'കപ്പല്‍ മുങ്ങുമെന്ന് കണ്ട് കപ്പിത്താനെ ഉപേക്ഷിച്ച് സഹായികള്‍ രക്ഷപ്പെടുന്നു'; മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പി.ശശിയും എ.പ്രദീപ് കുമാറും പൊടുന്നനെ രാജി വച്ചത് എന്തിന്? 'എല്ലാ രാജാക്കന്മാരുടെയും കഷ്ടകാല സമയങ്ങളില്‍ ഭ്യത്യരായവര്‍ അവനെ ഉപേക്ഷിച്ചുപോകും' എന്ന് ബൈബിള്‍ വചനം ഉദ്ധരിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചാരണം; സത്യാവസ്ഥ എന്ത്?

മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് പി.ശശിയും എ.പ്രദീപ് കുമാറും പൊടുന്നനെ രാജി വച്ചത് എന്തിന്?

Update: 2026-03-26 13:35 GMT

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരാന്‍ കാത്തുനില്‍ക്കാതെ മുഖ്യമന്ത്രി പിണറായി വിജയന്റെ പേഴ്സണല്‍ സ്റ്റാഫിലെ അതികായരായ പി. ശശിയും എ. പ്രദീപ് കുമാറും രാജിവെച്ചത് സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിമരുന്നിട്ടിരിക്കുകയാണ്. 'കപ്പല്‍ മുങ്ങുമെന്ന് കണ്ട് കപ്പിത്താനെ ഉപേക്ഷിച്ച് സഹായികള്‍ രക്ഷപ്പെടുന്നു' എന്ന തരത്തിലുള്ള ഓഡിയോ ക്ലിപ്പുകളും പോസ്റ്റുകളുമാണ് വാട്‌സാപ്പിലും ഫേസ്ബുക്കിലും പ്രചരിക്കുന്നത്. എന്നാല്‍, ഈ 'അഭ്യൂഹക്കഥകളില്‍' എത്രത്തോളം വസ്തുതയുണ്ട്?

പ്രചരിക്കുന്ന കഥകള്‍ ഇങ്ങനെ:

ഭരണവിരുദ്ധ തരംഗം ഭയന്ന് മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറി പി. ശശിയും പ്രൈവറ്റ് സെക്രട്ടറി എ. പ്രദീപ് കുമാറും നേരത്തെ തന്നെ സ്ഥാനം ഒഴിഞ്ഞു എന്നും, പരാജയം ഉറപ്പായതിനാലാണ് ഈ പടിയിറക്കമെന്നുമാണ് പ്രധാന പ്രചാരണം. ബൈബിള്‍ വചനങ്ങളെ വരെ കൂട്ടുപിടിച്ച് അതീവ നാടകീയമായാണ് ചിലര്‍ ഈ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ വിളമ്പുന്നത്. പ്രധാന വാര്‍ത്താ ചാനലുകള്‍ ഇത് മുക്കി കളഞ്ഞു എന്ന ആരോപണവും ഇവര്‍ ഉന്നയിക്കുന്നുണ്ട്.




 

ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന ഒരു പോസ്റ്റ് ഇങ്ങനെ

നിങ്ങളറിഞ്ഞോ എന്നെനിക്കറിയില്ല..

നിങ്ങളോട് പത്രക്കാരോ ചാനലുകാരോ ആരെങ്കിലും പറഞ്ഞോ എന്നും അറിയില്ല...രണ്ടുദിവസമായി എന്നെ പൂട്ടിയിട്ടിരിക്കുകയായിരുന്നല്ലോ...

നമ്മുടെ ശശിയേട്ടന്‍ രാജിവച്ചു...ഏത് ശശിയേട്ടന്‍...?

കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരള പോലീസിനെ വിരല്‍ത്തുമ്പിലിട്ട് അമ്മാനമാടി കൊണ്ടിരുന്ന,...കഴിഞ്ഞ അഞ്ചുവര്‍ഷമായി കേരളം ഭരിച്ചുകൊണ്ടിരുന്ന,....പ്രതിഷേധിച്ച പിള്ളാരുടെ തലമണ്ട ചെടിച്ചട്ടി കൊണ്ടും ഹെല്‍മെറ്റ് കൊണ്ടും അടിച്ചുപൊളിച്ച,...കഴിഞ്ഞ അഞ്ചുവര്‍ഷത്തെ പിണറായി ഭരണത്തെ ഈ കോലത്തില്‍ എത്തിച്ച,...

മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി ശശിയേട്ടന്‍ രണ്ടുദിവസം മുമ്പ് രാജിവച്ച് ഇറങ്ങിപ്പോയി...ഞെട്ടാന്‍ വരട്ടെ...

കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം മുഖ്യമന്ത്രിയെ നിയന്ത്രിച്ചു കൊണ്ടിരുന്ന,... കഴിഞ്ഞ അഞ്ചു വര്‍ഷക്കാലം ഈ കേരളത്തില്‍ നടന്ന എല്ലാ സംഭവങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രദീപ്കുമാറും രാജിവച്ചു....

ഞെട്ടാന്‍ വരട്ടെ...മുഖ്യമന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുധീഷും രാജിവച്ചു....കേരളത്തെ നിയന്ത്രിക്കുന്ന ഓഫീസില്‍ ഇപ്പോള്‍ ആരെങ്കിലും ഉണ്ടോ എന്ന് അറിയില്ല...സാധാരണ നിലയ്ക്ക് ഇലക്ഷന്‍ റിസള്‍ട്ട് വന്ന് ഇന്ന മുന്നണിക്ക് ഭൂരിപക്ഷം ലഭിച്ചു എന്ന് ഇലക്ഷന്‍ കമ്മീഷന്‍ ഡിക്ലയര്‍ ചെയ്തതിനുശേഷം പിറ്റേദിവസം മുഖ്യമന്ത്രി ഗവര്‍ണര്‍ക്ക് രാജി സമര്‍പ്പിക്കുകയും ഭൂരിപക്ഷം കിട്ടിയവര്‍ക്ക് പുതിയ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള വഴിയൊരുക്കുകയും ചെയ്യുമ്പോഴാണ് മുഖ്യമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ജീവനക്കാരും മുഖ്യമന്ത്രി നിയമിച്ച ജീവനക്കാരും പാര്‍ട്ടി നിയമിച്ച ജീവനക്കാരും എല്ലാം മുഖ്യമന്ത്രിയോടൊപ്പം പടിയിറങ്ങുന്നത്....

അതാണ് കീഴ്വഴക്കം...അതിനു മുന്നേ തന്നെ ട്രെന്‍ഡ് മനസ്സിലാകുമ്പോഴേ തന്നെ ആരും ചാടി പോകാറില്ല...ഇവിടെ എന്തുകൊണ്ടാണാവോ അവസാനം വരെ കാത്തുനില്‍ക്കാതെ കപ്പിത്താനെ ഉപേക്ഷിച്ച് ജീവനക്കാര്‍ ചാടി രക്ഷപ്പെട്ടത് എന്നറിയില്ല....

പൈസ കൊടുത്തതുകൊണ്ടാണ് ഇത്രയും പ്രധാനപ്പെട്ട ഒരു വാര്‍ത്ത ചാനലുകള്‍ സംപ്രേക്ഷണം ചെയ്യാതിരുന്നത് എന്നും പറയപ്പെടുന്നു..

ചില ചാനലുകള്‍ ഒരു കോളം വാര്‍ത്തയില്‍ ഒരുക്കി.....

'അഹന്തയുടെയും തിന്മയുടെയും വഴികളിലൂടെ സഞ്ചരിച്ച എല്ലാ രാജാക്കന്മാരുടെയും കഷ്ടകാല സമയങ്ങളില്‍ ഭ്യത്യരായവര്‍ അവനെ ഉപേക്ഷിച്ചുപോകും' എന്ന് വിശുദ്ധ ബൈബിളിലെ മത്തായിയുടെ സുവിശേഷം പതിനാറാം അധ്യായത്തില്‍ എട്ടു മുതല്‍ പന്ത്രണ്ടുവരെയുള്ള വാക്യങ്ങളില്‍ പറഞ്ഞിട്ടുണ്ട്.

യാഥാര്‍ത്ഥ്യം എന്ത്?

സോഷ്യല്‍ മീഡിയയിലെ ഈ 'കഥകള്‍ക്ക്' പിന്നിലെ യഥാര്‍ത്ഥ വസ്തുത പരിശോധിച്ചാല്‍ കാര്യം വ്യക്തമാകും. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ക്കോ പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്കോ സജീവമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ നിയമപരമായി തടസ്സങ്ങളുണ്ട്. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍, പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് ചുമതലകള്‍ ഏറ്റെടുക്കുന്നതിനാണ് ഇരുവരും മാര്‍ച്ചില്‍ തന്നെ രാജിവെച്ച് പടിയിറങ്ങിയത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്തെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെയും ഏകോപനത്തിന്റെയും പൂര്‍ണ്ണ ചുമതല പി. ശശിക്കാണ്. കോഴിക്കോട് ജില്ലയിലെ പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കാനാണ് മുന്‍ എം.എല്‍.എ കൂടിയായ പ്രദീപ് കുമാര്‍ സ്ഥാനം ഒഴിഞ്ഞത്.

മുഖ്യമന്ത്രിയുടെ മണ്ഡലമായ ധര്‍മ്മടത്ത് പിണറായി വിജയന്റെ നേരിട്ടുള്ള സാന്നിധ്യം കുറവായതിനാല്‍ അവിടെ തിരഞ്ഞെടുപ്പ് യന്ത്രം ചലിപ്പിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് പി. ശശിക്ക് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. ധര്‍മ്മടത്തെ ഓരോ ബൂത്തിലുമുള്ള വോട്ട് വിഹിതം കൃത്യമായി നിരീക്ഷിക്കാനും പാര്‍ട്ടി വോട്ടുകള്‍ ഉറപ്പിക്കാനും ശശിയുടെ സംഘടനാ പാടവം ഉപയോഗിക്കുന്നു ഭരണവിരുദ്ധ വികാരം വോട്ടാകാതിരിക്കാന്‍ താഴെത്തട്ടില്‍ കുടുംബയോഗങ്ങളും സ്‌ക്വാഡ് പ്രവര്‍ത്തനങ്ങളും നേരിട്ട് നിയന്ത്രിക്കുന്നത് അദ്ദേഹമാണ്.

മണ്ഡലത്തിലെ മറ്റ് മുന്നണികളുടെ നീക്കങ്ങള്‍ മുന്‍കൂട്ടി കണ്ട് അതിനെ പ്രതിരോധിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് പ്രധാന ചുമതല. ഇതിനായി സര്‍ക്കാര്‍ പദവിയിലിരിക്കുന്നത് സാങ്കേതികമായി തടസ്സമായതിനാലാണ് അദ്ദേഹം രാജി സമര്‍പ്പിച്ചത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് സര്‍ക്കാര്‍ ശമ്പളം പറ്റുന്നവര്‍ക്ക് നിയമപരമായി ഇറങ്ങാന്‍ കഴിയില്ല. 2021-ലും സമാനമായ രീതിയില്‍ പല പേഴ്സണല്‍ സ്റ്റാഫ് അംഗങ്ങളും തിരഞ്ഞെടുപ്പ് ചുമതലയ്ക്കായി രാജി സമര്‍പ്പിച്ചിരുന്നു. ഇത് രാഷ്ട്രീയ കേരളത്തിലെ ഒരു സാധാരണ നടപടിക്രമം മാത്രമാണ്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ ഒരുവിഭാഗം പി.ശശിയുടെയും എ.പ്രദീപ് കുമാറിന്റെയും പടിയിറക്കം ആഘോഷിക്കുകയാണ്.

Tags:    

Similar News