'മുഖ്യമന്ത്രി ലക്ഷണമൊത്ത ആര്‍.എസ്.എസ്. ഏജന്റ് ': 1977-ലെ പിണറായിയുടെ ബിജെപി ബന്ധം കുത്തിപ്പൊക്കി സതീശന്‍; 'ഇഎംഎസിന് ബാഡ്ജ് കുത്തിയത് ആര്‍എസ്എസ് നേതാവ്'; 'ഗോള്‍വാള്‍ക്കര്‍ പൂജയില്‍' മുഖ്യമന്ത്രിക്ക് ചുട്ട മറുപടി; മാസ്‌കറ്റ് ഹോട്ടലിലെ അര്‍ദ്ധരാത്രി ചര്‍ച്ചയും ബിജെപി ബാന്ധവവും എണ്ണിപ്പറഞ്ഞ് പ്രതിപക്ഷ നേതാവ്
'മുഖ്യമന്ത്രി പിണറായി ലക്ഷണമൊത്ത ആര്‍.എസ്.എസ്. ഏജന്റ് ': പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ 'ലക്ഷണമൊത്ത ആര്‍.എസ്.എസ്. ഏജന്റ് ' എന്ന് വിശേഷിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്തെത്തി. ആര്‍.എസ്.എസ്. ബന്ധം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി നടത്തിയ ആരോപണങ്ങള്‍ക്ക് ഫേസ്ബുക്ക് പോസ്റ്റിലൂടെ മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ബി.ജെ.പി. - സി.പി.എം. 'ഡീല്‍' എന്ന ആരോപണം കനക്കുന്നതിനിടെയാണ് സംസ്ഥാന രാഷ്ട്രീയത്തിലെ ഈ വാദപ്രതിവാദം കൂടുതല്‍ രൂക്ഷമായത്.
ആര്‍.എസ്.എസിനെ പ്രതിരോധിച്ചത് സി.പി.എമ്മാണെന്നും അതില്‍ കോണ്‍ഗ്രസിന് പങ്കില്ലെന്നുമുള്ള മുഖ്യമന്ത്രിയുടെ നിരന്തരമായ പ്രസ്താവനകളെ ചരിത്രം അറിയുന്ന കേരള ജനത അവജ്ഞയോടെ തള്ളിക്കളയുമെന്ന് സതീശന്‍ അഭിപ്രായപ്പെട്ടു. 1977 മുതലുള്ള സി.പി.എം. - ആര്‍.എസ്.എസ്./ബി.ജെ.പി. ബന്ധത്തിന്റെ തെളിവുകള്‍ എണ്ണിയെണ്ണി നിരത്തിക്കൊണ്ടാണ് പ്രതിപക്ഷ നേതാവ് തന്റെ ആരോപണങ്ങള്‍ക്ക് ശക്തി പകര്‍ന്നത്.
1977-ല്‍ ആര്‍.എസ്.എസ്. പിന്തുണയോടെ നിയമസഭയിലെത്തിയ എം.എല്‍.എ. പിണറായി വിജയനാണെന്ന് സതീശന്‍ ചൂണ്ടിക്കാട്ടി. അന്ന് ഉദുമയിലെ സി.പി.എം. - ആര്‍.എസ്.എസ്. സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്ന കെ.ജി. മാരാര്‍, ഇ.എം.എസ്സിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പാലക്കാട് സി.പി.എം. സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചാരണത്തില്‍ മുതിര്‍ന്ന ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി പങ്കെടുത്തതിനെയും സതീശന്‍ ചോദ്യം ചെയ്തു.
1989-ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി. സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം. നേതാക്കളായ ഇ.എം.എസും ജ്യോതിബസുവും അദ്വാനിക്കും വാജ്പേയിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ ലഭ്യമാണെന്ന് പ്രതിപക്ഷ നേതാവ് ഓര്‍മ്മിപ്പിച്ചു. ആര്‍.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നുമുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവനകള്‍ ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവെച്ചുകൊണ്ടാണെന്നും സതീശന്‍ കുറ്റപ്പെടുത്തി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ സി.പി.എം. - ബി.ജെ.പി. സഖ്യം ഉണ്ടായിരുന്നെന്ന ആര്‍.എസ്.എസ്. മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറിന്റെ വെളിപ്പെടുത്തലും പ്രതിപക്ഷ നേതാവ് ഉന്നയിച്ചു. ഈ സഖ്യത്തിന്റെ കാരണഭൂതന്‍ പിണറായി വിജയനാണെന്നും അദ്ദേഹം ആരോപിച്ചു. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരത്തെ മാസ്‌കറ്റ് ഹോട്ടലില്‍ ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ആര്‍.എസ്.എസ്. നേതാക്കളുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെന്ന ഗുരുതരമായ ആരോപണവും സതീശന്‍ തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ ഉന്നയിച്ചു.
കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ഒഴിവാക്കാന്‍ ബി.ജെ.പിയുമായി ഒത്തുതീര്‍പ്പുണ്ടാക്കിയെന്ന ആരോപണവും സതീശന്‍ മുഖ്യമന്ത്രിക്ക് നേരെ ഉന്നയിച്ചു.
വി.ഡി.സതീശന്റെ കുറിപ്പിന്റെ പൂര്‍ണരൂപം:
1977 ല്‍ ആര്‍.എസ്.എസിന്റെ പിന്തുണയില്‍ മത്സരിച്ച് നിയമസഭയില്‍ എത്തിയ എം.എല്‍.എ പിണറായി വിജയനാണ്, അല്ലാതെ വി.ഡി സതീശനല്ല. അന്ന് ഉദുമയിലെ സി.പി.എം- ആര്‍.എസ്.എസ് സംയുക്ത സ്ഥാനാര്‍ത്ഥിയായിരുന്നില്ലേ ആര്‍.എസ്.എസ് നേതാവ് കെ.ജി മാരാര്‍? അതേ കെ.ജി മാരാര്‍ ഇ.എം.എസിന് ബാഡ്ജ് കുത്തിക്കൊടുക്കുന്ന ചിത്രം ഇപ്പോഴും ലഭ്യമാണെന്നതും മറക്കരുത്. പാലക്കാട് മത്സരിച്ച സി.പി.എം സ്ഥാനാര്‍ത്ഥി ശിവദാസ മേനോന്റെ പ്രചരണ പരിപാടിയില്‍ മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനി പങ്കെടുത്തതും പിണറായി വിജയന്‍ നിഷേധിക്കുമോ? 1989 ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ വി.പി സിംഗിന് പിന്തുണ നല്‍കിക്കൊണ്ട് സി.പി.എം നേതാക്കളായ ഇ.എം.എസും ജോതിബസുവും അദ്വാനിക്കും വാജ്‌പേയ്ക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങളും ഗൂഗിളില്‍ പരതിയാല്‍ കിട്ടും. ഈ വിപ്ലവ പാരമ്പര്യങ്ങളൊക്കെ മറച്ചുവച്ചു കൊണ്ടാണ് ആര്‍.എസ്.എസിനോട് ഒരു ഘട്ടത്തിലും സന്ധി ചെയ്തിട്ടില്ലെന്നും വര്‍ഗീയതയെ ഒറ്റപ്പെടുത്താന്‍ ശ്രമിച്ചെന്നും പിണറായി വിജയന്‍ പറയുന്നത്.
കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ സി.പി.എം- ബി.ജെ.പി സഖ്യം കേരളത്തില്‍ ഉണ്ടായിരുന്നെന്ന വെളിപ്പെടുത്തല്‍ നടത്തിയത് ആര്‍.എസ്.എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ മുന്‍ എഡിറ്റര്‍ ബാലശങ്കറാണ്. അതിന് എന്ത് മറുപടി പറയാനുണ്ട്? ആ സഖ്യത്തിന്റെ കാരണഭൂതന്‍ പിണറായി വിജയനാണ്. വി.ഡി സതീശനല്ല. ഔദ്യോഗിക വാഹനം ഉപേക്ഷിച്ച് സ്വകാര്യ വാഹനത്തില്‍ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലില്‍ ആര്‍.എസ്.എസ് നേതാക്കളുമായി ശ്രീ എമ്മിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തിയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. നിയമസഭയില്‍ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഇക്കാര്യം ചോദിച്ചപ്പോള്‍ മറുപടി പറയാതെ തലകുനിച്ച് ഇരുന്ന മുഖ്യമന്ത്രിയുടെ പേരും പിണറായി വിജയനെന്നാണ്. ദേശീയപാത തകര്‍ന്ന് വീണപ്പോള്‍ നാഗ്പൂരിലെ ആര്‍.എസ്.എസ് ആസ്ഥാനത്തിന്റെ പ്രതിനിധിയായ നിതിന്‍ ഗഡ്കരിക്ക് ആമാടപ്പെട്ടിയും പൊന്നാടയുമായി പോയതും പിണറായി വിജയനാണ്, വി.ഡി സതീശനല്ല. നിര്‍മ്മല സീതാരാമനുമായി ഡല്‍ഹിയില്‍ പുട്ടും കടലയും കഴിക്കാന്‍ പോയപ്പോള്‍ സംസ്ഥന ഗവര്‍ണ്ണറെ കൂടെ കൂട്ടിയത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല. അമിത്ഷാ പറഞ്ഞപ്പോള്‍ 90 ഡിഗ്രി കുനിഞ്ഞു നിന്ന് പി.എം ശ്രീയില്‍ ഒപ്പിട്ടു കൊടുത്ത ആളുടെ പേര് പിണറായി വിജയന്‍ എന്നാണ്, വി.ഡി സതീശനെന്നല്ല. ഒരു ഘട്ടത്തില്‍ ആര്‍.എസ്.എസ് വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടെന്നും എല്ലാ ഘട്ടത്തിലും അങ്ങനെ പറഞ്ഞിട്ടില്ലെന്നും മനോരമ ചാനലിന് അഭിമുഖം നല്‍കിയ ആളുടെ പേരും പിണറായി വിജയന്‍ എന്നാണ്, വി.ഡി സതീശന്‍ എന്നല്ല. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണങ്ങള്‍ ഒഴിവാക്കുന്നതിന് പകരം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പ്രതിയാകേണ്ടിയിരുന്ന കൊടകര കുഴല്‍പ്പണ കേസ് അട്ടിമറിച്ചത് പിണറായി വിജയനാണ്, വി.ഡി സതീശനല്ല.
2006-ല്‍ പറവൂരില്‍ നടന്ന ആര്‍എസ്എസ് ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷച്ചടങ്ങില്‍ വിളക്ക് കൊളുത്തിയതിനെക്കുറിച്ചാണ് മുഖ്യമന്ത്രിയുടെ ചോദ്യം ഉന്നയിച്ചത്. ഇത് 'ഏത് ഡീലായിരുന്നെന്ന്' വ്യക്തമാക്കാന്‍ സതീശന്‍ തയ്യാറാകണമെന്ന് പിണറായി വിജയന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ആര്‍എസ്എസിന്റെ രണ്ടാം സര്‍സംഘചാലകും ഏറ്റവും കൂടുതല്‍ കാലം ആ പദവിയിലിരുന്ന വ്യക്തിയുമായ എം.എസ്. ഗോള്‍വാള്‍ക്കറുടെ ജന്മശതാബ്ദി ആഘോഷം നടന്നത് 2006 ഫെബ്രുവരിയില്‍ പറവൂര്‍ മനക്കപ്പടി സ്‌കൂളിലായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു ഈ പരിപാടി. അന്നത്തെ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുത്ത വി.ഡി. സതീശന്‍ ഗോള്‍വാള്‍ക്കറുടെ ചിത്രത്തിന് മുന്നില്‍ താണുവണങ്ങി വിളക്ക് കൊളുത്തിയതിനെക്കുറിച്ചാണ് മുഖ്യമന്ത്രി വിശദീകരണം തേടിയത്.
2001-ലെയും 2006-ലെയും നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വി.ഡി. സതീശന്‍ ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് 2022-ല്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ വെളിപ്പെടുത്തിയിരുന്നു. ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി, ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി തന്റെ കുറിപ്പില്‍ വ്യക്തമാക്കി. ഈ വിഷയത്തിലും സതീശന്‍ ഇതുവരെ വ്യക്തമായ മറുപടി നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.
2006-ലെ ഈ പരിപാടിയെക്കുറിച്ച് ചോദിക്കുമ്പോള്‍, 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞ് പ്രതിപക്ഷ നേതാവ് സ്ഥിരമായി രക്ഷപ്പെടുകയാണെന്നും പിണറായി വിജയന്‍ കുറ്റപ്പെടുത്തി. മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് ഈ വിഷയത്തില്‍ വി.ഡി. സതീശന്റെ മറുപടി അറിയാന്‍ അവകാശമുണ്ടെന്നും 2006-ലെ പറവൂരിലെ 'ഡീല്‍' എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
പിണറായി വിജയന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം:
2006ല്‍ പറവൂരില്‍ ആര്‍എസ്എസ് നടത്തിയ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷ ചടങ്ങില്‍ ഉദ്ഘാടകനായി പങ്കെടുക്കുകയും ഗോള്‍വാള്‍ക്കറുടെ ഫോട്ടോയ്ക്കു മുന്നില്‍ താണുവണങ്ങി വിളക്കു കൊളുത്തുകയും ചെയ്തത് ഏത് ഡീല്‍ ആയിരുന്നെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ വ്യക്തമാക്കണം. ഈ പരിപാടിയെ പറ്റി ചോദിക്കുമ്പോള്‍ 2013-ലെ മറ്റൊരു പരിപാടിയെപ്പറ്റി പറഞ്ഞുകൊണ്ട് സ്ഥിരമായി രക്ഷപ്പെടുകയാണ് അദ്ദേഹം. 2006-ലെ ഗോള്‍വാള്‍ക്കര്‍ ജന്മശതാബ്ദി ആഘോഷത്തില്‍ പങ്കെടുത്ത വിഷയത്തില്‍ വിഡി സതീശന്റെ മറുപടി എന്താണെന്നറിയാന്‍ മതനിരപേക്ഷ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്.
ആര്‍എസ്എസിന്റെ രണ്ടാം സര്‍ സംഘചാലകും ആ പദവിയില്‍ ഏറ്റവും കൂടുതല്‍ കാലം ഇരുന്നയാളുമായ ഗോള്‍വാള്‍ക്കറെ പൂവിട്ടു പൂജിക്കാന്‍ വിഡി സതീശന്‍ കണ്ടെത്തിയ സമയവും പ്രധാനമാണ്. 2006 ഫെബ്രുവരിയിലായിരുന്നു പറവൂര്‍ മനക്കപ്പടി സ്‌കൂളില്‍ പ്രസ്തുത പരിപാടി നടന്നത്. അതായത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ തൊട്ടുമുന്‍പ്.
2001-ലെയും 2006-ലെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ ആര്‍എസ്എസ് പിന്തുണ അഭ്യര്‍ത്ഥിച്ചുവെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷന്‍ വെളിപ്പെടുത്തിയത് 2022-ലാണ്. ഈ വിഷയത്തിലും പ്രതിപക്ഷ നേതാവ് ഇതുവരെയും വ്യക്തമായ മറുപടി നല്‍കിയിട്ടില്ല. ആര്‍എസ്എസ് പിന്തുണ ഉറപ്പാക്കാനുള്ള ശ്രമമായിരുന്നു അന്നത്തെ ഗോള്‍വാള്‍ക്കര്‍ പൂജയെന്ന് സംശയിക്കുന്നവരെ കുറ്റം പറയാന്‍ കഴിയില്ല. 2006-ല്‍ പറവൂരിലെ ഡീല്‍ എന്തായിരുന്നുവെന്ന് ഇനിയെങ്കിലും പ്രതിപക്ഷ നേതാവ് വ്യക്തമാക്കണം.
