വട്ടിയൂര്‍ക്കാവ് ഹൃദയത്തിലുള്ള മണ്ഡലം.. ഇനി ഒരിക്കലും വിട്ടുപോകില്ല; പിണറായി വിജയനെ സഖാക്കള്‍ തന്നെ താഴെയിറക്കും; ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കും; അയ്യപ്പന്റെ സ്വര്‍ണ്ണം കവര്‍ന്നവരെ വെറുതേ വിടില്ല; തൃശ്ശൂരില്‍ പത്മജ വിജയിക്കില്ല; കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തില്‍ എംഎല്‍എമാരുടെ ഭൂരിപക്ഷം മാനദണ്ഡമാകും: മറുനാടന്‍ പോഡ്കാസ്റ്റില്‍ കെ മുരളീധരന്‍

കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി പദത്തില്‍ എംഎല്‍എമാരുടെ ഭൂരിപക്ഷം മാനദണ്ഡമാകും: മറുനാടന്‍ പോഡ്കാസ്റ്റില്‍ കെ മുരളീധരന്‍

Update: 2026-03-26 12:17 GMT

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ ഒരേയൊരു ലീഡറുടെ മകന്‍, കെപിസിസിക്ക് സ്വന്തമായി ആസ്ഥാനം ഉണ്ടാക്കിയ അധ്യക്ഷന്‍, കോണ്‍ഗ്രസുകാര്‍ക്കിടയിലെ തളരാത്ത പോരാളി... ഇങ്ങനെ പല വിശേഷണങ്ങള്‍ നല്‍കാം കെ മുരളീധരന്‍ എന്ന രാഷ്ട്രീയ പോരാളിക്ക്. ഇക്കുറി നിയമസഭാ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലേക്ക് തിരിച്ചെത്തിയിരിക്കയാണ് അദ്ദേഹം. ഇതോടെ ശക്തമായ ത്രികോണ പോരാട്ടത്തിനാണ് ഇക്കുറി കളമൊരുങ്ങുന്നത്. രാഷ്ട്രീയ പോരാട്ടങ്ങളുടെ കളിത്തട്ടായ വട്ടിയൂര്‍ക്കാവിലേക്ക് വീണ്ടും ജനവിധി തേടിയെത്തുമ്പോള്‍, തന്റെ മുന്‍പോട്ടുള്ള യാത്രകളെക്കുറിച്ചും രാഷ്ട്രീയ നിലപാടുകളെക്കുറിച്ചും കെ. മുരളീധരന്‍ മനസ്സ് തുറന്നു. വടകരയിലെ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിത്വവും നേമത്തെ വെല്ലുവിളികളും വട്ടിയൂര്‍ക്കാവിനോടുള്ള ആത്മബന്ധവും അദ്ദേഹം 'മറുനാടന്‍' പോഡ്കാസ്റ്റില്‍ വിശദീകരിച്ചു.

കോണ്‍ഗ്രസ് വിജയിച്ചാല്‍ ആരാകും മുഖ്യമന്ത്രിയെന്ന രാഷ്ട്രീയ ചോദ്യത്തിനും കെ മുരളീധരന്‍ മറുപടി നല്‍കി. രമേശ് ചെന്നിത്തലയുടെയും വി ഡി സതീശന്റെയു കെ സി വേണുഗോപാലിന്റെയും അടക്കം പേരുകള്‍ ഉയര്‍ന്നുവരുമ്പോഴാണ് മുരളീധരന്‍ തന്റെ നിലപാട് വ്യക്തമാക്കുന്നത്. കോണ്‍ഗ്രസില്‍ ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക എന്നാണ് മുരളീധരന്‍ വ്യക്തമാക്കിയത്. തെലങ്കാനയില്‍ താന്‍ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍ നടപ്പിലാക്കിയ മാതൃക കേരളത്തിലും പിന്തുടരുമെന്ന് അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുവെന്നും കെ മുരളീധരന്‍ അഭിമുഖത്തില്‍ പറഞ്ഞു. പിണറായി വിജയന്റെ ധിക്കാരപരമായ പെരുമാറ്റത്തില്‍ ഇടത് പ്രവര്‍ത്തകര്‍ പോലും അസംതൃപ്തരാണ്. 'ഇത്തവണ കൂടി ജയിച്ചാല്‍ പാര്‍ട്ടി തീരും' എന്ന് വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ പോലുമുണ്ടെന്ന് മുരളീധരന്‍ പറഞ്ഞു. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ വൈരാഗ്യം ആര്‍എസ്എസിന് തന്നോട് ഉണ്ടാകാമെങ്കിലും അവരുടെ വോട്ടുകള്‍ ഒരിക്കലും ശബരിമലയെ അവഹേളിച്ച സിപിഎമ്മിന് പോകില്ലെന്നും മുരളീധരന്‍ പറഞ്ഞു.


Full View


വടകരയിലെ 'സര്‍പ്രൈസ്' എന്‍ട്രി

വടകരയില്‍ പി. ജയരാജനെന്ന കരുത്തനായ ഇടത് സ്ഥാനാര്‍ത്ഥിയെ നേരിടാന്‍ പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായ കടുത്ത സമ്മര്‍ദ്ദമാണ് തന്നെ അവിടെയെത്തിച്ചതെന്ന് മുരളി വെളിപ്പെടുത്തി. 'കെ.കെ രമയും പ്രാദേശിക നേതാക്കളും ആവശ്യപ്പെട്ടപ്പോള്‍ ആദ്യം വിമുഖത കാട്ടിയെങ്കിലും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും എടുത്ത തീരുമാനത്തിന് വഴങ്ങുകയായിരുന്നു. വടകരയില്‍ ജയിച്ചെങ്കിലും വട്ടിയൂര്‍ക്കാവിലെ എംഎല്‍എ സ്ഥാനം ഒഴിയേണ്ടി വന്നത് വലിയ പ്രയാസമുണ്ടാക്കി. മണ്ഡലത്തിന്റെ അധ്യക്ഷനായി എപ്പോഴും വോട്ടര്‍മാര്‍ക്കൊപ്പം നില്‍ക്കാനായിരുന്നു എനിക്കിഷ്ടം,' അദ്ദേഹം പറഞ്ഞു.

നേമത്ത് ബിജെപി അക്കൗണ്ട് പൂട്ടിച്ചു

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ നേമത്ത് നടത്തിയ പോരാട്ടം ബിജെപിയുടെ ഏക അക്കൗണ്ട് പൂട്ടിക്കാനായിരുന്നുവെന്നും ആ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്നും മുരളീധരന്‍ അവകാശപ്പെട്ടു. നിയമസഭയില്‍ കോണ്‍ഗ്രസിനെ മുഖ്യമന്ത്രി പരിഹസിച്ചപ്പോള്‍ ആ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നു. വോട്ട് വിഹിതം 13,000-ല്‍ നിന്ന് 36,000 ആക്കി ഉയര്‍ത്താന്‍ കഴിഞ്ഞു. മൈനോറിറ്റി വോട്ടുകള്‍ എല്‍ഡിഎഫ് സമാഹരിച്ചില്ലായിരുന്നെങ്കില്‍ ഫലം മറ്റൊന്നാകുമായിരുന്നുവെന്നും ബിജെപി-യുഡിഎഫ് അവിശുദ്ധ കൂട്ടുകെട്ട് എന്ന എല്‍ഡിഎഫ് പ്രചാരണം പൊളിച്ചടുക്കാന്‍ നേമത്തെ പോരാട്ടത്തിലൂടെ സാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

വട്ടിയൂര്‍ക്കാവിനായി വികസനരേഖ

യുഡിഎഫ് സര്‍ക്കാര്‍ വട്ടിയൂര്‍ക്കാവില്‍ തുടക്കമിട്ട രണ്ടാം മെഡിക്കല്‍ കോളേജ് എല്‍ഡിഎഫ് സര്‍ക്കാര്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പൂട്ടുകയായിരുന്നുവെന്ന് മുരളി ആരോപിച്ചു. അധികാരത്തില്‍ തിരിച്ചെത്തിയാല്‍ പൂട്ടിക്കിടക്കുന്ന മെഡിക്കല്‍ കോളേജ് പുനരാരംഭിക്കും. വട്ടിയീര്‍ക്കാവ് ജംഗ്ഷന്‍ വികസനം പൂര്‍ത്തിയാക്കും. പള്ളികളെയും ക്ഷേത്രങ്ങളെയും ബാധിക്കാത്ത പഴയ അലൈന്‍മെന്റ് പ്രകാരം വട്ടിയൂര്‍ക്കാവ് ജംഗ്ഷന്‍ വികസനം പൂര്‍ത്തിയാക്കുമെന്നും മുരളീധരന്‍ പറഞ്ഞു. ഇ. ശ്രീധരന്‍ വിഭാവനം ചെയ്ത പഴയ പ്ലാന്‍ അനുസരിച്ച് തലസ്ഥാനത്ത് മെട്രോ യാഥാര്‍ത്ഥ്യമാക്കുമെന്നു അദ്ദേഹം പറഞ്ഞു.

ശബരിമലയും രാഷ്ട്രീയ ശൈലിയും

ശബരിമലയിലെ ആചാരലംഘനവും സ്വര്‍ണ്ണക്കവര്‍ച്ചയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ചര്‍ച്ചയാകുമെന്ന് മുരളി പറഞ്ഞു. സ്വര്‍ണ്ണം കവര്‍ന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. മുഖ്യമന്ത്രി പിണറായി വിജയന്റെ ശൈലിയെ കെ. കരുണാകരനുമായി താരതമ്യം ചെയ്ത അദ്ദേഹം, ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ രാജിവെച്ച കരുണാകരന്റെ മാതൃകയ്ക്ക് വിപരീതമാണ് സ്വന്തം ഇഷ്ടങ്ങള്‍ ഉദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിക്കുന്ന പിണറായിയുടെ രീതിയെന്ന് വിമര്‍ശിച്ചു.

രാഷ്ട്രീയത്തിന് അപ്പുറം സഹോദര സ്‌നേഹം

സഹോദരി പത്മജ വേണുഗോപാലുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യത്തിന്, രാഷ്ട്രീയത്തിന് അപ്പുറം സ്‌നേഹമുണ്ടെങ്കിലും നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. താന്‍ വെള്ളിസ്പൂണുമായി ജനിച്ച ആളാണെന്ന പ്രചാരണം തെറ്റാണെന്നും അച്ഛന്റെ രാഷ്ട്രീയ യാത്രകള്‍ കണ്ടാണ് വളര്‍ന്നതെന്നും പറഞ്ഞ അദ്ദേഹം, തൃശൂരില്‍ വിജയം യുഡിഎഫിനൊപ്പമായിരിക്കുമെന്നും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വട്ടിയൂര്‍ക്കാവ് തനിക്ക് വെറുമൊരു മണ്ഡലമല്ലെന്നും ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന കുടുംബമാണെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇടക്കാലത്ത് വടകരയിലേക്കും തൃശൂരിലേക്കും പോകേണ്ടി വന്നത് പാര്‍ട്ടിയുടെ പ്രത്യേക സാഹചര്യങ്ങള്‍ കൊണ്ടാണെന്നും വട്ടിയൂര്‍ക്കാവിലെ മണ്ണ് തന്നെ ചതിക്കില്ലെന്ന ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇനി ലോക്‌സഭയിലേക്കില്ലെന്നും വട്ടിയൂര്‍ക്കാവില്‍ തന്നെ ഉറച്ചുനില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

പത്മജ വേണുഗോപാലിന്റെ അപ്രതീക്ഷിത പാര്‍ട്ടി മാറ്റം സൃഷ്ടിച്ച പ്രതിസന്ധി പരിഹരിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരം തൃശൂരിലേക്ക് പോയത്. മണ്ഡലം വിട്ടുപോയെന്ന എല്‍ഡിഎഫ് വിമര്‍ശനത്തിന് കൃത്യമായ മറുപടി മുരളീധരനുണ്ട്. 'ഞാന്‍ രാജിവെച്ചപ്പോള്‍ ഉടന്‍ ഉപതിരഞ്ഞെടുപ്പ് നടന്നു. എന്നാല്‍ വട്ടിയൂര്‍ക്കാവില്‍ നിന്ന് ജയിച്ച വി.കെ. പ്രശാന്ത് മേയര്‍ സ്ഥാനം രാജിവെച്ചപ്പോള്‍ ആ വാര്‍ഡ് കോവിഡ് കാലത്ത് കൗണ്‍സിലര്‍ പോലുമില്ലാത്ത അവസ്ഥയിലായി. വട്ടിയൂര്‍ക്കാവില്‍ പുതിയ എംഎല്‍എ വരുന്നത് വരെ എല്ലാ കാര്യങ്ങളിലും ഞാന്‍ സജീവമായിരുന്നു,' അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

തൃശ്ശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥി പത്മജ വേണുഗോപാല്‍ വിജയിക്കില്ലെന്നും അവിടെ പോരാട്ടം യുഡിഎഫും എന്‍ഡിഎയും തമ്മിലാണെന്നും മുരളി പറഞ്ഞു. പത്മജയുമായി വ്യക്തിപരമായ സ്‌നേഹബന്ധമുണ്ടെങ്കിലും അവര്‍ പാര്‍ട്ടി വിട്ട രീതി ശരിയായില്ല. 'അച്ഛന്‍ ജീവിച്ചിരുന്നെങ്കില്‍ പത്മജയെ ഒരിക്കലും പാര്‍ട്ടി വിടാന്‍ സമ്മതിക്കില്ലായിരുന്നു. അന്ന് കോണ്‍ഗ്രസുകാരിയായിരുന്നെങ്കില്‍ ഇത്തവണ പത്മജ 110 ശതമാനം ജയിക്കുമായിരുന്നു. തൃശ്ശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ആലംകോട് ലീലാകൃഷ്ണന്‍ രാഷ്ട്രീയമായി സ്വാധീനമുള്ള ആളല്ല. അവിടെ എല്‍ഡിഎഫ് മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെടും,' അദ്ദേഹം പരിഹസിച്ചു.

വോട്ട് ബാങ്കുകള്‍ യുഡിഎഫിലേക്ക്

കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോയത് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലെ പാളിച്ചയും ബിജെപിയെ തടയാന്‍ എല്‍ഡിഎഫിനേ കഴിയൂ എന്ന തെറ്റായ പ്രചാരണവും മൂലമാണെന്ന് മുരളി നിരീക്ഷിച്ചു. എന്നാല്‍ ഇത്തവണ ചിത്രം മാറി. എല്‍ഡിഎഫിന്റെ കാപട്യം തിരിച്ചറിഞ്ഞ മുസ്ലിം, ക്രിസ്ത്യന്‍ വോട്ടുകള്‍ യുഡിഎഫിലേക്ക് തിരിച്ചുവരികയാണ്. ലത്തീന്‍, സിഎസ്‌ഐ, മലങ്കര കത്തോലിക്ക സഭകളുടെ വോട്ടുകളില്‍ വലിയ ഏകീകരണം ദൃശ്യമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. പട്ടത്തെ വിവിധ സഭാ ആസ്ഥാനങ്ങള്‍ ഉള്‍പ്പെടുന്ന വട്ടിയൂര്‍ക്കാവ് ശരിക്കും തിരുവനന്തപുരം നഗരത്തിന്റെ ഹൃദയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സുധാകരനും പിണറായിയും: വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം

മുന്‍ കെപിസിസി അധ്യക്ഷന്‍ കെ. സുധാകരനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള രാഷ്ട്രീയ വൈര്യം വ്യക്തിപരമായ വിയോജിപ്പുകള്‍ക്ക് അപ്പുറമാണെന്ന് മുരളി പറഞ്ഞു. 'പിണറായിയുടെ നാട്ടില്‍ ജനിച്ചത് അപമാനമാണെന്ന് പറഞ്ഞ സുധാകരന്‍ ഒരിക്കലും സിപിഎമ്മിനോട് വിട്ടുവീഴ്ച ചെയ്യില്ല. 92-ല്‍ കണ്ണൂരിന്റെ ചുമതലയുള്ള കെപിസിസി സെക്രട്ടറി ആയിരുന്ന കാലം മുതല്‍ എനിക്കറിയാം സുധാകരന്റെ ചങ്കുറപ്പ്. വെടിയുണ്ടകളെ അതിജീവിച്ച അദ്ദേഹം പിണറായിക്ക് മുന്നില്‍ കീഴടങ്ങില്ല,' മുരളി വ്യക്തമാക്കി.

ഭരണവിരുദ്ധ വികാരവും നേമത്തെ വാശിയും

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നുണ്ട്. പിണറായി വിജയന്റെ ധിക്കാരപരമായ പെരുമാറ്റത്തില്‍ ഇടത് പ്രവര്‍ത്തകര്‍ പോലും അസംതൃപ്തരാണ്. 'ഇത്തവണ കൂടി ജയിച്ചാല്‍ പാര്‍ട്ടി തീരും' എന്ന് വിശ്വസിക്കുന്ന മാര്‍ക്‌സിസ്റ്റ് പ്രവര്‍ത്തകര്‍ പോലുമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. നേമത്ത് ബിജെപിയുടെ അക്കൗണ്ട് പൂട്ടിച്ചതിന്റെ വൈരാഗ്യം ആര്‍എസ്എസിന് തന്നോട് ഉണ്ടാകാമെങ്കിലും അവരുടെ വോട്ടുകള്‍ ഒരിക്കലും ശബരിമലയെ അവഹേളിച്ച സിപിഎമ്മിന് പോകില്ലെന്നും മുരളീധരന്‍ പറഞ്ഞു.

സി.പി.എമ്മിലെ വ്യക്തിപൂജയും 'ക്യാപ്റ്റന്‍' പ്രയോഗവും സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ വലിയ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും ഇത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും കെ. മുരളീധരന്‍ പറഞ്ഞു. ഇ.എം.എസ് നയിച്ചിരുന്ന കാലത്തുപോലും ഉണ്ടാകാത്ത അപ്രമാദിത്വമാണ് ഇപ്പോള്‍ പാര്‍ട്ടിയില്‍ നടക്കുന്നത്. മുഖ്യമന്ത്രിക്ക് മുന്നില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പോലും അപ്രസക്തനാകുന്ന കാഴ്ചയാണ് എകെജി സെന്റര്‍ ഉദ്ഘാടന ചടങ്ങിലടക്കം കണ്ടതെന്നും അദ്ദേഹം പോഡ്കാസ്റ്റില്‍ വിമര്‍ശിച്ചു.

ഇളകുന്ന പാര്‍ട്ടിക്കോട്ടകള്‍

കണ്ണൂരിലെ സി.പി.എം കുത്തക സീറ്റുകളില്‍ ഇത്തവണ വലിയ മാറ്റമുണ്ടാകുമെന്ന് മുരളി നിരീക്ഷിക്കുന്നു. 'പയ്യന്നൂരിലെ കുഞ്ഞികൃഷ്ണനും തളിപ്പറമ്പിലെ ഗോവിന്ദനും പാര്‍ട്ടി വിട്ടത് നിസ്സാരമായി കാണാനാവില്ല. വടകരയില്‍ കെ.കെ. രമ ഉണ്ടാക്കിയ മുന്നേറ്റം ഇതിന് ഉദാഹരണമാണ്. പേരാമ്പ്രയില്‍ ഫാത്തിമയും തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യരും നടത്തുന്ന പോരാട്ടം സി.പി.എം വിരുദ്ധ വോട്ടുകളുടെ ഏകീകരണത്തിന് സഹായിക്കും,' അദ്ദേഹം പറഞ്ഞു. കെ. സുധാകരനെ ധര്‍മ്മടത്ത് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിപ്പിക്കാമായിരുന്നുവെന്നത് തന്റെ വ്യക്തിപരമായ അഭിപ്രായമായിരുന്നുവെന്നും മുരളി വെളിപ്പെടുത്തി.

വികസനത്തിനായി 'പൊട്ടിത്തെറിക്കും'

തിരഞ്ഞെടുപ്പിന് ശേഷം മന്ത്രിയാക്കണോ എന്നത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും എന്നാല്‍ മണ്ഡലത്തിന്റെ വികസനത്തിന് ഫണ്ട് ലഭിച്ചില്ലെങ്കില്‍ താന്‍ 'പൊട്ടിത്തെറിക്കുമെന്നും' മുരളി മുന്നറിയിപ്പ് നല്‍കി. 'പത്തു വയസ്സു മുതല്‍ മന്ത്രിമന്ദിരങ്ങള്‍ കണ്ടു വളര്‍ന്ന എനിക്ക് പദവികളില്‍ മോഹമില്ല. എനിക്കിഷ്ടം ജനങ്ങള്‍ക്കിടയിലെ ഈ ഓട്ടമാണ്. വട്ടിയൂര്‍ക്കാവ് ജയിച്ചാല്‍ ഇനിയുള്ള കാലം ഈ മണ്ഡലത്തിന് വേണ്ടി മാത്രമായിരിക്കും. ഇനി പാര്‍ലമെന്റ് രാഷ്ട്രീയത്തിലേക്കോ മറ്റ് മണ്ഡലങ്ങളിലേക്കോ ഇല്ല,' അദ്ദേഹം വ്യക്തമാക്കി.

മുഖ്യമന്ത്രി പദം: എംഎല്‍എമാരുടെ ഭൂരിപക്ഷം മാനദണ്ഡം

കോണ്‍ഗ്രസില്‍ ഇത്തവണ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എംഎല്‍എമാരുടെ അഭിപ്രായം തേടിയ ശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. തെലങ്കാനയില്‍ താന്‍ സ്‌ക്രീനിംഗ് കമ്മിറ്റി ചെയര്‍മാനായിരുന്നപ്പോള്‍ നടപ്പിലാക്കിയ മാതൃക (67ല്‍ 47 പേര്‍ രേവന്ത് റെഡ്ഡിയെ പിന്തുണച്ചത്) കേരളത്തിലും പിന്തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ആറന്മുളയിലും കോന്നിയിലും കമ്മ്യൂണല്‍ ബാലന്‍സിങ് നോക്കിയപ്പോള്‍ റിങ്കു ചെറിയാനെപ്പോലെയുള്ളവര്‍ക്ക് സീറ്റ് നഷ്ടമായതില്‍ അദ്ദേഹം ഖേദം പ്രകടിപ്പിച്ചു.

അവിസ്മരണീയമായ 'അമ്മ' ഓര്‍മ്മകള്‍

അമ്മ കല്യാണിക്കുട്ടി അമ്മ രാഷ്ട്രീയത്തില്‍ ഒരിക്കലും ഇടപെട്ടിരുന്നില്ലെന്നും കുടുംബകാര്യങ്ങളില്‍ അച്ഛന്‍ അമ്മയ്ക്ക് പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയിരുന്നതായും മുരളി അനുസ്മരിച്ചു. 'ഞങ്ങള്‍ വെള്ളിക്കരണ്ടി ആയിട്ട് ജനിച്ചവരാണെന്നത് തെറ്റായ ധാരണയാണ്. ഒരു കാലത്ത് വാടക വീട്ടിലായിരുന്നു താമസം. 57-ല്‍ അച്ഛന്‍ തോറ്റപ്പോള്‍ വലിയ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിച്ചിട്ടുണ്ട്. അമ്മയുടെ മരണം അച്ഛനെ ശാരീരികമായും മാനസികമായും തളര്‍ത്തി. ആ ശൂന്യതയാണ് അച്ഛന്റെ പതനത്തിന് കാരണമായത്,' അദ്ദേഹം പറഞ്ഞു. 2005-ല്‍ ഡിഐസി രൂപീകരിച്ച സമയത്ത് അച്ഛനുണ്ടായ മാനസിക പ്രയാസം താന്‍ നേരിട്ട് കണ്ടതാണെന്നും മുരളി കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരം നഗരത്തിന്റെ ഹൃദയഭാഗമായ വട്ടിയൂര്‍ക്കാവില്‍ ഇത്തവണ പോരാട്ടം യുഡിഎഫും ബിജെപിയും തമ്മിലാണെന്നും, വിജയം കൈപ്പത്തിക്കായിരിക്കുമെന്നും മുരളീധരന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു.യുഡിഎഫ് സര്‍ക്കാര്‍ വട്ടിയൂര്‍ക്കാവില്‍ തുടക്കമിട്ട രണ്ടാം മെഡിക്കല്‍ കോളേജ് എല്‍ഡിഎഫ് സര്‍ക്കാര്‍ അടച്ചുപൂട്ടിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും അധികാരത്തില്‍ തിരിച്ചെത്തിയാല്‍ അത് പുനരാരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ആചാരലംഘനവും അഴിമതിയും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചാവിഷയമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിലെ സ്വര്‍ണ്ണക്കവര്‍ച്ച അന്വേഷിക്കും

ശബരിമലയിലെ സ്വര്‍ണ്ണമോഷണക്കേസിലെ പ്രതികള്‍ ഇന്ന് പുറത്തിറങ്ങി നടക്കുകയാണെന്നും യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കര്‍ശനമായ അന്വേഷണം നടത്തുമെന്നും അദ്ദേഹം ഉറപ്പു നല്‍കി. 'സ്വര്‍ണ്ണം കവര്‍ന്നവരെ വിടില്ല. യുവതീപ്രവേശനത്തിനായി സ്ത്രീകളെ പുരഷവേഷം കെട്ടിച്ച് കൊണ്ടുപോയി ആചാരം ലംഘിച്ച മുഖ്യമന്ത്രിയെ അയ്യപ്പന്റെ ശാപം വേട്ടയാടുന്നുണ്ട്. അയ്യപ്പ സംഗമത്തിന്റെ പേരില്‍ കോടികള്‍ ധൂര്‍ത്തടിച്ചതിനെക്കുറിച്ചും അന്വേഷണം നടത്തും. ശബരിമല വിഷയത്തില്‍ യുഡിഎഫിന് ഒത്തുതീര്‍പ്പുകളില്ല,' അദ്ദേഹം വ്യക്തമാക്കി.

കരുണാകരനും പിണറായിയും: രണ്ടു ശൈലികള്‍

ഉദ്യോഗസ്ഥരെ വിശ്വസിക്കുന്ന കാര്യത്തില്‍ കെ. കരുണാകരനും പിണറായി വിജയനും നേര്‍വിപരീത ദിശയിലാണെന്ന് മുരളി നിരീക്ഷിച്ചു. 'രാജന്‍ കേസിലുള്‍പ്പെടെ ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് അച്ഛന്‍ രാജി വെച്ചത്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. എന്നാല്‍ പിണറായി വിജയന്‍ സ്വന്തം തീരുമാനങ്ങള്‍ ഉദ്യോഗസ്ഥരില്‍ അടിച്ചേല്‍പ്പിക്കുകയാണ്. തെറ്റുകള്‍ ചൂണ്ടിക്കാണിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഭയമാണ്. മുഖ്യമന്ത്രിയുടെ ഇഷ്ടത്തിനനുസരിച്ച് മൂളിപ്പൊട്ടുന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ഒടുവില്‍ കുഴിയില്‍ ചാടിക്കും,' മുരളി പരിഹസിച്ചു.

മുഖ്യമന്ത്രിക്ക് സമനില തെറ്റിയ അവസ്ഥയാണെന്നും ക്ലിഫ് ഹൗസില്‍ നിന്ന് ഇറങ്ങാതിരിക്കാനുള്ള തന്ത്രങ്ങളാണ് അദ്ദേഹം പയറ്റുന്നതെന്നും മുരളി ആരോപിച്ചു. കെ. സുധാകരനെതിരെയുള്ള അധിക്ഷേപങ്ങളും മാധ്യമങ്ങളോടുള്ള പരുഷമായ പെരുമാറ്റവും ഇതിന്റെ തെളിവാണ്. സിപിഎമ്മിന്റെ ഇത്തവണത്തെ കണക്കുകൂട്ടലുകള്‍ എല്ലാം പിഴയ്ക്കുമെന്നും ഭരണവിരുദ്ധ വികാരം മൂലം ഇടത് മുന്നണിക്ക് ദയനീയ പരാജയമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags:    

Similar News