2026 ജനുവരി 31ന് മോയിന്‍അലി ഷിഹാബ് തങ്ങളെ മാളിലേക്ക വിളിച്ചു വരുത്തി; മൊബൈലില്‍ കാട്ടിയത് അവ്യക്തതയുള്ള ചിത്രങ്ങളും വീഡിയോയും; പുറത്തു വിടാതിരിക്കാന്‍ ചോദിച്ചത് 15 കോടി; ബ്ലാക്ക് മെയിലിംഗ് പാളിയപ്പോള്‍ മാര്‍ച്ച് 21ന് 'ഷാനു ഷാനു' എന്ന ഐഡിയിലൂടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന പോസ്റ്റ്; പാണക്കാട് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ നടന്നത് മാസങ്ങള്‍ നീണ്ട ഗൂഡോചനയോ? പെരിന്തല്‍മണ്ണക്കാരന്‍ മുഹമ്മദ് റോഷന് പിന്നില്‍ ആര്?
മലപ്പുറം: മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റും ആത്മീയ നേതാവുമായ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച പ്രതിക്കെതിരെ പോലീസ് കേസെടുത്തത് അതിശക്തമായ വകുപ്പുകളില്‍. തങ്ങളെ മോശമായി ചിത്രീകരിക്കുന്ന വ്യാജ ഫോട്ടോകളും വീഡിയോകളും കൈവശമുണ്ടെന്ന് വിശ്വസിപ്പിച്ച് പരാതിക്കാരനില്‍ നിന്ന് 15 കോടി രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. മോയിന്‍ അലി ഷിഹാബ് തങ്ങളാണ് പരാതിക്കാരകന്‍. ഇത് അനുസരിച്ചാണ് ബ്ലാക്‌മെയിലിംഗ് അടക്കമുള്ള വകുപ്പുകള്‍ ചേര്‍ത്തത്. പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ സഹോദര പുത്രനാണ് മോയിന്‍ അലി ഷിഹാബ് തങ്ങള്‍.
2026 ജനുവരി 31-ന് പ്രതി പരാതിക്കാരനെ പെരിന്തല്‍മണ്ണയിലെ ഒരു മാളിലേക്ക് വിളിച്ചുവരുത്തി. സാദിഖലി തങ്ങളുമായി ബന്ധപ്പെട്ട വ്യാജവും അവ്യക്തവുമായ ദൃശ്യങ്ങള്‍ തന്റെ മൊബൈലില്‍ ഉണ്ടെന്ന് കാണിച്ച പ്രതി, ഇവ പ്രചരിപ്പിക്കാതിരിക്കാന്‍ 15 കോടി രൂപ ആവശ്യപ്പെട്ടു. പണം നല്‍കിയില്ലെങ്കില്‍ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുമെന്നും പോലീസില്‍ അറിയിച്ചാല്‍ വധിക്കുമെന്നും ഭീഷണിപ്പെടുത്തി. പരാതിക്കാരന്‍ പണം നല്‍കാന്‍ തയ്യാറാകാത്തതിനെത്തുടര്‍ന്ന്, മാര്‍ച്ച് 21-ന് 'ഷാനു ഷാനു' എന്ന വ്യാജ ഫേസ്ബുക്ക് ഐഡിയിലൂടെ തങ്ങളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള പോസ്റ്റ് പ്രതി പ്രചരിപ്പിച്ചു.
സമൂഹത്തില്‍ മനപ്പൂര്‍വ്വം കലാപം ഉണ്ടാക്കാനും തങ്ങള്‍ക്കും കുടുംബത്തിനും പരാതിക്കാരനും മാനഹാനി വരുത്താനുമാണ് പ്രതി ശ്രമിച്ചതെന്ന് പോലീസ് റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ ഐപിസിയിലെ വിവിധ വകുപ്പുകള്‍ പ്രകാരം പ്രതിക്കെതിരെ അന്വേഷണം ആരംഭിച്ചു. മത-രാഷ്ട്രീയ നേതാക്കളെ ഇത്തരത്തില്‍ സൈബര്‍ ആക്രമണങ്ങളിലൂടെയും ബ്ലാക്‌മെയിലിംഗിലൂടെയും തളര്‍ത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് പോലീസ് വ്യക്തമാക്കി. എഫ് ഐ ആര്‍ പരിശോധിച്ചാല്‍ ജനുവരി 31നായിരുന്നു ആദ്യ ഭീഷണി വന്നത്.
മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ അപകീര്‍ത്തിപ്പെടുത്തി ഫേസ്ബുക്കില്‍ പോസ്റ്റിട്ടത് പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് റോഷനാണ്. ഇയാള്‍ കാപ്പാ കേസ് പ്രതിയാണ്. പ്രതി ഒളിവിലെന്നാണ് പൊലീസ് പറയുന്നത്. സംഭവത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും സാദിഖലി തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാനുള്ള നീക്കത്തെ എന്ത് വിലകൊടുത്തും പാര്‍ട്ടി നിയമപരമായി നേരിടുമെന്നും മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് അന്വേഷണം തുടങ്ങിയത്.
മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ ഫേസ്ബുക്കിലൂടെ വ്യാജ ലൈംഗിക ആരോപണം ഉന്നയിച്ച സംഭവത്തില്‍ വന്‍ ഗൂഢാലോചനയെന്ന് സൂചനയുണ്ട്. തങ്ങളെ വ്യക്തിപരമായി തേജോവധം ചെയ്യാന്‍ വേണ്ടി മാത്രം നിര്‍മ്മിച്ച വ്യാജ ഐഡിയില്‍നിന്നാണ് ആരോപണം ഉയര്‍ന്നത്. വി.പി.എന്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് തായ് വാനില്‍ നിന്ന് ലോഗിന്‍ ചെയ്താണ് അക്കൗണ്ട് പ്രവര്‍ത്തിപ്പിച്ചതെന്ന് പ്രാഥമിക വിവരങ്ങള്‍ സൂചിപ്പിക്കുന്നു. മറ്റൊരു രാജ്യത്തിന്റെ ഐ.പി അഡ്രസ്സാണ് ഇതിനായി ഉപയോഗിച്ചിരിക്കുന്നത്. വിപിഎന്‍ ഉപയോഗിച്ച് ഇന്ത്യയില്‍ നിന്നു വേണമെങ്കിലും തായ് വാനില്‍ നിന്നെന്ന പോലെ പോസ്റ്റിടാം.
ആരോപണം പോസ്റ്റ് ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ഐഡി അപ്രത്യക്ഷമായി. വിവാദ പോസ്റ്റ് പിന്‍വലിച്ചതിന് പിന്നാലെ ഫേസ്ബുക്ക് അക്കൗണ്ടും ഡിലീറ്റ് ചെയ്തിരിക്കുകയാണ്. പോലീസില്‍ പരാതി നല്‍കിയതോടെ പിടിവീഴുമെന്ന് ഉറപ്പായതോടെയാണ് അക്കൗണ്ട് അടിയന്തരമായി നീക്കം ചെയ്തതെന്നാണ് കരുതപ്പെടുന്നത്. സൈബര്‍ വിദ്വേഷം പ്രചരിപ്പിക്കാന്‍ വേണ്ടി മാത്രം വിദേശ രാജ്യങ്ങളില്‍നിന്നുള്ള ഐ.പി അഡ്രസ്സുകള്‍ ഉപയോഗിച്ച് ഐഡികള്‍ നിര്‍മ്മിക്കുന്നത് ഗൗരവകരമാണെന്ന് സൈബര്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. തായ് വാന്‍ ലൊക്കേഷന്‍ കാണിച്ചെങ്കിലും ഇതിന്റെ യഥാര്‍ത്ഥ ഉറവിടം കണ്ടെത്താന്‍ പോലീസ് വിശദമായ അന്വേഷണം നടത്തി. അങ്ങനെയാണ് പെരിന്തല്‍മണ്ണയിലേക്ക് അന്വേഷണം എത്തിയത്.
