അമ്പലപ്പുഴയില്‍ ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിക്ക് തിരിച്ചടിയാകും; മന്ത്രി ഗണേഷ് കുമാര്‍ വിവാദം എല്‍ഡിഎഫിനെ ബാധിക്കും; പിണറായിയെ മറികടന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്‍ മുന്നില്‍; മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേ ഫലത്തിലെ മാറിമറിയുന്ന രാഷ്ട്രീയ ചിത്രം

മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേ ഫലത്തിലെ മാറിമറിയുന്ന രാഷ്ട്രീയ ചിത്രം

Update: 2026-03-16 17:32 GMT

തിരുവനന്തപുരം: അമ്പലപ്പുഴയില്‍ സിപിഎം ബന്ധം അവസാനിപ്പിച്ച് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തീരുമാനിച്ച ജി. സുധാകരന്റെ നീക്കം ഇടതുമുന്നണിക്ക് തിരിച്ചടിയാകുമെന്ന് മനോരമ ന്യൂസ് സി വോട്ടര്‍ സര്‍വേ ഫലം. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം ഇടതുമുന്നണിയെ ബാധിക്കുമോ എന്ന ചോദ്യത്തിന്, 61.2% പേരും തിരിച്ചടിയാകുമെന്നാണ് അഭിപ്രായപ്പെട്ടത്. 29.1% പേര്‍ ഇത് തിരിച്ചടിയാകില്ലെന്ന് പറഞ്ഞപ്പോള്‍, 9.7% പേര്‍ക്ക് ഇക്കാര്യത്തില്‍ അഭിപ്രായമില്ലായിരുന്നു.

ആറരപ്പതിറ്റാണ്ട് നീണ്ട സിപിഎം ബന്ധം അവസാനിപ്പിച്ചാണ് ജി. സുധാകരന്‍ അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. തനിക്ക് നേരിട്ട അവഗണനകളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുധാകരന് പിന്തുണ പ്രഖ്യാപിച്ച കോണ്‍ഗ്രസ്, അമ്പലപ്പുഴയില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തേണ്ടതില്ലെന്നും തീരുമാനിച്ചു. മത്സരിക്കാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി സുധാകരന്‍ മത, സാമൂഹ്യ നേതാക്കളെ നേരില്‍ക്കണ്ട് പിന്തുണ തേടുകയാണ്. വെള്ളാപ്പള്ളി നടേശനുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.

നിലവില്‍ സിറ്റിങ് എംഎല്‍എ എച്ച്. സലാം ആണ് അമ്പലപ്പുഴ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥി. സുധാകരന്റെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിത്വവും കോണ്‍ഗ്രസ് പിന്തുണയും അമ്പലപ്പുഴയിലെ തിരഞ്ഞെടുപ്പ് ചിത്രം സങ്കീര്‍ണ്ണമാക്കുകയും ഇടതുമുന്നണിക്ക് വെല്ലുവിളിയുയര്‍ത്തുകയും ചെയ്യുമെന്നാണ് സര്‍വേ ഫലം സൂചിപ്പിക്കുന്നത്.

മന്ത്രി ഗണേഷ് കുമാര്‍ വിവാദം: എല്‍ഡിഎഫിനെ ബാധിക്കുമെന്ന് 48.9% പേരും

മന്ത്രി കെ.ബി. ഗണേഷ് കുമാറുമായി ബന്ധപ്പെട്ട് ഭാര്യ ബിന്ദു മേനോന്‍ നടത്തിയ പരസ്യ വെളിപ്പെടുത്തലുകള്‍ സംസ്ഥാന രാഷ്ട്രീയത്തില്‍ വലിയ കോളിളക്കമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ വിവാദം ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ (എല്‍ഡിഎഫ്) രാഷ്ട്രീയ സാധ്യതകളെ ബാധിക്കുമോ എന്നതിനെക്കുറിച്ച് സര്‍വേയില്‍, 48.9 ശതമാനം പേരും 'ബാധിക്കും' എന്ന് അഭിപ്രായപ്പെട്ടു. സര്‍വേയില്‍ പങ്കെടുത്തവരില്‍ 42.7 ശതമാനം പേര്‍ ഈ വിഷയം മുന്നണിയുടെ തിരഞ്ഞെടുപ്പ് സാധ്യതകളെ കാര്യമായി ബാധിക്കില്ലെന്ന് വിലയിരുത്തിയപ്പോള്‍, 8.4 ശതമാനം പേര്‍ക്ക് ഇക്കാര്യത്തില്‍ വ്യക്തമായ അഭിപ്രായമില്ലെന്നും കണ്ടെത്തി.

മുഖ്യമന്ത്രി സ്ഥാനത്തേക്ക് സതീശന്‍ മുന്നില്‍

സര്‍വേ ഫലങ്ങള്‍ പ്രകാരം മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജനപിന്തുണയില്‍ പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ മുന്നില്‍. 27.1 ശതമാനം പേര്‍ സതീശനെ പിന്തുണച്ചപ്പോള്‍, നിലവിലെ മുഖ്യമന്ത്രി പിണറായി വിജയന്‍ 25.7 ശതമാനം പിന്തുണയോടെ തൊട്ടുപിന്നിലുണ്ട്. കഴിഞ്ഞയാഴ്ചയെ അപേക്ഷിച്ച് വി.ഡി.സതീശന്റെ പിന്തുണയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയപ്പോള്‍, പിണറായി വിജയന് പിന്തുണയേറിയതായും സര്‍വേ വ്യക്തമാക്കുന്നു. പ്രതിപക്ഷ നേതാവെന്ന നിലയില്‍ വി.ഡി.സതീശന്റെ പ്രകടനം 'നല്ലത്' എന്ന് അഭിപ്രായപ്പെട്ടവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനവുണ്ടായെങ്കിലും, 'മോശം' എന്ന് വിലയിരുത്തിയവരുടെ എണ്ണവും വര്‍ധിച്ചു.

മുഖ്യമന്ത്രി സ്ഥാനാര്‍ഥികളില്‍ വി.ഡി.സതീശന് കഴിഞ്ഞയാഴ്ച 29.2 ശതമാനം പേരുടെ പിന്തുണയുണ്ടായിരുന്നത് ഇത്തവണ 27.1 ശതമാനമായി കുറഞ്ഞു, 2.1 ശതമാനത്തിന്റെ കുറവാണ് ഇത്. എന്നാല്‍ ഫെബ്രുവരിയിലെ ശരാശരി പിന്തുണയായ 26.2 ശതമാനത്തെ അപേക്ഷിച്ച് സതീശന്റെ നില ഇപ്പോഴും മെച്ചമാണ്. പിണറായി വിജയന്റെ പിന്തുണ ഫെബ്രുവരിയിലെ 21.5 ശതമാനം ശരാശരിയില്‍ നിന്ന് വര്‍ധിച്ച്, മാര്‍ച്ചിലെ ആദ്യവാരം 25.1 ശതമാനവും ഏറ്റവും പുതിയ സര്‍വേയില്‍ 25.7 ശതമാനവും ആയി. ഇത് അദ്ദേഹത്തിന്റെ പിന്തുണ വര്‍ധിക്കുന്ന പ്രവണതയെ സൂചിപ്പിക്കുന്നു. ശശി തരൂര്‍ 12.8 ശതമാനം പിന്തുണ നേടി മൂന്നാം സ്ഥാനത്തും, കെ.കെ.ശൈലജ 8 ശതമാനം പിന്തുണയോടെ നാലാം സ്ഥാനത്തുമാണ്.

പ്രതിപക്ഷ നേതാവിന്റെ പ്രകടനത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ വിലയിരുത്തുമ്പോള്‍, 35.3 ശതമാനം പേര്‍ പ്രകടനം 'നല്ലത്' എന്ന് അഭിപ്രായപ്പെട്ടു. ഇത് കഴിഞ്ഞയാഴ്ചയിലെ 35.2 ശതമാനത്തേക്കാളും ഫെബ്രുവരിയിലെ ശരാശരി 33.2 ശതമാനത്തേക്കാളും ഉയര്‍ന്നതാണ്. അതേസമയം, പ്രകടനം 'മോശം' എന്ന് വിലയിരുത്തിയവരുടെ എണ്ണവും വര്‍ധിച്ചു. ഫെബ്രുവരിയിലെ 35.7 ശതമാനത്തില്‍ നിന്ന് 3.2 ശതമാനം വര്‍ധിച്ച്, ഇത്തവണ 38.9 ശതമാനം പേരാണ് പ്രതിപക്ഷ നേതാവിന്റെ പ്രകടനം മോശമെന്ന് അഭിപ്രായപ്പെട്ടത്. 20 ശതമാനം പേര്‍ പ്രകടനം 'ശരാശരി' എന്ന് രേഖപ്പെടുത്തിയപ്പോള്‍, 5.8 ശതമാനം പേര്‍ക്ക് അഭിപ്രായമില്ലായിരുന്നു.

Tags:    

Similar News