പാണക്കാട് തങ്ങളെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം; സാദിഖലി തങ്ങള്‍ക്കെതിരായ പോസ്റ്റ് പങ്കുവെച്ചത് വിദേശത്ത് നിന്ന്? പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങള്‍ മുഹമ്മദ് റോഷന്റെതല്ലെന്ന നിഗമനത്തില്‍ പോലീസ്; പിന്നില്‍ കൂടുതല്‍ പേരുണ്ടോയെന്നും അന്വേഷിക്കും
പാണക്കാട് തങ്ങളെ സമൂഹമാധ്യമം വഴി അധിക്ഷേപിച്ച മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതം
മലപ്പുറം: മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളെ അപകീര്‍ത്തിപ്പെടുത്തും വിധം ഫേസ്ബുക്കില്‍ പോസ്റ്റിട്ട സംഭവത്തിലെ മുഖ്യപ്രതിക്കാതി തിരിച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. സംഭവത്തില്‍ കൂടുതല്‍ നിഗമനത്തിലേക്ക് പോലീസ് കടക്കുകയാണ്. അപകീര്‍ത്തിപ്പെടുത്തിയ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചത് വിദേശത്ത് നിന്നാണെന്നാണ് സംശയം. ഫേസ്ബുക്ക് അക്കൗണ്ട് തയ്യാറാക്കിയതില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുള്ളതായും സൂചനയുണ്ട്. പങ്കുവച്ച ചിത്രത്തിനൊപ്പം തയ്യാറാക്കിയ വാചകങ്ങള്‍ പ്രതി മുഹമ്മദ് റോഷന്റെതല്ലെന്ന നിഗമനത്തിലാണ് പൊലീസ്.
പോസ്റ്റിട്ടത് പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷന്‍ കാപ്പ കേസ് പ്രതിയെന്ന് കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ദൃശ്യങ്ങളും ഫോട്ടോകളും കാണിച്ച് ഇയാള്‍ 15 കോടി രൂപ ആവശ്യപ്പെട്ടെന്നാണ് പൊലീസ് എഫ്‌ഐആറില്‍ പറയുന്നത്. പെരിന്തല്‍മണ്ണയിലെ മാളിലേക്ക് സാദിഖലി തങ്ങളുടെ ബന്ധുവിനെ വിളിച്ചുവരുത്തി അവ്യക്തമായ ദൃശ്യങ്ങള്‍ കാണിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്. സംഭവത്തില്‍ പ്രതി മുഹമ്മദ് റോഷന്‍ ഒളിവിലാണ്.
തങ്ങളെ സമൂഹ മാധ്യമം വഴി അധിക്ഷേപിച്ചെന്ന കേസിലെ പ്രതി മുഹമ്മദ് റോഷനായി തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിരിക്കായാണ് അന്വേഷണ സംഘം. ഇയാള്‍ ജില്ല വിട്ടതായാണ് സൂചന. വ്യാജ ചിത്രങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി സാദിഖലി തങ്ങളുടെ ബന്ധുവില്‍ നിന്നും 15 കോടി തട്ടിയെടുക്കാന്‍ ശ്രമിച്ചതിന്റെ തെളിവുകള്‍ പലീസിന് കിട്ടിയിട്ടുണ്ട്. ഭീഷണിക്ക് വഴങ്ങാതായതോടെയാണ് ഇയാള്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി സാദിഖലി തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്തത്. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്താല്‍ മാത്രമേ മറ്റാര്‍ക്കെങ്കിലും സംഭവത്തില്‍ പങ്കുണ്ടോയെന്ന കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂവെന്നാണ് പൊലീസ് പറയുന്നത്.
ജനുവരി 31 ന് മു ഈനലി തങ്ങളെയും സുഹൃത്തിനെയും പ്രതി പെരിന്തല്‍മണ്ണയിലെ ഷോപ്പിങ് മാളിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. സാദിഖലി തങ്ങളുടെ ചില അവ്യക്തമായ ചിത്രങ്ങള്‍ കാട്ടി ഇത് മോശം രീതിയില്‍ പ്രചരിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തി. ഇല്ലെങ്കില്‍ 15 കോടി തരണമെന്നായിരുന്നു ആവശ്യം. ഈ കാര്യത്തെ കുറിച്ച് പരാതി നല്‍കിയാല്‍ വധിക്കുമെന്നും ഭീഷണി മുഴക്കി. പണം നല്‍കാന്‍ തയ്യാറാകാതെ വന്നതോടെ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ തന്നെ സാദിഖലി തങ്ങള്‍ക്ക് എതിരെ അധിക്ഷേപ പോസ്റ്റ് ഇടുകയായിരുന്നു എന്നാണ് പൊലീസ് കരുതുന്നത്. ഇക്കാര്യം പോലീസ് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പരാതിക്കാരന്‍ പണം നല്‍കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് കഴിഞ്ഞദിവസം 'shanu shanu' എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയില്‍ നിന്നും പാണക്കാട്ട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളെ അപകര്‍ത്തിപെടുത്തുന്ന തരത്തിലുള്ള ഒരു വ്യാജ പോസ്റ്റ് സോഷ്യല്‍ മീഡിയ ഫേസ്ബുക്കില്‍ പ്രതി പോസ്റ്റ് ചെയ്ത് പ്രചരിപ്പിച്ചത്. ഇതുവഴി സമൂഹത്തില്‍ മനപ്പൂര്‍വം കലാപം ഉണ്ടാക്കാന്‍ ശ്രമിക്കുകയും പരാതിക്കാരനും കുടുംബത്തിനും മാനഹാനി വരുത്തുകയും ചെയ്തു എന്നും പൊലീസ് എഫ്‌ഐആറില്‍ പറയുന്നുണ്ട്.
കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്താല്‍ മാത്രമെ ഇത് സംബന്ധിച്ച കൂടുതല്‍ വിശദാംശങ്ങള്‍ ലഭ്യമാകൂ എന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ കലാപ ശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.
