28 ദിവസത്തെ റീചാര്‍ജ് കൊള്ളയ്ക്ക് അന്ത്യം; 30 ദിവസത്തെ പ്ലാനുകള്‍ക്ക് മുന്‍ഗണന നല്‍കാന്‍ കേന്ദ്ര നിര്‍ദ്ദേശം; വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായത് രാഘവ് ഛദ്ദയുടെ ഇടപെടലോടെ; ടെലികോം മന്ത്രാലയം നടപടി എടുത്തത് പാര്‍ലമെന്റിലെ തന്റെ ഇടപെടലിനെ തുടര്‍ന്നെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി

28 ദിവസത്തെ റീചാര്‍ജ് കൊള്ളയ്ക്ക് അന്ത്യം

Update: 2026-03-27 02:58 GMT

ന്യൂഡല്‍ഹി: രാജ്യത്തെ കോടിക്കണക്കിന് മൊബൈല്‍ ഉപഭോക്താക്കളെ ബാധിച്ചിരുന്ന 28 ദിവസത്തെ റീചാര്‍ജ് സംവിധാനത്തില്‍ മാറ്റം വരുന്നു. 30 ദിവസത്തെ വാലിഡിറ്റിയുള്ള പ്ലാനുകള്‍ അവതരിപ്പിക്കാന്‍ ടെലികോം മന്ത്രാലയം കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഈ വിഷയം ദേശീയ തലത്തില്‍ ചര്‍ച്ചയായത് ആം ആദ്മി എംപി രാഘവ് ഛദ്ദ ഇടപെട്ടതോടെയാണ്. എന്നാല്‍, രാഘവ് ഛദ്ദ വിഷയം അവതരിപ്പിക്കുന്നതിന് മുമ്പ് കൊടിക്കുന്നില്‍ സുരേഷും പാര്‍ലമെന്റില്‍ ഈ വിഷയം അവതരിപ്പിച്ചിരുന്നു. ഇതോടെ കൊടുക്കുന്നില്‍ സുരേഷ് തന്റെ ഇടപെടല്‍ ഫലം കണ്ടെത്താണ് ഫേസ്ബുക്കില്‍ വക്തമാക്കിയത്.

28 ദിവസത്തെ പ്ലാനുകള്‍ കാരണം ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ 13 പ്രാവശ്യം റീചാര്‍ജ് ചെയ്യേണ്ടി വന്നിരുന്നു. 30 ദിവസത്തെ പ്ലാനുകള്‍ വരുന്നതോടെ വര്‍ഷത്തില്‍ 13 ന് പകരം 12 പ്രാവിശ്യം റീചാര്‍ജ് ചെയ്താല്‍ മതിയാകും. 28 ദിവസത്തെ ബില്ലിങ് സംവിധാനം വഴി നടന്നുകൊണ്ടിരുന്ന ഉപഭോക്തൃ ചൂഷണത്തിന് ഇതോടെ അവസാനമാകും. 2025 ഡിസംബര്‍ മാസം വിന്റര്‍ സെഷനിലും 2026 മാര്‍ച്ച് മാസം ബഡ്ജറ്റ് സെഷനിലും എംപി ലോക് സഭയില്‍ നടത്തിയ ഇടപെടലിന്റെ തെളിവുകള്‍ പങ്കുവെച്ചായിരുന്നു പോസ്റ്റ്. സാധാരണ ജനങ്ങളുടെ സാമ്പത്തിക താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ പാര്‍ലമെന്റില്‍ ഇടപെടല്‍ തുടരുമെന്നും, ഈ അന്യായ സംവിധാനം പൂര്‍ണമായും അവസാനിപ്പിക്കുന്നതുവരെ വിഷയം ശക്തമായി ഉന്നയിക്കുമെന്നും കൊടിക്കുന്നില്‍ പറഞ്ഞു.

28 ദിവസത്തെ റീചാര്‍ജ് കൊള്ള അവസാനിക്കുന്നു

നിലവില്‍ മിക്ക ടെലികോം കമ്പനികളും 28 ദിവസത്തെ സൈക്കിള്‍ പിന്തുടരുന്നതിനാല്‍ ഉപഭോക്താക്കള്‍ വര്‍ഷത്തില്‍ 13 തവണ റീചാര്‍ജ് ചെയ്യേണ്ടി വന്നിരുന്നു. ഇത് സാധാരണ ജനങ്ങള്‍ക്ക് വലിയ സാമ്പത്തിക ഭാരമാണ് വരുത്തിവെച്ചിരുന്നത്. ഒരേ സേവനങ്ങള്‍ക്ക് കുറഞ്ഞ കാലാവധി നിശ്ചയിച്ച് കൂടുതല്‍ തുക ഈടാക്കുന്ന രീതി ഉപഭോക്തൃ അവകാശ ലംഘനമാണെന്ന് കൊടിക്കുന്നില്‍ സുരേഷ് എംപി ചൂണ്ടിക്കാട്ടി. 30 ദിവസത്തെ പ്ലാനുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കാന്‍ കമ്പനികള്‍ക്ക് മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയത് സാധാരണക്കാര്‍ക്ക് വലിയ ഗുണകരമാകും.

ലോക്‌സഭയില്‍ താന്‍ ഉന്നയിച്ച ചോദ്യങ്ങളാണ് ഈ സുപ്രധാന തീരുമാനത്തിന് പിന്നിലെന്ന് എംപി വ്യക്തമാക്കി. 28 ദിവസത്തെ വാലിഡിറ്റി പരോക്ഷമായ അധിക ചാര്‍ജ്ജിംഗാണോ എന്നും ഇതുമൂലം ഉപഭോക്താക്കള്‍ക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടവും അദ്ദേഹം സര്‍ക്കാരിലെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. 2025 ഡിസംബറിലെ വിന്റര്‍ സെഷനിലും 2026 മാര്‍ച്ചിലെ ബഡ്ജറ്റ് സെഷനിലും വിഷയം സജീവമായി ഉന്നയിച്ചു. അന്യായമായ ബില്ലിംഗ് രീതികള്‍ നിയന്ത്രിക്കാന്‍ ടെലികോം വകുപ്പും ട്രായ്യും സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നും 30 ദിവസത്തെ യഥാര്‍ത്ഥ മാസ വാലിഡിറ്റി പ്ലാനുകള്‍ നിര്‍ബന്ധമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് നടത്തിയ ഇടപെടലുകള്‍ക്കൊടുവിലാണ് കമ്പനികള്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായത്.

ഉപഭോക്തൃ അവകാശ സംരക്ഷണത്തില്‍ മുന്നേറ്റം

ഈ മാറ്റം നിലവില്‍ വരുന്നതോടെ ഒരു വര്‍ഷത്തെ റീചാര്‍ജുകളുടെ എണ്ണം 13-ല്‍ നിന്ന് 12 ആയി ചുരുങ്ങും. ഇത് വാര്‍ഷിക ചെലവ് കുറയാനും പ്ലാനുകളില്‍ കൂടുതല്‍ സുതാര്യതയും സൗകര്യവും ഉറപ്പാക്കാനും സഹായിക്കും. എന്നാല്‍ ഇത് ഒരു തുടക്കം മാത്രമാണെന്നും 28 ദിവസത്തെ ബില്ലിംഗ് സംവിധാനത്തിലൂടെയുള്ള ഉപഭോക്തൃ ചൂഷണം പൂര്‍ണ്ണമായും അവസാനിപ്പിക്കുന്നത് വരെ തന്റെ പോരാട്ടം തുടരുമെന്നും കൊടിക്കുന്നില്‍ സുരേഷ് എംപി ഉറപ്പുനല്‍കി. എല്ലാ ഉപഭോക്താക്കള്‍ക്കും നീതിയുള്ള മാസ ബില്ലിംഗ് സംവിധാനം നിര്‍ബന്ധമാക്കാന്‍ പാര്‍ലമെന്റില്‍ തുടര്‍ന്നും സമ്മര്‍ദ്ദം ചെലുത്തുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം എഎപിയുടെ രാഘവ് ഛദ്ദ എംപിയാണ് ലോക് സഭയില്‍ ഇതിനായി ഇടപെടലുകള്‍ നടത്തിയതെന്നാണ് പോസ്റ്റിലെ കമന്റുകളിലെ അവകാശവാദം. വിഷയത്തില്‍ രാഘവ് ഛദ്ദ ലോക് സഭയില്‍ നടത്തുന്ന പ്രസംഗത്തിന്റെ വിഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.


Full View

Tags:    

Similar News