ട്രംപിന്റെ സമാധാന പദ്ധതി ഔദ്യോഗികമായി തള്ളി ഇറാന്‍; ഏകപക്ഷീയവും അന്യായവുമായ പതിനഞ്ചിന പദ്ധതി കരയുദ്ധത്തിന് അമേരിക്കയ്ക്ക് സമയം കണ്ടെത്താന്‍; അന്ത്യ ശാസനത്തിന് പിന്നാലെ മധ്യസ്ഥര്‍ വഴി മറുപടി നല്‍കി ഭരണകൂടം; ഇസ്രയേല്‍ ഹിറ്റ് ലിസ്റ്റില്‍ നിന്ന് രണ്ടുഇറാന്‍ നേതാക്കളെ ഒഴിവാക്കിയെന്ന് പാക്കിസ്ഥാന്‍; യുദ്ധത്തിന്റെ 27-ാം നാളിലും കനത്ത നാശനഷ്ടം
ട്രംപിന്റെ സമാധാന പദ്ധതി ഔദ്യോഗികമായി തള്ളി ഇറാന്‍
ടെഹ്‌റാന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന പദ്ധതി ഇറാന്‍ ഔദ്യോഗികമായി തള്ളി. ഈ പദ്ധതി 'ഏകപക്ഷീയവും അന്യായവുമാണെന്നും' കരയുദ്ധത്തിനുള്ള ഒരു മറയായാണ് അമേരിക്ക ഇതിനെ ഉപയോഗിക്കുന്നതെന്നും ഇറാന്‍ ഭരണകൂടെ കുറ്റപ്പെടുത്തി.
കരയുദ്ധത്തിന് സമയം കണ്ടെത്താനെന്ന് ഇറാന്‍
വാഷിംഗ്ടണ്‍ മുന്നോട്ടുവെച്ച 15 ഇന നിര്‍ദ്ദേശങ്ങള്‍ക്ക് മധ്യസ്ഥര്‍ മുഖേന ഇറാന്‍ മറുപടി നല്‍കി. തസ്‌നിം വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ആഗോള എണ്ണവില കുറച്ചുനിര്‍ത്താനും കരയുദ്ധത്തിനുള്ള തയ്യാറെടുപ്പിന് 'സമയം കണ്ടെത്താനുമാണ്' ട്രംപ് നയതന്ത്രത്തിന്റെ മുഖംമൂടി അണിയുന്നതെന്ന് ഇറാന്‍ വൃത്തങ്ങള്‍ ആരോപിച്ചു.
ഇറാനിലെ 'വിചിത്രമനസ്‌കര്‍' ആയ നേതാക്കള്‍ ഉടന്‍ ഗൗരവകരമായ നിലപാട് സ്വീകരിക്കണമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെയാണ് ഈ നീക്കം. യുദ്ധത്തില്‍ 'അന്തിമ പ്രഹരം' ഏല്‍പ്പിക്കാന്‍ കരസേനയെ വിന്യസിക്കുന്നതും വന്‍തോതിലുള്ള ബോംബാക്രമണവും ഉള്‍പ്പെടെയുള്ള സൈനിക നീക്കങ്ങള്‍ പെന്റഗണ്‍ തയ്യാറാക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം പാകിസ്ഥാന്‍ വഴി കൈമാറിയ സമാധാന നിര്‍ദ്ദേശം ഇറാന്‍ തള്ളിയെങ്കിലും, യുദ്ധം അവസാനിപ്പിക്കാനുള്ള കരാറിനായി ടെഹ്റാന്‍ ഇരക്കുകയാണെന്ന്' ട്രംപ് അവകാശപ്പെട്ടു. 'വളരെ വൈകുന്നതിന് മുന്‍പ് അവര്‍ ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്, കാരണം ഒരിക്കല്‍ അത് സംഭവിച്ചാല്‍ പിന്നെ ഒരു തിരിച്ചുപോക്കില്ല, അത് ഒട്ടും ഭംഗിയുള്ളതുമാകില്ല!' - ട്രംപ് ട്രൂത്ത് സോഷ്യലില്‍ കുറിച്ചു.
ഹോര്‍മുസ് കടലിടുക്കിലെ ഉപരോധം തുടരുകയും ചര്‍ച്ചകളില്‍ പുരോഗതി ഉണ്ടാകാതിരിക്കുകയും ചെയ്താല്‍, യുദ്ധം ഭയാനകമായ രീതിയില്‍ വഷളാകുമെന്ന് ആഭ്യന്തര വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
അബ്ബാസ് അരാഗ്ചിയെയും മുഹമ്മദ് ബഖര്‍ ഖലിബാഫിനെയും വധിക്കില്ല
ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി, പാര്‍ലമെന്റ് സ്പീക്കര്‍ മുഹമ്മദ് ബഖര്‍ ഖലിബാഫ് എന്നിവരെ വധിക്കാനുള്ള നീക്കത്തില്‍ നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിച്ചത് പാകിസ്ഥാന്റെ ഇടപെടലാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഒരു ഉന്നത പാക് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇറാന്‍ വിദേശകാര്യ മന്ത്രിയെയും സ്പീക്കറെയും വധിക്കാന്‍ ഇസ്രയേല്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍, ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കുന്ന ഈ ഉന്നത നേതാക്കള്‍ കൂടി ഇല്ലാതായാല്‍ പിന്നെ സമാധാനത്തിനായി സംസാരിക്കാന്‍ ആരുമുണ്ടാകില്ലെന്ന് പാകിസ്ഥാന്‍ അമേരിക്കയെ ധരിപ്പിച്ചു. തുടര്‍ന്ന് യുഎസ് നടത്തിയ സമ്മര്‍ദ്ദത്തെത്തുടര്‍ന്നാണ് ഇസ്രയേല്‍ ഇവരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയത്. ഏകദേശം നാല് മുതല്‍ അഞ്ച് ദിവസത്തേക്കാണ് ഈ താല്‍ക്കാലിക ഇളവ് അനുവദിച്ചിരിക്കുന്നത്.
യുദ്ധം അവസാനിപ്പിക്കാനുള്ള ശ്രമങ്ങളില്‍ പാകിസ്ഥാന്‍, ഈജിപ്ത്, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ സജീവമായ മധ്യസ്ഥത വഹിക്കുന്നുണ്ട്. ഇസ്രയേല്‍-ഇറാന്‍ സമാധാന ചര്‍ച്ചകള്‍ വഴിമുട്ടാതിരിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് വാള്‍സ്ട്രീറ്റ് ജേണലും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഹോര്‍മുസ് കടലിടുക്കില്‍ ഇന്ത്യയ്ക്ക് ആശ്വാസം
അതേസമയം, ഹോര്‍മുസ് കടലിടുക്കിലെ ഉപരോധത്തില്‍ നിര്‍ണ്ണായക വ്യക്തതയുമായി ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി രംഗത്തെത്തി. തന്ത്രപ്രധാന രാജ്യങ്ങളായ ഇന്ത്യ, ചൈന, റഷ്യ, പാകിസ്താന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള കപ്പലുകള്‍ക്ക് കടലിടുക്ക് വഴി കടന്നുപോകാന്‍ അനുമതി നല്‍കിയിട്ടുണ്ട്. ഹോര്‍മുസ് കടലിടുക്ക് പൂര്‍ണ്ണമായി അടച്ചിട്ടില്ലെന്നും ശത്രുരാജ്യങ്ങള്‍ക്കായി മാത്രമാണ് നിയന്ത്രണമെന്നുമാണ് ഇറാന്‍ വ്യക്തമാക്കുന്നത്. ഇത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളുടെ ഊര്‍ജ്ജ സുരക്ഷയ്ക്ക് വലിയ ആശ്വാസമാകും.
യുദ്ധം: 27 ാം ദിവസം: നാശനഷ്ടങ്ങള്‍
അബുദബിക്ക് നേരെ തൊടുത്ത ബാലിസ്റ്റിക് മിസൈല്‍ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്തതിനെത്തുടര്‍ന്ന്, അവശിഷ്ടങ്ങള്‍ വീണ് രണ്ട് പേര്‍ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ദക്ഷിണ ലെബനനില്‍ തുടരുന്ന സൈനിക നീക്കത്തിനിടെ 21 വയസ്സുള്ള ഇസ്രയേല്‍ സൈനികന്‍ കൊല്ലപ്പെട്ടതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു. ഇറാനിലേക്ക് ഡ്രോണുകള്‍ അയക്കുന്നു എന്ന വാര്‍ത്തകള്‍ നിഷേധിച്ച റഷ്യ, മാധ്യമങ്ങള്‍ 'അസത്യങ്ങള്‍' പ്രചരിപ്പിക്കുകയാണെന്ന് കുറ്റപ്പെടുത്തി.
അമേരിക്ക മുന്നോട്ടുവെച്ച സമാധാന നിര്‍ദ്ദേശം ഇറാന്‍ തള്ളിയതോടെ ആഗോളതലത്തില്‍ ഓഹരി വിപണികള്‍ ഇടിയുകയും എണ്ണവില കുത്തനെ ഉയരുകയും ചെയ്തു. ഇതിനിടെ, ഹോര്‍മുസ് കടലിടുക്ക് വഴി കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ടോള്‍ ഈടാക്കാനുള്ള ബില്ലിന് ഇറാന്‍ പാര്‍ലമെന്റ് തയ്യാറെടുക്കുകയാണ്. ഇറാന്റെ ഉന്നത നാവികസേനാ കമാന്‍ഡര്‍ അലിറേസ തങ്സിരിയെ വ്യോമാക്രമണത്തില്‍ വധിച്ചതായി ഇസ്രയേല്‍ അവകാശപ്പെട്ടു. യുഎഇ, സൗദി അറേബ്യ, കുവൈറ്റ് തുടങ്ങിയ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ഡ്രോണ്‍ ആക്രമണങ്ങള്‍ തുടരുകയാണ്; ഈ രാജ്യങ്ങളെല്ലാം തന്നെ ഡ്രോണുകളെ തങ്ങളുടെ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകര്‍ത്തു.
ഇറാന്‍, അമേരിക്ക, ഇസ്രയേല്‍, യുദ്ധം, 27-ാം ദിവസം, പതിനഞ്ചിന പദ്ധതി, തള്ളല്‍, ഇറാന്‍ ഭരണകൂടം, അബ്ബാസ് അരാഗ്ചി, മുഹമ്മദ് ബഖര്‍ ഖലിബാഫി, ഹിറ്റ് ലിസ്റ്റ്
