ഇറാനില്‍ സകലതും അമേരിക്ക ബോംബിട്ട് നശിപ്പിക്കുമോ? ഇറാന് 'അന്തിമ പ്രഹരം' നല്‍കാനുള്ള പ്ലാന്‍ പെന്റഗണ്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്; ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യുഎസ് സൈന്യം ഒരുങ്ങിയേക്കും; ഇറാനിയന്‍ എണ്ണ കടത്തുന്ന കപ്പലുകള്‍ പിടിച്ചെടുക്കുന്നത് അടക്കം ആലോചനയില്‍; ട്രംപിന്റേത് ഇറാന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കാന്‍ നീക്കമെന്ന് സൂചന; ഇറാന്‍ വഴങ്ങുമോ?
ഇറാനില്‍ സകലതും അമേരിക്ക ബോംബിട്ട് നശിപ്പിക്കുമോ? ഇറാന് 'അന്തിമ പ്രഹരം' നല്‍കാനുള്ള പ്ലാന്‍ പെന്റഗണ്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ട്
വാഷിംഗ്ടണ്‍: ഇറാനുമായുള്ള സംഘര്‍ഷം പുതിയ തലത്തിലേക്ക് നീങ്ങിയേക്കും. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍്ഡ് ട്രംപ് പ്രഖ്യാപിച്ച അഞ്ച് ദിവസത്തെ വെടിനിര്‍ത്തല്‍ അവസാനിച്ചാല്‍ എന്തു സംഭവിക്കുമെന്ന ചോദ്യമാണ് എങ്ങും ഉയരുന്നത്. പരാജയം അംഗീകരിച്ചു പിന്‍മാറ്റം യുഎസിന് സാധ്യമല്ല. അതുകൊണ്ടത് തന്നെ വിജയം നേടി എന്ന പ്രതീതി വരുത്താന്‍ ട്രംപ് എന്തു ചെയ്യുമെന്നതാണ് ലോകത്തിന്റെ ആകാംക്ഷ. ഇറാനെതിരെ അതിശക്തമായ 'അന്തിമ പ്രഹരം' നല്‍കാന്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ സൈനിക നീക്കങ്ങള്‍ തയാറാക്കുന്നതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകാതിരിക്കുകയും ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുകയും ചെയ്താല്‍ ബൃഹത്തായ ബോംബാക്രമണവും കരസേനാ വിന്യാസവും ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് യുഎസ് കടന്നേക്കും. അതിനുള്ള ആസൂത്രണങ്ങളാണ് നടന്നുവരുന്നത്. ഇറാന്റെ സാമ്പത്തിക-തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള നാല് പ്രധാന പദ്ധതികളാണ് പെന്റഗണിന്റെ പരിഗണനയിലുള്ളതെന്ന് അന്താരാഷ്ട്ര മാധ്യമമായ 'ആക്‌സിയോസ്' റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖാര്‍ഗ് ഐലന്‍ഡ് പിടിച്ചെടുക്കല്‍ലാണ് ഇതിലെ ആദ്യ തന്ത്രം. ഇറാന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ഐലന്‍ഡ് ആക്രമിക്കുകയോ ഉപരോധിക്കുകയോ ചെയ്യുക. രണ്ടാമതായി ഹോര്‍മുസ് കടലിടുക്കില്‍ മേധാവിത്വം നിലനിര്‍ത്താന്‍ ഇറാനെ സഹായിക്കുന്ന ലാറക് ഐലന്‍ഡില്‍ അധിനിവേശം നടത്തുക എന്നതാണ്. ഇറാന്റെ നിയന്ത്രണത്തിലുള്ളതും യുഎഇ അവകാശവാദം ഉന്നയിക്കുന്നതുമായ അബു മൂസ ഉള്‍പ്പെടെയുള്ള മൂന്ന് ദ്വീപുകള്‍ പിടിച്ചെടുക്കുക എന്നതാണ് മൂന്നാമത്തെ ലക്ഷ്യം. ഇത് കൂടാതെ ഹോര്‍മുസ് കടലിടുക്കിന്റെ കിഴക്കന്‍ മേഖലയിലൂടെ ഇറാനിയന്‍ എണ്ണ കടത്തുന്ന കപ്പലുകള്‍ പിടിച്ചെടുക്കാനും പദ്ധതിയുണ്ട്.
തിരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍, ഇറാന് മേല്‍ സൈനിക വിജയം പ്രഖ്യാപിക്കാനോ സമാധാന ചര്‍ച്ചകളില്‍ കൂടുതല്‍ മുന്‍തൂക്കം നേടാനോ ഉള്ള നീക്കമായാണ് യുഎസ് ഉദ്യോഗസ്ഥര്‍ ഇതിനെ കാണുന്നത്. ഇറാന്‍ ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അവകാശപ്പെടുമ്പോഴും, യുഎസിന്റെ 15 ഇന സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ തള്ളിക്കളഞ്ഞത് സ്ഥിതിഗതികള്‍ വഷളാക്കി. പകരം അഞ്ച് നിബന്ധനകളാണ് ടെഹ്റാന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്.ഇറാന്റെ സാമ്പത്തിക നട്ടെല്ലായ ഖാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ അമേരിക്ക നീക്കം
ഖാര്‍ഗ് ദ്വീപ് പിടിക്കുമോ?
യുദ്ധം തുടങ്ങിയതോടെ മേഖല അതിഭീകരമായ യുദ്ധസാഹചര്യത്തിലേക്ക് നീങ്ങുകയാണ്. നിലവില്‍ അമേരിക്കന്‍ നാവികസേനയുടെ വന്‍ സന്നാഹം ദ്വീപിന് സമീപത്തേക്ക് നീങ്ങുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഇറാന്റെ ആകെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാര്‍ഗ് ദ്വീപ് വഴിയാണ്. പ്രതിദിനം 15 ലക്ഷം ബാരലോളം എണ്ണയാണ് ഇവിടെനിന്ന് പ്രധാനമായും ചൈനയിലേക്ക് കയറ്റി അയക്കുന്നത്. ഇറാന്റെ സാമ്പത്തിക സ്രോതസ്സ് അടച്ചുപൂട്ടുക എന്ന ലക്ഷ്യത്തോടെയാണ് ട്രംപ് ഭരണകൂടം ഈ തന്ത്രപ്രധാന ദ്വീപിനെ ലക്ഷ്യമിടുന്നത്. ഖാര്‍ഗ് പിടിച്ചെടുക്കുന്നതോടെ ഇറാനെ ചര്‍ച്ചക്ക് നിര്‍ബന്ധിതരാക്കാമെന്നും ഹുര്‍മുസ് കടലിടുക്ക് വീണ്ടും തുറപ്പിക്കാമെന്നുമാണ് അമേരിക്കന്‍ കണക്കുകൂട്ടല്‍.
അമേരിക്കന്‍ നീക്കത്തെ ചെറുക്കാന്‍ സര്‍വ്വസന്നാഹങ്ങളുമായി ഇറാന്‍ തയാറെടുക്കുകയാണ്. വിമാനങ്ങളെ വെടിവെച്ചിടാന്‍ ശേഷിയുള്ള മാന്‍പാഡുകള്‍ ഉള്‍പ്പെടെയുള്ള മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ ദ്വീപിലേക്ക് മാറ്റിയിട്ടുണ്ട്. ഇറാന്റെ പരമാധികാരത്തിന് മേല്‍ കൈവെച്ചാല്‍ പ്രത്യാഘാതം രൂക്ഷമായിരിക്കുമെന്ന് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുന്നറിയിപ്പ് നല്‍കി.
ജപ്പാനിലെ ഒകിനാവയില്‍ നിന്നുള്ള 2,200 യു.എസ് മറീനുകള്‍ യു.എസ്.എസ് ട്രിപ്പോളി എന്ന കപ്പലിന്റെ നേതൃത്വത്തില്‍ ഖാര്‍ഗ് ലക്ഷ്യമാക്കി നീങ്ങുകയാണ്. ഇറാന്‍ മുട്ടുമടക്കിയെന്നും അവരുടെ നാവിക-ആശയവിനിമയ സംവിധാനങ്ങള്‍ തകര്‍ത്തെന്നുമാണ് ഡോണാള്‍ഡ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍, ഇറാന്‍ മണ്ണിലിറങ്ങി യുദ്ധം ചെയ്യുന്നത് അമേരിക്കന്‍ സൈന്യത്തിന് വന്‍ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുമെന്ന് മുന്‍ നാറ്റോ കമാന്‍ഡര്‍ അഡ്മിറല്‍ ജെയിംസ് സ്റ്റാവ്രിഡിസ് മുന്നറിയിപ്പ് നല്‍കുന്നു.
ഇതിനിടെ പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി അമേരിക്ക മുന്നോട്ടുവെച്ച വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഇറാന്‍ പ്രതികരിച്ചു. എന്നാല്‍ അമേരിക്കയുമായി നേരിട്ടുള്ള ചര്‍ച്ചകള്‍ക്കോ നയതന്ത്ര സംഭാഷണങ്ങള്‍ക്കോ തയ്യാറല്ലെന്നും ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി വ്യക്തമാക്കി. സൗഹൃദ രാജ്യങ്ങള്‍ വഴി ലഭിച്ച സന്ദേശങ്ങള്‍ക്ക് മറുപടി നല്‍കുന്നുണ്ടെന്നും ഇത് ഔദ്യോഗിക ചര്‍ച്ചകളായി കാണാനാവില്ലെന്നുമാണ് ഇറാന്റെ നിലപാട്. ഇറാന്‍ ഒരു കരാറിനായി അതിയായി ആഗ്രഹിക്കുന്നുണ്ടെന്നും എന്നാല്‍ ജനങ്ങളെ ഭയന്നാണ് അവര്‍ പുറത്തുപറയാത്തതെന്നുമാണ് ട്രംപിന്റെ വാദം.
പാകിസ്ഥാന്‍ വഴിയാണ് 15 ഇനങ്ങളടങ്ങിയ വെടിനിര്‍ത്തല്‍ നിര്‍ദ്ദേശം അമേരിക്ക ഇറാന് കൈമാറിയത്. യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തുക, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ നിയന്ത്രിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക മുന്നോട്ടുവെച്ചിട്ടുള്ളത്. അതേസമയം, ഇറാന്‍ തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ അംഗീകരിക്കുന്നില്ലെങ്കില്‍ കടുത്ത ആക്രമണം തുടരുമെന്ന് വൈറ്റ് ഹൗസ് വക്താവ് കരോലിന്‍ ലീവിറ്റ് മുന്നറിയിപ്പ് നല്‍കി. നിലവില്‍ ഇറാന്റെ നാവിക വ്യൂഹത്തിന്റെ 92 ശതമാനവും തകര്‍ക്കപ്പെട്ടതായാണ് യുഎസ് സെന്‍ട്രല്‍ കമാണ്ടിന്റെ അവകാശവാദം. മേഖലയിലെ സംഘര്‍ഷം ലോകമെമ്പാടും വന്‍ ഊര്‍ജ്ജ പ്രതിസന്ധിക്കും വിലക്കയറ്റത്തിനും കാരണമായിട്ടുണ്ട്.
അതേസമയം, ഇറാന്റെ മേലുള്ള ഈ സൈനിക നീക്കത്തിന് അമേരിക്കക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. പ്യൂ റിസര്‍ച്ച് സെന്ററിന്റെ പഠനമനുസരിച്ച് 61 ശതമാനം അമേരിക്കക്കാരും ട്രംപിന്റെ യുദ്ധനയത്തോട് വിയോജിപ്പുള്ളവരാണ്. ഗള്‍ഫ് രാജ്യങ്ങളും ഈ നീക്കത്തില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു യുദ്ധമുണ്ടായാല്‍ അത് ആഗോള ഇന്ധന വിപണിയെ തകര്‍ക്കുമെന്നും ക്രൂഡ് ഓയില്‍ വില കുതിച്ചുയരുമെന്നും സാമ്പത്തിക വിദഗ്ധര്‍ ഭയപ്പെടുന്നു.
