കുറഞ്ഞ ഭൂരിപക്ഷത്തിന് ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ 'ബോഗസ് വോട്ടുകള്‍' ഇല്ലാതാകുന്നത് ഗുണം ചെയ്യുന്നത് ആര്‍ക്ക്? വോട്ടര്‍പട്ടികയിലെ 'ക്ലീന്‍ അപ്പ്' ബിജെപിക്ക് തുണയാകുമോ? തിരുവനന്തപുരത്തെ വോട്ട് കുറവ് എന്‍ഡിഎയ്ക്ക് പ്രതീക്ഷ നല്‍കുന്നതോ?

Update: 2026-04-06 06:00 GMT

തിരുവനന്തപുരം: കാല്‍നൂറ്റാണ്ടിന് ശേഷം കേരളത്തില്‍ നടപ്പാക്കിയ തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം സംസ്ഥാനത്തെ രാഷ്ട്രീയ ഭൂപടത്തില്‍ വലിയ മാറ്റങ്ങള്‍ക്കും ബിജെപിയുടെ മുന്നേറ്റത്തിനും വഴിയൊരുക്കിയേക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍. സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം വോട്ടര്‍മാര്‍ പട്ടികയില്‍ നിന്ന് പുറത്തായപ്പോള്‍, ബിജെപി ശക്തമായ ത്രികോണ മത്സരം കാഴ്ചവെക്കുന്ന തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും വലിയ ഇടിവ് (3.03 ലക്ഷം) രേഖപ്പെടുത്തിയത്. വോട്ടുകള്‍ കുറഞ്ഞത് പ്രതിപക്ഷ മുന്നണികള്‍ക്ക് ആശങ്കയുണ്ടാക്കുമ്പോള്‍, ഇത് തങ്ങള്‍ക്ക് ഗുണകരമാകുമെന്ന ശുഭപ്രതീക്ഷയിലാണ് എന്‍ഡിഎ ക്യാമ്പ്.

ബിജെപി വലിയ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം എന്നീ നഗര മണ്ഡലങ്ങളില്‍ മാത്രം 30,000 മുതല്‍ 46,000 വരെ വോട്ടര്‍മാരുടെ കുറവുണ്ടായിട്ടുണ്ട്. മരിച്ചവരുടെ പേര് ഒഴിവാക്കല്‍, ഇരട്ടിപ്പുകള്‍, ദീര്‍ഘകാലമായി താമസം മാറിയവര്‍ എന്നിവരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തതാണ് ഈ മാറ്റത്തിന് പ്രധാന കാരണം. മണ്ഡലത്തില്‍ താമസിക്കാത്തവരുടെയും മരിച്ചവരുടെയും പേരില്‍ ചെയ്യപ്പെട്ടിരുന്ന 'കള്ളവോട്ടുകള്‍' തടയാന്‍ പുതിയ പട്ടികയിലൂടെ സാധിക്കുമെന്നും ഇത് ബിജെപിക്ക് വലിയ രീതിയില്‍ ഗുണകരമാകുമെന്നുമാണ് പാര്‍ട്ടി നേതൃത്വത്തിന്റെ വിലയിരുത്തല്‍.

സാധാരണഗതിയില്‍ നഗര മണ്ഡലങ്ങളില്‍ ബിജെപിക്ക് ലഭിക്കുന്ന ഉറച്ച വോട്ടുകള്‍ കൃത്യമാണെന്നും, എന്നാല്‍ പട്ടികയില്‍ നിലനിന്നിരുന്ന 'അദൃശ്യമായ' വോട്ടുകള്‍ പലപ്പോഴും രാഷ്ട്രീയ എതിരാളികള്‍ അനുകൂലമായി ഉപയോഗിച്ചിരുന്നു എന്നും ബിജെപി ആരോപിക്കുന്നു. വോട്ടര്‍പട്ടിക ശുദ്ധീകരിച്ചതോടെ ഇത്തവണത്തെ മത്സരം ഏറ്റവും സുതാര്യമായിരിക്കുമെന്നും ഇത് കൃത്യമായ പോളിംഗ് നിലയിലേക്ക് ബിജെപിയെ എത്തിക്കുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍ പ്രതികരിച്ചു. കുറഞ്ഞ ഭൂരിപക്ഷത്തിന് ജയപരാജയങ്ങള്‍ നിശ്ചയിക്കപ്പെടുന്ന ഈ മണ്ഡലങ്ങളില്‍ 'ബോഗസ് വോട്ടുകള്‍' ഇല്ലാതാകുന്നത് എന്‍ഡിഎയുടെ വിജയസാധ്യത വര്‍ദ്ധിപ്പിക്കും.

തെക്കന്‍ കേരളത്തില്‍ വോട്ടര്‍മാര്‍ കുറഞ്ഞപ്പോള്‍ മലപ്പുറം ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ വോട്ടര്‍മാരുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മലപ്പുറത്ത് മാത്രം 2.19 ലക്ഷം വോട്ടര്‍മാരാണ് പുതുതായി പട്ടികയില്‍ ഉള്‍പ്പെട്ടത്. വടക്കന്‍ കേരളത്തിലെ ഈ വോട്ട് വര്‍ദ്ധനവ് യുഡിഎഫിനെയും എല്‍ഡിഎഫിനെയും തുണയ്ക്കുമെന്ന് കരുതുമ്പോഴും, തെക്കന്‍ കേരളത്തിലെ നഗര മണ്ഡലങ്ങളില്‍ വോട്ടര്‍പട്ടിക ക്ലീന്‍ ആയത് ബിജെപിക്ക് നിയമസഭയിലേക്കുള്ള വഴി തെളിക്കുമോ എന്നാണ് രാഷ്ട്രീയ ലോകം ഉറ്റുനോക്കുന്നത്. കൃത്യമായ കണക്കുകള്‍ പുറത്തുവരുന്നതോടെ മെയ് നാലിന് ഈ 'വോട്ടര്‍ സര്‍ജറി' ആരെയാണ് തുണച്ചതെന്ന് വ്യക്തമാകും.

എസ്ഐആറിന് മുന്‍പ് 2025 ഒക്ടോബറില്‍ വോട്ടര്‍പട്ടിക മരവിപ്പിച്ച ഘട്ടത്തില്‍ വോട്ടര്‍മാരുടെ എണ്ണം 2.78 കോടിയായിരുന്നു. മാര്‍ച്ച് 23ന് പുറത്തിറക്കിയ അന്തിമ പട്ടിക പ്രകാരം ഇത് 2.71 കോടിയായി കുറഞ്ഞു. ഇത്തവണ രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വലിയ പരാതികളില്ലാതെയാണ് എസ്ഐആര്‍ പ്രക്രിയ പൂര്‍ത്തിയായതെന്നാണ് വിലയിരുത്തല്‍. എസ്ഐആറിന് ശേഷം സംസ്ഥാനത്തെ 140 മണ്ഡലങ്ങളില്‍ 93 എണ്ണത്തിലും വോട്ടര്‍മാരുടെ എണ്ണത്തില്‍ കുറവുണ്ടായി. തെക്കന്‍ കേരളത്തിലാണ് ഈ കുറവ് കൂടുതല്‍ പ്രകടം. വോട്ടര്‍മാരുടെ എണ്ണത്തില്‍ വര്‍ധന രേഖപ്പെടുത്തിയ 47 മണ്ഡലങ്ങളും വടക്കന്‍ കേരളത്തിലാണ്. മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വോട്ടര്‍മാരുടെ എണ്ണം വര്‍ദ്ധിച്ചു. അതേസമയം തിരുവനന്തപുരം ജില്ലയിലെ നാല് മണ്ഡലങ്ങളിലും എറണാകുളം ജില്ലയിലെ ഒരു മണ്ഡലത്തിലും (എറണാകുളം അസംബ്ലി മണ്ഡലം) 30,000-ത്തിലധികം വോട്ടര്‍മാരുടെ വലിയ കുറവ് ഉണ്ടായി.

കേരളത്തിലെ മറ്റു 41 മണ്ഡലങ്ങളില്‍ 10,000 നും 20,000 നും ഇടയില്‍ വോട്ടര്‍മാര്‍ കുറഞ്ഞു. 27 മണ്ഡലങ്ങളില്‍ 5,000 മുതല്‍ 10,000 വരെയും, 20 മണ്ഡലങ്ങളില്‍ 5,000-ത്തിന് താഴെയുമാണ് വോട്ടര്‍മാരുടെ എണ്ണത്തില്‍ ഉണ്ടായ കുറവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. ത്രികോണ മത്സരം നടക്കുന്ന, ചെറിയ ഭൂരിപക്ഷത്തിന് ഫലം നിശ്ചയിക്കപ്പെടുന്ന മണ്ഡലങ്ങളില്‍ ഈ മാറ്റം വളരെ നിര്‍ണ്ണായകമാകും. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 3.03 ലക്ഷം വോട്ടര്‍മാരാണ് പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടത്. തിരുവനന്തപുരം, വട്ടിയൂര്‍ക്കാവ്, നേമം, കഴക്കൂട്ടം മണ്ഡലങ്ങളിലാണ് ഏറ്റവും കൂടുതല്‍ കുറവുണ്ടായത് (30,000 മുതല്‍ 46,000 വരെ). ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎ വലിയ മുന്നേറ്റം പ്രതീക്ഷിക്കുന്ന മണ്ഡലങ്ങളാണിവ എന്നത് ശ്രദ്ധേയമാണ്.

എസ്ഐആര്‍ മുസ്ലീം വോട്ടര്‍മാരെ ലക്ഷ്യം വെച്ചുള്ളതാണെന്ന തോന്നല്‍ മലപ്പുറത്തും വടക്കന്‍ കേരളത്തിലും വോട്ടര്‍മാരുടെ എന്റോള്‍മെന്റ് വര്‍ധിക്കാന്‍ കാരണമായിട്ടുണ്ടാകാമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം എം വി ജയരാജന്‍ പറഞ്ഞു. മുന്‍പ് പട്ടികയില്‍ ഇല്ലാതിരുന്ന പല പ്രവാസികളും ഇത്തവണ പേര് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വോട്ടര്‍ പട്ടിക ശുദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ നടത്തിയ ഈ നടപടിയെക്കുറിച്ചുള്ള വിവാദങ്ങള്‍ അനാവശ്യമായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് എം എം ഹസ്സന്‍ പറഞ്ഞു. എല്ലാ യഥാര്‍ത്ഥ വോട്ടര്‍മാരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കോണ്‍ഗ്രസും യുഡിഎഫും ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Similar News