'ശരണ്യ സുരക്ഷിതയായി എന്നത് വലിയ സന്തോഷം നല്‍കുന്നു, എന്നാല്‍ 4 ദിവസം കൊടുംകാട്ടില്‍ കഴിഞ്ഞു എന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്'! കാട്ടിലെ നാലുനാള്‍; ശരണ്യയുടെ അതിജീവനം വിസ്മയമോ അതോ 'പന്തികേടോ'? ചര്‍ച്ചയായി ഫെയ്സ്ബുക്ക് പോസ്റ്റ്; ശരണ്യയുടെ നിര്‍ത്താതെയുള്ള കൂക്കിവിളി വീട്ടിലേക്കുള്ള വഴിയൊരുക്കി
നാദാപുരം: കുടകിലെ തടിയന്‍ഡമോള്‍ മലനിരകളില്‍ ട്രെക്കിങ്ങിനിടെ കാണാതായി നാലാം ദിവസം സുരക്ഷിതയായി തിരിച്ചെത്തിയ ശരണ്യയുടെ അതിജീവനം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയാകുന്നു. അസാമാന്യ മനോധൈര്യത്തോടെ കാട്ടുമൃഗങ്ങള്‍ക്കിടയില്‍ നാലുദിവസം കഴിഞ്ഞ ശരണ്യയെ അഭിനന്ദിക്കുമ്പോഴും, ചില സംശയങ്ങളും നിരീക്ഷണങ്ങളും ട്രെക്കിങ് ഗ്രൂപ്പുകളില്‍ ഉയരുന്നുണ്ട്. ഇതിനിടെ ഒക്ടോബര്‍ മാസത്തില്‍ ഇതേ മലനിരകളില്‍ ട്രെക്കിങ് നടത്തിയവര്‍ പങ്കുവെച്ച ഒരു ഫെയ്സ്ബുക്ക് വീഡിയോയും പോസ്റ്റും ഇപ്പോള്‍ ശ്രദ്ധേയമാവുകയാണ്.
'ശരണ്യ സുരക്ഷിതയായി എന്നത് വലിയ സന്തോഷം നല്‍കുന്നു, എന്നാല്‍ 4 ദിവസം കൊടുംകാട്ടില്‍ കഴിഞ്ഞു എന്നത് വിശ്വസിക്കാന്‍ അല്പം പ്രയാസമുണ്ട്' - ഇതാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന പ്രധാന നിരീക്ഷണം. തടിയന്‍ഡമോള്‍ മലനിരകളില്‍ ഒക്ടോബറില്‍ ട്രെക്കിങ് നടത്തിയവര്‍ പങ്കുവെച്ച വീഡിയോയില്‍ അവിടുത്തെ ഭൂപ്രകൃതി വ്യക്തമാണ്. പുല്‍മേടുകളില്‍ എത്തിയാല്‍ തിരച്ചില്‍ നടത്തുന്നവരെ കാണാന്‍ പ്രയാസമില്ലെന്നും, ഏതൊരു ദിശയിലേക്ക് 10-12 കിലോമീറ്റര്‍ നടന്നാലും കാടിന് പുറത്തെത്താന്‍ സാധിക്കുന്ന ഇടമാണിതെന്നും പോസ്റ്റില്‍ പറയുന്നു.
ശരണ്യയെപ്പോലെ ശാരീരികക്ഷമതയുള്ള ഒരാള്‍ക്ക് വഴി കണ്ടെത്താന്‍ ഇത്രയും ദിവസം വേണ്ടി വന്നതിലാണ് പലരും 'പന്തികേട്' സംശയിക്കുന്നത്. കര്‍ണാടക വനംവകുപ്പിന്റെ ഏകോപനമില്ലായ്മ കൊണ്ടാണോ തിരച്ചില്‍ വൈകിയത് എന്ന ചോദ്യവും ഉയരുന്നുണ്ട്. അഗസ്ത്യകൂടവും ചെമ്പ്ര പീക്കും കീഴടക്കിയ അനുഭവസമ്പത്തുള്ള ശരണ്യയ്ക്ക് തടിയന്‍ഡമോള്‍ മലനിരകള്‍ അത്ര വലിയ വെല്ലുവിളിയാകേണ്ടതില്ലെന്നാണ് വിദഗ്ധരുടെ പക്ഷം. ശരണ്യയുടെ വിശദമായ പ്രതികരണം വന്നാല്‍ മാത്രമേ യഥാര്‍ത്ഥത്തില്‍ എന്താണ് സംഭവിച്ചതെന്ന് വ്യക്തമാകൂവെന്നാണ് നിരീക്ഷണങ്ങള്‍.
രണ്ടു മണിക്കൂര്‍ കൊണ്ട് തിരിച്ചിറങ്ങാമെന്ന പ്രതീക്ഷയില്‍ കയറിയ ശരണ്യയ്ക്ക് കോടമഞ്ഞാണ് വില്ലനായത്. കൈവശം ഭക്ഷണമോ പവര്‍ ബാങ്കോ ഉണ്ടായിരുന്നില്ല. ഒരു കുപ്പി വെള്ളം മാത്രമായിരുന്നു ആശ്രയം. ആനയുടെയും പുള്ളിപ്പുലിയുടെയും സാന്നിധ്യമുള്ള വനത്തില്‍ ഒരു പാറപ്പുറത്താണ് ശരണ്യ കഴിഞ്ഞത്. ഫോണ്‍ ഓഫ് ആകുന്നതിന് തൊട്ടുമുന്‍പ് സുഹൃത്തിനെ വിളിച്ച് വനംവകുപ്പിന്റെ ആരണ്യ സൈറ്റില്‍ വിവരം അറിയിക്കാന്‍ പറഞ്ഞത് ശരണ്യയുടെ സമയോചിതമായ ഇടപെടലായിരുന്നു.
മൂന്നാം ദിവസം പെയ്ത കനത്ത മഴയില്‍ വസ്ത്രങ്ങളെല്ലാം നനഞ്ഞ് തണുത്തുവിറച്ച രാത്രിയായിരുന്നു ഏറ്റവും കഠിനമെന്ന് ശരണ്യ പറയുന്നു. നാലാം ദിവസം കാലാവസ്ഥ മെച്ചപ്പെടാത്തതിനെ തുടര്‍ന്ന്, ഇനിയും കാത്തിരിക്കുന്നത് അപകടമാണെന്ന് കണ്ട് സ്വയം വഴി കണ്ടെത്താന്‍ തീരുമാനിക്കുകയായിരുന്നു. ശരണ്യയുടെ നിര്‍ത്താതെയുള്ള കൂക്കിവിളിയാണ് ഒടുവില്‍ തിരച്ചില്‍ സംഘത്തെ അവരിലേക്ക് എത്തിച്ചത്.
അപകടങ്ങള്‍ക്കിടയിലും പതറാത്ത ശരണ്യയുടെ നിശ്ചയദാര്‍ഢ്യം വലിയ ആശ്വാസമാണ് നല്‍കുന്നതെങ്കിലും, ട്രെക്കിങ് പാതയിലെ സുരക്ഷാ വീഴ്ചകളെക്കുറിച്ചും വഴിതെറ്റിയതിലെ അവ്യക്തതകളെക്കുറിച്ചുമുള്ള ചര്‍ച്ചകള്‍ വരും ദിവസങ്ങളിലും തുടരാനാണ് സാധ്യത.
