ബലാത്സംഗത്തെ അതിജീവിക്കാന്‍ വീടിന് മുകളില്‍ നിന്ന് ചാടി തളര്‍ന്ന് കിടന്ന യുവതിക്ക് ഒടുവില്‍ ദയാവധം; വിഫലമായത് കത്തോലിക്ക വിശ്വാസത്തിന് എതിരായതിനാല്‍ വീട്ടുകാര്‍ ഭരണഘടനാ കോടതി വരെ കയറി നടത്തിയ നിയമപോരാട്ടം; ഒരു വല്ലാത്ത ജീവിത കഥ

ബലാത്സംഗത്തെ അതിജീവിക്കാന്‍ വീടിന് മുകളില്‍ നിന്ന് ചാടി തളര്‍ന്ന് കിടന്ന യുവതിക്ക് ഒടുവില്‍ ദയാവധം

Update: 2026-03-27 00:37 GMT

മാഡ്രിഡ്: ബലാത്സംഗത്തില്‍ നിന്നും രക്ഷപ്പെടാനായി വീടിന് മുകളില്‍ നിന്നും ചാടിയതിനെ തുടര്‍ന്ന് ശരീരം തളര്‍ന്ന് കിടപ്പിലായ യുവതിക്ക് ദയാവധത്തിന് അനുമതി നല്‍കി സ്പാനിഷ് കോടതി. ദയാവധം തടയുന്നതിനായി യുവതിയുടെ പിതാവ് നടത്തിയ ശ്രമങ്ങളെയെല്ലാം പരാജയപ്പെടുത്തിക്കൊണ്ടാണ് കോടതിയുടെ അനുമതിയോടെ ബാഴ്‌സിലോണയിലുള്ള നൊയേലിയ കാസ്റ്റിലോ എന്ന 25 കാരി കഴിഞ്ഞ വ്യാഴാഴ്ച സാന്റ് പെരെ ഡി റിബ്‌സില്‍ വെച്ച് മരണത്തെ വരിച്ചത്. ഏകദേശം ഒന്നരവര്‍ഷത്തോളം നീണ്ട നിയമയുദ്ധത്തിനാണ് അങ്ങനെ തിരശ്ശീല വീണത്.

2021 ല്‍ ആണ് സ്‌പെയിനില്‍ ദയാവധം നിയമവിധേയമാക്കിയതെങ്കിലും, ഇതാദ്യമായാണ് ഇതു സംബന്ധിച്ച ഒരു കേസ് കോടതിയുടെ തീരുമാനത്തിനെത്തുന്നത്. നൊയെല്ലയുടെ പിതാവിനെ പ്രതിനിധീകരിച്ച ക്രിസ്ത്യന്‍ ലോയേഴ്‌സ് എന്ന തീവ്ര യാഥാസ്ഥിക കത്തോലിക്ക ഓര്‍ഗനൈസേഷനാണ് നോയെല്ല ദയാവധത്തിന് വിധേയയായി എന്ന കാര്യം അറിയിച്ചത്. മരണത്തില്‍ അതിയായ ഖേദമുണ്ടെന്നും, കോടതിയുടെ അനുമതിയോടെയുള്ള ഈ ദയാവധം, നിയമത്തിലെ പഴുതുകള്‍ എടുത്തു കാണിക്കുന്നുവെന്നും അവര്‍ പറയുന്നു. നിസ്സഹായരായവര്‍ക്കെതിരെ ഈ നിയമം ദുരുപയോഗം ചെയ്യപ്പെടാനുള്ള പഴുതുകളാണ് ഇതിലുള്ളതെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഈ സംഭവം അടിസ്ഥാനമാക്കി നിയമമാറ്റത്തിനായി അതിയായി പരിശ്രമിക്കണമെന്ന് സംഘടന രാഷ്ട്രീയ നേതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുപോലത്തെ സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ ഇടവരുത്തരുതെന്നും അവര്‍ ആവശ്യപ്പെടുന്നു. വ്യാഴാഴ്ച്ച പ്രാദേശിക സമയം വൈകിട്ട് ആറര മണിയോടെയാണ് ദയാവധത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചത്. അതിനു മുന്‍പായി, തന്റെ കുടുംബാംഗങ്ങളോട് തന്നോടൊപ്പം സമയം ചെലവഴിക്കാന്‍ അവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, നൊയെല്ലയുടെ അപേക്ഷ മാനിച്ച് മരണ സമയത്ത് അവര്‍ മുറിയില്‍ ഏകയായിരുന്നു.

ശരീരമാസകലം തളര്‍ന്ന് കിടന്ന അവരുടെ ദയാവധത്തിനുള്ള അപേക്ഷ 2024 ല്‍ കറ്റാലന്‍ സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. എന്നാല്‍, ക്രിസ്ത്യന്‍ ലോയേഴ്‌സ് എന്ന സംഘടനയുമായി ചേര്‍ന്ന് ഇവരുടെ പിതാവ് ഇതിനെതിരെ നിയമനടപടികള്‍ സ്വീകരിച്ചതോടെ ദയാവധം നീണ്ടുപോവുകയായിരുന്നു. സ്പാനിഷ് നിയമസംവിധാനത്തിന്റെ വിവിധ തട്ടുകളില്‍ പക്ഷെ പിതാവിന്റെ അപ്പീലുകള്‍ നിരാകരിക്കപ്പെട്ടു.. ഭരണഘടനാ കോടതിയേയും, സുപ്രീം കോടതിയേയും വരെ ഇക്കാര്യത്തിനായി പിതാവ് സമീപിച്ചിരുന്നു.

അവസാന ആശ്രയമെന്ന നിലയില്‍ യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയിലും പിതാവ് അപ്പീല്‍ നല്‍കിയിരുന്നു. ഈയാഴ്ച്ച അതുകൂടി നിരാകരിക്കപ്പെട്ടതോടെയാണ് ദയാവധം നടപ്പിലായത്. ഏറ്റവും പുതിയ സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച് 2024 ല്‍ 426 ദയാവധ അപേക്ഷകളിലാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍, കോടതി കയറിയത് ഈ ഒരു കേസുമാത്രവും.

Tags:    

Similar News