മധ്യപ്രദേശിൽ ബസ് ട്രക്കിലിടിച്ച് മറിഞ്ഞ് 10 മരണം; മരിച്ചവരിൽ കുട്ടിയും മൂന്ന് സ്ത്രീകളും; മുഖ്യമന്ത്രിയുടെ പരിപാടി കഴിഞ്ഞുള്ള മടക്കയാത്ര ദുരന്തമായി; 35 പേർക്ക് പരിക്ക്; മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം; സർക്കാരിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷം
ചിന്ദ്‌വാര: മധ്യപ്രദേശിലെ ചിന്ദ്‌വാര ജില്ലയിൽ ബസ് ട്രക്കുമായി കൂട്ടിയിടിച്ച് മറിഞ്ഞ് ഒരു കുട്ടിയുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു. വ്യാഴാഴ്ച രാത്രി 7.15-ഓടെ നാഗ്പൂർ ഹൈവേയിലെ ഉംറനാല ഗ്രാമത്തിന് സമീപമാണ് അപകടം. 35 പേർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവർ ഉണ്ടായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്
ജില്ലാ ആസ്ഥാനത്ത് നിന്ന് 25 കിലോമീറ്റർ അകലെ മോഖേദ് പോലീസ് സ്റ്റേഷൻ പരിധിയിലാണ് അപകടമുണ്ടായത്. മുഖ്യമന്ത്രി പങ്കെടുത്ത സർക്കാർ പരിപാടിയിൽ ആളുകളെ എത്തിക്കാൻ ഭരണകൂടം ഏർപ്പാടാക്കിയ സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. 45-ഓളം യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ എതിർദിശയിൽ നിന്നെത്തിയ മിനി ട്രക്കുമായി ബസ് നേർക്കുനേർ കൂട്ടിയിടിക്കുകയായിരുന്നു. ഇരുവാഹനങ്ങളുടെയും ഡ്രൈവർമാരും അപകടത്തിൽ മരിച്ചു.
പരിക്കേറ്റവരെ ചിന്ദ്‌വാര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നില അതീവ ഗുരുതരമായ ഒരാളെ മഹാരാഷ്ട്രയിലെ നാഗ്പൂരിലേക്ക് മാറ്റിയിട്ടുണ്ട്. ഇവർക്ക് ആവശ്യമായ സഹായങ്ങൾ നൽകാൻ ഉദ്യോഗസ്ഥരെ നാഗ്പൂരിലേക്ക് അയച്ചതായി കലക്ടർ ഹരേന്ദ്ര നാരായൺ അറിയിച്ചു.
അപകടത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് അഗാധമായ ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് 4 ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കും. ചികിത്സാ മേൽനോട്ടത്തിനായി ജബൽപൂരിൽ നിന്നുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ ചിന്ദ്‌വാരയിലേക്കും നാഗ്പൂരിലേക്കും അയച്ചു. ചിന്ദ്‌വാരയുടെ ചുമതലയുള്ള മന്ത്രി രാകേഷ് സിങ്ങിനോട് അടിയന്തരമായി സ്ഥലത്തെത്താൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു.
അപകടം അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്നും എന്നാൽ ജനക്കൂട്ടത്തെ വാടകയ്ക്കെടുത്ത് എത്തിക്കുന്ന സർക്കാരിന്റെ നയമാണ് ദുരന്തത്തിന് കാരണമായതെന്നും സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ജിതു പട്വാരി കുറ്റപ്പെടുത്തി. കോടിക്കണക്കിന് രൂപ നികുതിപ്പണം ധൂർത്തടിച്ച് ആളുകളെ ഭീഷണിപ്പെടുത്തിയും പ്രലോഭിപ്പിച്ചും ഇത്തരം പരിപാടികളിൽ എത്തിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നും ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.
