തില്‍ തന്നെ മാനേജ്മെന്റില്‍ വൈദഗ്ധ്യം തെളിയിച്ച അനന്യ 17 ാം വയസ്സില്‍ 'സ്വതന്ത്ര മൈക്രോഫിന്‍' സ്ഥാപിച്ചുകൊണ്ട് തന്റെ സംരംഭകത്വ യാത്രയ്ക്കു തുടക്കം കുറിച്ചു.പിന്നീട് തന്റെ കുടുംബ ബിസിനസ്സിലേക്കും അനന്യ ചുവട് വെച്ചു. ഗ്രാസിം ഇന്‍ഡസ്ട്രീസ്, ആദിത്യ ബിര്‍ള ഫാഷന്‍ ആന്‍ഡ് റീട്ടെയില്‍ തുടങ്ങിയ കമ്പനികളുടെ ബോര്‍ഡുകളില്‍ അനന്യ അംഗമാണ്. ഇതൊക്ക സജീവമായി തുടരുമ്പോഴും തന്റെ ഇഷ്ടങ്ങളെയും ചേര്‍ത്തുപിടിക്കാന്‍ അനന്യക്ക് കഴിഞ്ഞു. അറിയപ്പെടുന്ന ഒരു രാജ്യാന്തര പോപ്പ് ഗായിക കൂടിയാണ് അനന്യ. ഗാനങ്ങള്‍ക്ക് ദശലക്ഷക്കണക്കിന് സ്ട്രീമുകള്‍ ലഭിക്കുന്ന അനന്യയ്ക്ക് ആഗോളതലത്തിലും ഒട്ടേറെ ആരാധകരുണ്ട്.

തന്റെ ബിരുദകാലയളവില്‍ ബിര്‍ള പബ്ബുകളിലും ക്ലബ്ബുകളിലും പാടിയും ഗിറ്റാര്‍ വായിച്ചുമാണ് സംഗീത രംഗത്ത് സജീവമാകുന്നത്.ഒപ്പം സ്വന്തമായി ഗാനരചനയും ആരംഭിച്ചു. അവര്‍ സ്വന്തമായി സംഗീതം എഴുതാനും തുടങ്ങി. 'ലിവിന്‍ ദി ലൈഫ്' ആണ് സ്വന്തമായി പുറത്തിറക്കി അവരുടെ ആദ്യ സിംഗിള്‍. ഇ ഗാനം റീമിക്സ് ചെയ്ത് ഡച്ച് ഡിജെയായ അഫ്രോജാക്ക് പിഎം:എഎം റെക്കോര്‍ഡിംഗിലൂടെ ലോകമെമ്പാടും റിലീസ് ചെയ്തതിലൂടെ ഇത്തരമൊരു നേട്ടം കൊയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ കലാകാരിയായി അനന്യമാറി. ഇറങ്ങി ഒരു വര്‍ഷം തികയുംമുന്‍പ് തന്നെ യൂട്യൂബില്‍ 14 ദശലക്ഷത്തിലധികം കാഴ്ച്ചക്കാരെ നേടുകയും ചെയ്തു. അവരുടെ ഗാനങ്ങള്‍ 2019 ല്‍ സംഗീത ചാര്‍ട്ടുകളില്‍ ഒന്നാമതെത്തി.

2017 ജൂലൈയില്‍ അവര്‍ തന്റെ അടുത്ത സിംഗിള്‍, 'മീന്റ് ടു ബി' പുറത്തിറക്കി, തുടര്‍ന്ന് ഇന്ത്യന്‍ മ്യൂസിക് ഇന്‍ഡസ്ട്രി (ഐഎംഐ) അംഗീകൃത സര്‍ട്ടിഫിക്കേഷനുകള്‍ക്കായുള്ള മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്ലാറ്റിനം സര്‍ട്ടിഫിക്കറ്റ് ലഭിച്ചു.പ്ലാറ്റിനം പദവി ലഭിക്കുന്ന ഇംഗ്ലീഷ് സിംഗിള്‍ ചെയ്യുന്ന ആദ്യത്തെ ഇന്ത്യന്‍ കലാകാരിയായും അവര്‍ മാറി.2021 ലെ ഇന്ത്യയുടെ ഔദ്യോഗിക ഒളിമ്പിക്സ് ഗാനമായ 'ഹിന്ദുസ്ഥാനി വേ' എ ആര്‍ റഹ്‌മാന്റെ സംഗീതത്തില്‍ ആലപിച്ചതും അനന്യയാണ്.ഇതിനൊക്കെ പുറമെ 'എംപവര്‍' എന്ന സംഘടനയിലൂടെ മാനസികാരോഗ്യത്തിന്റെ പ്രധാനത്തെക്കുറിച്ചും അനന്യ അവബോധം നല്‍കുന്നു.




ഇതുകൂടാതെ ടെലിവിഷന്‍ അഭിനേത്രി കൂടിയാണ് അനന്യ. 2022ല്‍ രുദ്ര എന്നൊരു ടെലിവിഷന്‍ പരമ്പരയിലെ ഇനാം എന്ന ഗാനത്തിലൂടെയാണ് അനന്യ അഭിനയരംഗത്തേക്ക് കടക്കുന്നത്.ശേഷം 2023 ല്‍ ശ്ലോക്:ദ ദേശി ഷെര്‍ലോക് എന്ന സിരീസിലുടെ അനന്യ മുഴുനീള അഭിനേത്രിയായി.

സമുഹമാധ്യമത്തില്‍ ട്രെന്‍ഡിങ്ങായത് രണ്ട് ദിവസത്തിനുള്ളില്‍

2008ല്‍ 450 കോടി രൂപ മൂല്യമുണ്ടായിരുന്ന ടീമിനെയാണ് 19 വര്‍ഷങ്ങള്‍ക്കു ശേഷം 16,706 കോടി രൂപയ്ക്ക് ആദിത്യ ബിര്‍ള ഗ്രൂപ്പ് സ്വന്തമാക്കിയത്. എന്നാല്‍ ആ ഏറ്റെടുക്കലിനു പിന്നാലെ യഥാര്‍ത്ഥ ഉടമയെക്കാളും മൂല്യം വര്‍ധിച്ചത് സഹഉടമയ്്ക്കാണ്. ആര്യമാന്‍ വിക്രം ബിര്‍ളയാണ് ടീമിന്റെ പുതിയ ചെയര്‍മാന്‍.ആര്യമാന്‍ വിക്രം ബിര്‍ളയുടെ മൂത്ത സഹോദരി കൂടിയാണ് അനന്യ ബിര്‍ള.ബിര്‍ള ഗ്രൂപ്പ് ആര്‍സിബി ഏറ്റെടുത്തതിനു പിന്നാലെ ആര്യമാനൊപ്പം അനന്യയുടെ പേരും സമൂഹമാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയായി. ഒപ്പം അനന്യയുടെ ചിത്രങ്ങളുള്ള പോസ്റ്റുകളും റീലുകളും സൈബര്‍ ലോകത്ത് തരംഗമായി.




ഇന്‍സറ്റഗ്രാമില്‍ അനന്യയുടെ ഫോളോവേഴ്സിന്റെ എണ്ണം ഒറ്റയടിക്ക് 1.8 മില്യനിലെത്തി.ആര്‍സിബി ഏറ്റെടുക്കലിനു മുന്‍പ് വെറും 500സ അടുത്ത് മാത്രമുണ്ടായിരുന്ന ഫോളോവേഴ്സിന്റെ എണ്ണമാണ് കുതിച്ചുകയറിയത്.ടീമിന്റെ 'ഗ്ലാം ഗേള്‍' ആയി അനന്യയെ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞെന്നാണ് സമൂഹമാധ്യമത്തിലെ പ്രതികരണങ്ങളില്‍നിന്നു മനസ്സിലാക്കുന്നത്.ആര്‍സിബിയെ ആദിത്യ ബിര്‍ള ഗ്രൂപ്പ് ഏറ്റടുത്തതിനു പിന്നാലെയാണ് അനന്യയും സൈബര്‍ ലോകത്ത് ട്രെന്‍ഡിങ്ങായത്. മാനേജ്മെന്റുമായി നേരിട്ട് ബന്ധമില്ലെങ്കിലും ആര്‍സിബി ജഴ്സിയിലുള്ള അനന്യയുടെ ഒരു മുന്‍ വിഡിയോ വീണ്ടും വ്യാപകമായി പ്രചരിക്കുകയായിരുന്നു.

പിന്നാലെ ആര്‍സിബി ആരാധകരടക്കം കൂട്ടമായി അനന്യയെ ഫോളോ ചെയ്തതോടെ ഇന്‍സ്റ്റഗ്രാമില്‍ ഫോളോവേഴ്സിന്റെ എണ്ണം കുതിച്ചുകയറി.കുതിപ്പിന് പിന്നാലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് അനന്യയും രംഗത്തെത്തി. 'എല്ലാ സ്നേഹത്തിനും നന്ദി, ആര്‍സിബി ആരാധകരാണ് ഏറ്റവും മികച്ചത്. നമ്മുക്ക് തുടങ്ങാം.' അനന്യ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചു.ആര്‍സിബിയുടെ ഉടമസ്ഥാവകാശവുമായോ മാനേജ്‌മെന്റുമായോ നേരിട്ട് ബന്ധപ്പെട്ടിട്ടില്ലെങ്കിലും, ആര്‍സിബിയുടെ ഏറ്റെടക്കലില്‍ അനന്യ നിര്‍ണായക പങ്കുവഹിച്ചതായാണ് റിപ്പോര്‍ട്ട്.

ശുഭ്മാന്‍ ഗില്ലുമായി പരിചയം എങ്ങനെ!

ആര്‍സിബി ഏറ്റെടുക്കലിനു പുറമെ ഐപിഎല്‍ 2026ന്റെ പ്രചാരണ പരിപാടിക്കിടെ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനൊപ്പം ഒരു പരിപാടിയില്‍ പങ്കെടുത്തും അനന്യയെ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാവിഷയമാക്കി.പരിപാടിക്കിടെ ഗില്‍ ഒപ്പിട്ട ഒരു ജഴ്‌സി അനന്യയ്ക്കു സമ്മാനിച്ചു. ഇത് ആരാധകരുടെ ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിക്കുകയും സൈബര്‍ ലോകത്ത് വലിയ ഓളം സൃഷ്ടിക്കുകയും ചെയ്തു. ഇതിനെത്തുടര്‍ന്ന് മീമുകളുടെയും തമാശ കലര്‍ന്ന പോസ്റ്റുകളുടെയും ഒരു പ്രവാഹം തന്നെ ഉണ്ടായി.

ഇരുവരും തമ്മിലുള്ള സൗഹൃദത്തെ പെരുപ്പിച്ചു കാട്ടിക്കൊണ്ടായിരുന്നു പല മീമുകളും. എന്നാല്‍ ഏറ്റവും മികച്ച ചില മീമുകള്‍ തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ പങ്കുവച്ചു കൊണ്ടാണ് അനന്യ ഇതിനു മറുപടി നല്‍കിയത്. ഇത്തരം മീമുകള്‍ സൃഷ്ടിക്കുന്നതിലെ ബുദ്ധി വൈഭവം തന്നെ അത്ഭുതപ്പെടുത്തിയെന്നും താന്‍ ഗുജറാത്ത് ടൈറ്റന്‍സ് ഉടമയല്ലെന്നും പ്രിന്‍സിപ്പല്‍ പാര്‍ട്ണര്‍ മാത്രമാണെന്നും അനന്യ വിശദീകരിച്ചു.




26 സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രിന്‍സിപ്പല്‍ സ്പോണ്‍സറായാണ് ബിര്‍ള എസ്റ്റേറ്റ്‌സ് കരാറൊപ്പിട്ടത്. ഡ്രീം 11നു പകരമാണ് ബിര്‍ള എസ്റ്റേറ്റ്‌സ് ഈ സ്ഥാനത്തേക്ക് എത്തിയത്. ഇതുപ്രകാരം ടീമിന്റെ ജഴ്‌സിയുടെ മുന്‍ഭാഗത്ത് ബിര്‍ള എസ്റ്റേറ്റ്‌സിന്റെ ലോഗോ ഉണ്ടാകും. ആദിത്യ ബിര്‍ള ഗ്രൂപ്പ് ആര്‍സിബിയെ ഏറ്റെടുത്ത സമയത്താണ്, ബിര്‍ള ഗ്രൂപ്പിന്റെ തന്നെ റിയല്‍ എസ്റ്റേറ്റ് വിഭാഗമായ ബിര്‍ള എസ്റ്റേറ്റ്‌സ് മറ്റൊരു ടീമായ ഗുജറാത്ത് ടൈറ്റന്‍സിനെ സ്പോണ്‍സര്‍ ചെയ്യുന്നത്. 2027 സീസണ്‍ മുതലാണ് ആദിത്യ ബിര്‍ള ഗ്രൂപ്പ് ആര്‍സിബിയുടെ ഔദ്യോഗിക ഉടമസ്ഥരാകുന്നത്.

നിലവിലെ ചാംപ്യന്മാരായ ആര്‍സിബിയെ 16,706 കോടി രൂപയ്ക്കാണ് ആദിത്യ ബിര്‍ള, ടൈംസ് ഓഫ് ഇന്ത്യ എന്നിവര്‍ക്കൊപ്പം ബോള്‍ട്ട് വെഞ്ചേഴ്സ്, യുഎസ് കമ്പനിയായ ബ്ലാക് സ്റ്റോണ്‍ എന്നിവരുള്‍പ്പെട്ട കണ്‍സോര്‍ഷ്യം സ്വന്തമാക്കിയത്.

Tags:    

Similar News