അമ്പലപ്പുഴയില്‍ ജി. സുധാകരന് 'തെങ്ങിന്‍ തോപ്പ്'; അന്‍വറിന് ഗ്യാസ് സിലിണ്ടര്‍; പത്രിക പിന്‍വലിക്കാതെ നാല് അപരന്മാര്‍; അജിത് പവാര്‍ വിഭാഗത്തിന്റെ 'കളിയില്‍' ക്ലോക്ക് കിട്ടാത്ത കലിപ്പില്‍ എ.കെ.ശശീന്ദ്രന്‍; ദേവര്‍കോവിലിന് ഗ്ലാസുമില്ല; പതിവ് ചിഹ്നങ്ങള്‍ കൈവിട്ടുപോയപ്പോള്‍ അങ്കലാപ്പില്‍ മുന്നണികള്‍
പതിവ് ചിഹ്നങ്ങള്‍ കൈവിട്ടുപോയപ്പോള്‍ അങ്കലാപ്പില്‍ മുന്നണികള്‍
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പില്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം മൂന്ന് മണിയോടെ അവസാനിച്ചതോടെ മത്സരചിത്രം തെളിഞ്ഞു. ഇതോടെ, പ്രധാന മുന്നണികളുടെ പിന്തുണയോടെ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും മറ്റ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും തിരഞ്ഞെടുപ്പ് ചിഹ്നങ്ങള്‍ അനുവദിച്ചു. ചില പ്രമുഖ സ്ഥാനാര്‍ത്ഥികള്‍ക്ക് പതിവ് ചിഹ്നങ്ങള്‍ ലഭിക്കാതെ വന്നത് തിരിച്ചടിയായി.
അമ്പലപ്പുഴയില്‍ യു.ഡി.എഫ് പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജി. സുധാകരന് തെങ്ങിന്‍ തോപ്പ് ചിഹ്നമായി ലഭിച്ചു. ബേപ്പൂരില്‍ യു.ഡി.എഫ് പിന്തുണയോടെ മത്സരിക്കുന്ന പി.വി. അന്‍വറിന് ഗ്യാസ് സിലിണ്ടര്‍ ചിഹ്നം അനുവദിച്ചപ്പോള്‍, അദ്ദേഹത്തിന്റെ നാല് അപരന്മാര്‍ പത്രിക പിന്‍വലിച്ചില്ല. തിരുവനന്തപുരം സെന്‍ട്രലിലെ യു.ഡി.എഫ് സി.എം.പി സ്ഥാനാര്‍ത്ഥി സി.പി. ജോണിന് കപ്പല്‍ ചിഹ്നവും, ഇതേ മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സുധീര്‍ കരമനയ്ക്ക് ക്യാമറ ചിഹ്നവും ലഭിച്ചു. പാലക്കാട്ടെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി എന്‍.എം.ആര്‍. റസാഖിന് കുടം ചിഹ്നം അനുവദിച്ചു.
മറ്റ് മണ്ഡലങ്ങളിലെ ചിഹ്ന വിതരണം ഇങ്ങനെ
തളിപ്പറമ്പിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ടി.കെ. ഗോവിന്ദന് ഗ്യാസ് സിലിണ്ടര്‍ ലഭിച്ചു. കോവളം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഭഗത് റൂഫസിന് മുന്തിരിയും, പയ്യന്നൂരിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി വി. കുഞ്ഞികൃഷ്ണന് ഇലക്ട്രിക് പോളും ആണ് ചിഹ്നമായി ലഭിച്ചത്.
എലത്തൂരില്‍ എ.കെ. ശശീന്ദ്രന് തിരിച്ചടിയായി, അജിത് പവാര്‍ വിഭാഗം സ്ഥാനാര്‍ത്ഥി പി.കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നം അനുവദിച്ചു. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിലും എ.കെ. ശശീന്ദ്രന് ക്ലോക്ക് ചിഹ്നത്തിലാണ് മത്സരിച്ചിരുന്നത്. പത്രിക സൂക്ഷ്മ പരിശോധനയുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നാടകീയ സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. നിയമപരമായി ക്ലോക്ക് ചിഹ്നം അനുവദിക്കാനാകില്ലെന്നാണ് എ.കെ. ശശീന്ദ്രന്‍ വിഭാഗത്തിന്റെ വാദം. പത്രികയില്‍ അജിത് പവാര്‍ വിഭാഗം പ്രസിഡന്റിന്റെ ഒപ്പ് ഇട്ടിട്ടില്ലെന്നും നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്നും പാര്‍ട്ടി വര്‍ക്കിംഗ് പ്രസിഡന്റ് പി.എം. സുരേഷ് ബാബു അറിയിച്ചു.
കോഴിക്കോട് സൗത്തില്‍ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഹമ്മദ് ദേവര്‍കോവിലിനും ഇത്തവണ പതിവ് ചിഹ്നം ലഭിച്ചില്ല. അദ്ദേഹത്തിന് ബക്കറ്റ് ചിഹ്നമാണ് അനുവദിച്ചത്. ദേവര്‍കോവില്‍ ഗ്ലാസ് ചിഹ്നത്തില്‍ പോസ്റ്ററുകള്‍ അടിച്ച് പ്രചാരണം തുടങ്ങിയിരുന്നു. 2025-ല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ച ചിഹ്നങ്ങളുടെ പട്ടികയില്‍ ഗ്ലാസ് ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
