കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം; ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് ഉപദ്രവിക്കുന്നു എന്ന പരാതിയുമായി രംഗത്ത്; രാജകുടുംബത്തിന്റെ നിസ്സഹകരണം കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിച്ചതോടെ; ഗൗരി പാര്‍വതി ബായിയുടെ അക്കൗണ്ടില്‍ നിന്ന് പണം തട്ടാനും ശ്രമം നടന്നു

കവടിയാര്‍ കൊട്ടാരത്തിലെ മോഷണത്തില്‍ അന്വേഷണവുമായി സഹകരിക്കാതെ രാജകുടുംബം

Update: 2026-03-27 04:35 GMT

തിരുവനന്തപുരം: കവടിയാര്‍ കൊട്ടാരത്തില്‍ നടന്ന കോടികളുടെ മോഷണ കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്. കേസിലെ അന്വേഷണം മുന്നോട്ടു കൊണ്ടുപോകുക എന്നത് പോലീസിനെ സംബന്ധിച്ച് വലിയ വെല്ലുവിളി ഉയര്‍ത്തുന്ന കാര്യമാണ്. മാസങ്ങള്‍ക്ക് മുമ്പ് നടന്ന മോഷണത്തില്‍ തെളിവുകള്‍ കണ്ടെത്തുകയാണ് പോലീസിന മുന്നിലുള്ള വെല്ലുവിളികള്‍. എന്നാല്‍ മോഷണക്കേസില്‍ അന്വേഷണവുമായി സഹകരിക്കാന്‍ രാജകുടുംബം നിസ്സഹകരിക്കുകയാണെന്ന റിപ്പോര്‍ട്ടുകളും പുറത്തുവുന്നുണ്ട്. ചോദ്യം ചെയ്യലിന്റെ പേരില്‍ പോലീസ് തങ്ങളെ മാനസികമായി ഉപദ്രവിക്കുന്നു എന്ന പരാതിയുമായി രാജകുടുംബം രംഗത്തെത്തിയതോടെ കേസ് പുതിയ വഴിത്തിരിവിലായിരിക്കുകയാണ്.

കൊട്ടാരവുമായി ബന്ധപ്പെട്ട് നില്‍ക്കുന്ന ചിലരുടെ സാമ്പത്തിക ഇടപാടുകള്‍ പൊലീസ് പരിശോധിച്ചതിന് പിന്നാലെയാണ് രാജകുടുംബം നിസ്സഹകരണം ശക്തമാക്കിയത്. ഇവരെ ചോദ്യം ചെയ്തിന് പിന്നാലെ പരാതിയുമായി രാജകുടുംബം രംഗത്തെത്തിയിട്ടുണ്ട്. പൊലിസ് ഉപദ്രവിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രാജകുടുംബം ഉന്നത ഉദ്യോഗസ്ഥരെ പരാതി അറിയിച്ചു. ഇക്കഴിഞ്ഞ മെയ് 15 നാണ് കവടിയാര്‍ കൊട്ടാരത്തില്‍ മോഷണം നടന്നെന്ന വാര്‍ത്ത പുറത്തുവന്നത്. അലമാരയില്‍ സൂക്ഷിച്ചിരുന്ന 2 കോടി രൂപ വില വരുന്ന സ്വര്‍ണാഭരണങ്ങളടക്കം മോഷണം പോയിരുന്നു. ഇത് സംബന്ധിച്ച് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മി ബായിയുടെ പരാതിയില്‍ പേരൂര്‍ക്കട പൊലീസാണ് കേസെടുത്ത് അന്വേഷണം നടത്തുന്നത്.

അമൂല്യ രത്‌നങ്ങളടക്കമാണ് കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് നഷ്ടമായത്. ഇക്കഴിഞ്ഞ നവംബര്‍ മാസത്തില്‍ ബെംഗളൂരുവിലേക്ക് പോകുന്നതിന് മുന്‍പായി അലമാര തുറന്നപ്പോഴാണ് ആഭരണങ്ങള്‍ അവിടെയില്ല എന്ന് മനസ്സിലായതെന്നാണ് പരാതിയില്‍ പറയുന്നത്. അതിന് 10 ദിവസം മുന്‍പു വരെ ആഭരണങ്ങള്‍ അവിടെയുണ്ടായിരുന്നു എന്നും വിവരിച്ചിട്ടുണ്ട്. കൊട്ടാരത്തിലുള്ളവര്‍ തന്നെ ഉപയോഗിക്കാന്‍ എടുത്തതാവും എന്നു കരുതി കുടുംബാംഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ മാസങ്ങളില്‍ അന്വേഷണം നടത്തി. ഇല്ലെന്ന് മനസ്സിലായതോടെ മോഷണമാണെന്ന സംശയത്തിലാണ് പൊലീസില്‍ പരാതി നല്‍കിയതെന്നാണ് വിവരിച്ചിട്ടുള്ളത്.

മോഷണം നടന്ന കാലയളവില്‍ രാജകുടുംബാംഗം ഗൗരി പാര്‍വതി ബായിയുടെ ഇമെയില്‍ അക്കൗണ്ട് ഹാക്ക് ചെയ്ത് പണം തട്ടാനും ശ്രമം നടന്നതായി പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷകസംഘം കൊട്ടാരത്തിലെ ജീവനക്കാരുടെ വിരലടയാളം ശേഖരിച്ചിരുന്നു. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമീഷണര്‍ ജി അജയനാഥിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. കൊട്ടാരത്തില്‍നിന്ന് കൂടുതല്‍ ആഭരണങ്ങള്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും സംശയമുണ്ട്. ആകെ ഉണ്ടായിരുന്ന ആഭരണങ്ങള്‍ ഏതൊക്കെയെന്നും ഇപ്പോള്‍ ബാക്കിയുള്ളവ ഏതൊക്കെയെന്നും കൊട്ടാരത്തിലുള്ളവര്‍ വെളിപ്പെടുത്തിയിട്ടില്ല.

ആദ്യം പേരൂര്‍ക്കട പൊലീസ് അന്വേഷിച്ച കേസാണു പ്രത്യേക അന്വേഷണ സംഘത്തിനു കൈമാറിയത്. കൊട്ടാരത്തിലെ ജീവനക്കാരുടെയും രാജകുടുബാംഗങ്ങളുടെ ബന്ധുക്കളുടെയും മൊഴി രേഖപ്പെടുത്തുന്നുണ്ട്. ഇതു പൂര്‍ത്തിയായ ശേഷം ശാസ്ത്രീയ പരിശോധനകളിലേക്കു കടക്കും. ഫോണ്‍ രേഖകളും പ്രാഥമിക പരിശോധനകളില്‍ ലഭിച്ച തെളിവുകളും സംഘം വിശകലനം ചെയ്യും. ഇതിനു ശേഷമാകും തുടര്‍നടപടികളിലേക്കു കടക്കുക. കൊട്ടാരത്തിലെ ക്യാമറ ദ്യശ്യങ്ങളും ശേഖരിക്കും. വിരലടയാള വിദഗ്ധര്‍ കൊട്ടാരത്തില്‍ പരിശോധന നടത്തിയിരുന്നു.

മോഷണവുമായി ബന്ധപ്പെട്ടു കൊട്ടാരത്തിലെ അന്തേവാസികളും ജീവനക്കാരും ഉള്‍പ്പെടെ അറുപതിലേറെ പേരുടെ മൊഴിയാണ് പൊലീസ് ശേഖരിക്കുന്നത്. പകുതിയിലധികം പേരുടെ മൊഴി എടുത്തതായാണു വിവരം. മാസങ്ങള്‍ക്കു ശേഷമാണു പരാതി ലഭിച്ചത് എന്നതിനാല്‍ ശാസ്ത്രീയ തെളിവുകളുടെയും സാങ്കേതിക സഹായത്തോടെയും മാത്രമേ മുന്നോട്ടുപോകാന്‍ സാധിക്കൂ. മോഷണം പോയ സാധനങ്ങള്‍ വില്‍പന നടന്നിട്ടുണ്ടോയെന്ന കാര്യവും പൊലീസ് പരിശോധിക്കും.

കവടിയാര്‍ കൊട്ടാരത്തില്‍ നിന്ന് മോഷണം പോയതായി പറയുന്ന ആഭരണങ്ങള്‍ ഇവയാണ്:

1 ഓറഞ്ച് നിറത്തിലുള്ള പവിഴവും , സ്വര്‍ണ്ണ മുത്തും ഇടകലര്‍ന്ന സ്വര്‍ണ്ണ ചെയിന്‍

2 പിച്ചിപ്പു മൊട്ട് ഡിസൈനില്‍ ഉള്ള സ്വര്‍ണ്ണ പാദസരം

3 കറുത്ത മുത്തും സ്വര്‍ണ്ണ മുത്തും ഇടകലര്‍ന്ന പാദസ്വരം

4 വീതിയുള്ള ഇല ഡിസൈനോടുകൂടിയ രണ്ട് വളകള്‍

5 വീതി കുറഞ്ഞ 2 സ്വര്‍ണ പിരിവള

6 ചുവപ്പ് കല്ല് പതിച്ച വലിയ രണ്ട് കമ്മല്‍

7 പച്ച ഇനാമല്‍ രണ്ടിലയും നടുക്ക് വെള്ള ഇനാമല്‍ ശംഖും പതിച്ച സ്വര്‍ണപ്പതക്കവും സ്വര്‍ണ്ണ പിരിച്ചെയിനും

8 സ്വര്‍ണ്ണ കുഴി മിന്നു മാല

9 എട്ടു ലക്ഷം രൂപ വില വരുന്ന പച്ച കല്ല് പതിച്ച നാഗപട കമ്മലും മാലയും പതക്കവും

9 സ്വര്‍ണ്ണ കമ്മലും ഇല ഡിസൈനോടുകൂടിയ മാട്ടിയും

10 റൂബി കല്ലുകളും ഡയമണ്ടുകളും പതിച്ച വീതിയുള്ള 2 വള

11 നേര്‍ത്ത ചെയിനില്‍ പത്മനാഭസ്വാമിയുടെ ചിത്രം ആലേഖനം ചെയ്ത സ്വര്‍ണപതക്കവും ചെയിനും

12 ഒരു പവന്‍ വീതം തൂക്കം വരുന്ന 5 കുതിരപ്പവന്‍ നാണയങ്ങള്‍.

Tags:    

Similar News