സിപിഎമ്മിനെ വെട്ടിലാക്കുമോ മനു തോമസ്? തിരിച്ചു വരും വൈകില്ലെന്ന പ്രഖ്യാപനം കണ്ണൂര്‍ രാഷ്ട്രീയത്തില്‍ വീണ്ടും ചൂടേറിയ ചര്‍ച്ചയാകുന്നു; മനുവിന്റെ മടങ്ങി വരവ് ബിജെപി വഴിയോ അതോ കോണ്‍ഗ്രസ് വഴിയോ? സ്വര്‍ണം പൊട്ടിക്കല്‍ സംഘങ്ങളും സഖാക്കളും തമ്മിലുള്ള ബന്ധം ചര്‍ച്ചയാക്കിയ നേതാവിന് പാര്‍ട്ടിയിലേക്കുള്ള മടങ്ങിവരവ് ദുഷ്‌ക്കരം

സിപിഎമ്മിനെ വെട്ടിലാക്കുമോ മനു തോമസ്?

Update: 2026-03-26 10:31 GMT

കണ്ണൂര്‍: കണ്ണൂരിലെ ചില സി. പി. എം നേതാക്കള്‍ സ്വര്‍ണക്കടത്ത് -ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ച് പാര്‍ട്ടി വിട്ട മനു തോമസ് വീണ്ടും സജീവ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വരുന്നതായി സൂചന. താന്‍ തിരിച്ചു വരും വൈകില്ലെന്ന മനു തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റാണ് കണ്ണൂരില്‍ ചൂടേറിയ രാഷ്ട്രീയ ചര്‍ച്ചയായി മാറുന്നത്. ഡി.വൈഎഫ്‌ഐ മുന്‍ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായിരുന്ന മനു തോമസ് ഏറെ പക്വമതിയായ യുവ നേതാവായിരുന്നു.

കണ്ണൂരിന്റെ മലയോര മേഖലയില്‍ നിന്നും ഉയര്‍ന്നുവന്ന ഈ നേതാവ് കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായിരിക്കെയാണ് പാര്‍ട്ടി വിടുന്നത്. അര്‍ജുന്‍ ആയങ്കി , ആകാശ് തില്ലങ്കേരി എന്നിവര്‍ നേതൃത്വം നല്‍കുന്ന സ്വര്‍ണം പൊട്ടിക്കല്‍ - ക്വട്ടേഷന്‍ സംഘവുമായി പാര്‍ട്ടിയിലെ ഉന്നത നേതാക്കള്‍ക്ക് അവിശുദ്ധ ബന്ധമുണ്ടെന്നായിരുന്നു മനു തോമസിന്റെ ആരോപണം. സി.പി.എം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍, ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി എം.ഷാജര്‍ എന്നിവര്‍ മനു തോമസിനെതിരെ അതിശക്തമായി മുന്നോട്ടു വരികയും ചെയ്തു.

മനു തോമസ് തങ്ങള്‍ക്കെതിരെ ദുരാരോപണം ഉന്നയിക്കുന്നുവെന്നായിരുന്നു ഇവരുടെ വിമര്‍ശനം. ഇതേ ചൊല്ലിസോഷ്യല്‍ മീഡിയയില്‍ മനു തോമസും പി. ജയരാജനും തമ്മില്‍ തുറന്ന പോരുമുണ്ടായി. പാര്‍ട്ടിയില്‍ നിന്നുകൊണ്ടു സ്വന്തം ബിസിനസ് നടത്തിയയാളാണ് മനു തോമ സെന്നായിരുന്നു പി.ജയരാജന്റെ വിമര്‍ശനം. മാസങ്ങള്‍ നീണ്ട നിശബ്ദതയ്ക്കു ശേഷം പൊടുന്നനെ തിരിച്ചു വരും വൈകില്ലെന്ന മനു തോമസിന്റെ വെളിപ്പെടുത്തല്‍ സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായിട്ടുണ്ട്.

ആ പോസ്റ്റില്‍ സി.പി.എം നേതൃത്വവും ജാഗ്രതയിലാണ്. സി.പി.എം അണികളിലെ അസംതൃപ്ത വിഭാഗം മനു തോമസിന്റെ തിരിച്ചുവരവ് ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. മനു തോമസ് വീണ്ടും സി.പി.എമ്മിലേക്ക് തന്നെ വരുമെന്ന് കരുതുന്നവരുമുണ്ട്. എന്നാല്‍ നേതൃത്വത്തിനെതിരെ വെല്ലുവിളി ഉയര്‍ത്തി ഗുരുതര ആരോപണങ്ങള്‍ ഉയര്‍ത്തി പടിയിറങ്ങിയ ഒരാള്‍ അതേ പ്രസ്ഥാനത്തിലേക്ക് തിരിച്ചു വരികയെന്നത് എളുപ്പമാവില്ലെന്നാണ് ജില്ലാ നേതാക്കള്‍ പറയുന്നത്.

ഇതേ വഴി സഞ്ചരിച്ച പലരും ഒടുവില്‍ എതിര്‍ ചേരികളിലേക്ക് കൂടു മാറിയ ചരിത്രമാണ് കണ്ണൂര്‍ രാഷ്ട്രീയത്തിനുള്ളത് എം.വി ആര്‍ തൊട്ട് ഉദാഹരണങ്ങള്‍ ഒരുപാടുണ്ട്. ഇതിന് സമാനമായി മനു തോമസും നിലപാട് സ്വീകരിക്കുമോയെന്നതാണ് ഉയരുന്ന ചോദ്യം. ആദര്‍ശശുദ്ധിയുള്ള ഇടതു യുവജന നേതാവിനെ സ്വീകരിക്കുന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

മനു തോമസ് തങ്ങളോടൊപ്പം വന്നാല്‍ സ്വീകരിക്കുമെന്ന് ബി.ജെ.പി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഔദ്യോഗിക നിലപാടുകള്‍ ഇരു പാര്‍ട്ടികളും ഇതുവരെ അറിയിച്ചിട്ടില്ല. ഇതിനിടെ തന്റെ രാഷ്ട്രീയ ഭാവിയെ കുറിച്ചു ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ കൊടുമ്പിരി കൊള്ളവേ മൗനം തുടരുകയാണ് മനു തോമസ് എന്ന യുവജന നേതാവ്.

Tags:    

Similar News