കാലങ്ങളായി ഇടതു മുന്നണിക്ക് കൈകൊടുക്കുന്ന എ പി സമസ്തയെയും ഒപ്പം നിര്‍ത്താന്‍ വി ഡി സതീശന്റെ നീക്കം; കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുമായി പ്രതിപക്ഷ നേതാവിന്റെ കൂടിക്കാഴ്ച്ച; കടലുണ്ടിയിലെ വീട്ടില്‍ നടന്ന ആ കൂടിക്കാഴ്ച്ച നിര്‍ണായകം
കാലങ്ങളായി ഇടതു മുന്നണിക്ക് കൈകൊടുക്കുന്ന എ പി സമസ്തയെയും ഒപ്പം നിര്‍ത്താന്‍ വി ഡി സതീശന്റെ നീക്കം
മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പു കാലത്ത് നിര്‍ണായക നീക്കങ്ങളുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കാന്തപുരം എ പി സമസ്ത വിഭാഗവുമായുള്ള ബന്ധം ദൃഢമാക്കാനുള്ള പരിശ്രമങ്ങളാണ് സതീശന്‍ നടത്തുന്നത്. കാലങ്ങളായി സിപിഎമ്മിന് അനുകൂലമായി നില്‍ക്കുന്ന ഈ മുസ്ലിംജനവിഭാഗത്തിന്റെ വോട്ട് നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. ഇക്കുറി ഈ വോട്ട് കോണ്‍ഗ്രസ് പക്ഷത്തേക്ക് വന്നാല്‍ അത് നിയമസഭാ തെരഞ്ഞെടുപ്പിലെ ഗെയിം ചേഞ്ചറായി മാറും. ഇത് മനസ്സിലാക്കിയാണ് വി ഡി സതീശന്‍ നീക്കങ്ങള്‍ നടത്തുന്നത്.
എ പി സമസ്ത വിഭാഗം നേതാവും കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി തങ്ങളുമായി സതീശന്‍ കൂടിക്കാഴ്ച നടത്തി. ഖലീലുല്‍ ബുഖാരി തങ്ങളുടെ കടലുണ്ടിയിലെ വീട്ടിലെത്തിയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. കാന്തപുരവും എപി വിഭാഗവും സമദൂര നിലപാടാണ് സമീപകാലത്തെ തിരഞ്ഞെടുപ്പുകളില്‍ സ്വീകരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഇത് വ്യക്തമായതാണ്. അതുകൊണ്ട് കൂടിയാണ് ഇത്തരമൊരു കൂടിക്കാഴ്ച നടത്തിയത്. വളരെ നിര്‍ണായകമായ ഒരു കൂടിക്കാഴ്ചയായിരുന്നു പ്രതിപക്ഷ നേതാവും ബുഖാരി തങ്ങളുമായി നടന്നതെന്നാണ് രാഷ്ട്രീയ വിലയിരുത്തല്‍.
അടുത്തകലത്തായി മത-വര്‍ഗീയ പ്രസ്താവനകളോടും നിലപാടുകളോടും സിപിഎം കൈക്കൊള്ളുന്ന ഉദാസീനനിലപാടില്‍ കാന്തപുരം വിഭാഗത്തിന് നീരസമുണ്ടായിരുന്നു. മുസ്ലിം വിഭാഗത്തെ മൊത്തത്തില്‍ എതിര്‍സ്ഥാനത്തു നിര്‍ത്തുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ അനുവദിക്കാനാവില്ലെന്ന് എ.പി. വിഭാഗം വ്യക്തമാക്കിയിരുന്നു. സിപിഎം ശക്തികേന്ദ്രമായ കോഴിക്കോട്, കണ്ണൂര്‍ മേഖലയില്‍ കാന്തപുരം വിഭാഗത്തിന്റെ പിന്തുണ സുപ്രധാനമാണ്. 1989-ല്‍ സമസ്ത, ഇ.കെ. വിഭാഗവും എ.പി. വിഭാഗവുമായി പിളര്‍ന്നതുമുതലേ എ.പി. വിഭാഗം ഇടതുപക്ഷത്തിന് അനുകൂലമായ രാഷ്ട്രീയ നിലപാടാണ് സ്വീകരിച്ചിട്ടുള്ളത്.
ഇരുവിഭാഗവും വിപുലമായതോതില്‍ ശതാബ്ദി ആഘോഷിക്കുകയാണ്. രണ്ടു വേദിയിലും കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും ലീഗിന്റെയും നേതാക്കള്‍ പങ്കെടുക്കുകയും ചെയ്തു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ നേതൃത്വത്തില്‍, 'മനുഷ്യരോടൊപ്പം' എന്നപേരില്‍ നടന്ന കേരളയാത്രയില്‍ പി.കെ. കുഞ്ഞാലിക്കുട്ടി അടക്കമുള്ള ലീഗ് നേതാക്കള്‍ കാര്യമായി പങ്കെടുത്തിരുന്നു.
ഇതിനിടെയാണ് ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം പറഞ്ഞ് ലീഗിനെയും യുഡിഎഫിനെയും നിരന്തരം ആക്രമിക്കുന്ന തരത്തിലുള്ള വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനകള്‍ ഉണ്ടായത്. കേരളീയസമൂഹത്തില്‍ മുസ്ലിംവിരോധം സൃഷ്ടിക്കുകയാണ് ലക്ഷ്യമെന്ന് വ്യാപക വിമര്‍ശനവും ഉണ്ട്. അതിനിടെയാണ് മുസ്ലിംസമൂഹത്തെ ആകെത്തന്നെ എതിരുനിര്‍ത്തി സജി ചെറിയാന്റെ വിവാദപരാമര്‍ശങ്ങളുണ്ടായത്. മുന്‍പ് മുഖ്യമന്ത്രിയുടെ ചില പ്രസ്താവനകള്‍ വന്നപ്പോഴും എ.പി. വിഭാഗം വിയോജിപ്പ് അറിയിച്ചിരുന്നു. എ പി വിഭാഗത്തിന്റെ ഈ അതൃപ്തി തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക എന്നതാണ് യുഡിഎഫ് ലക്ഷ്യമുന്നത്.
അതേസമയം സ്ഥാനാര്‍ഥികളുടെ എണ്ണവും വോട്ടര്‍മാരുടെ എണ്ണവും വ്യക്തമായതോടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അന്തിമ ചിത്രം തെളിഞ്ഞു. 890 സ്ഥാനാര്‍ഥികളാണ് 140 സീറ്റുകളിലേക്ക് മത്സരിക്കുന്നത്. ഏറ്റവും കൂടുതല്‍ പേര്‍ മത്സരിക്കുന്നത് കൊടുവള്ളിയിലാണ്, 13 പേര്‍. തിരുവനന്തപുരം പേരാവൂര്‍, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ 11 പേര്‍വീതം മത്സരിക്കുന്നു. നേമം ഉള്‍പ്പെടെ ആറു നിയോജക മണ്ഡലങ്ങളില്‍ 10 സ്ഥാനാര്‍ഥികള്‍ വിതം ഉണ്ട്.
2021 ല്‍ 957 പേരാണ് സ്ഥാനാര്‍ഥികളായി ഉണ്ടായിരുന്നത്. അന്തിമ വോട്ടര്‍പട്ടികയില്‍ 2,71,42,952 വോട്ടര്‍മാരാണുള്ളത്. ടകഞ ന് ശേഷമുള്ള അന്തിമ വോട്ടര്‍പട്ടികയാണിത്. 1.39 കോടി സ്ത്രീകളും 1.32 കോടി പുരുഷന്‍മാരും 273 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളുമാണ് സംസ്ഥാനത്തെ വോട്ടര്‍മാര്‍.
