കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കും, കഴക്കൂട്ടം സ്വര്‍ണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു; കഴക്കൂട്ടത്ത് പുലി ഇറങ്ങിക്കഴിഞ്ഞെന്ന് ശരത്ചന്ദ്ര പ്രസാദ്; വോട്ടര്‍മാരാണ് പുലികള്‍, അവര്‍ മറുപടി പറയും; ഒരു ദുഷ്പ്രചരണവും ഏല്‍ക്കില്ല; കായ്ഫലമുള്ള വൃക്ഷത്തിലെറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യമെന്ന് കടകംപളളിയുടെ മറുപടി
കടകംപള്ളിയെ അയ്യപ്പന്റെ പുലി പിടിക്കും, കഴക്കൂട്ടം സ്വര്‍ണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദു
തിരുവനന്തപുരം: ശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന കഴക്കൂട്ടം മണ്ഡലത്തില്‍ യുഡിഎഫ് - എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ തമ്മില്‍ ശക്തമായ വാക്‌പോര്. ശബരിമല സ്വര്‍ണ്ണക്കൊള്ള ചര്‍ച്ചയാകുന്ന മണ്ഡലമാണ് കഴക്കൂട്ടം. മുന്‍ മന്ത്രി കടകംപള്ളിക്കെതിരെ യുഡിഎഫ്, ബിജെപി സ്ഥാനാര്‍ഥികളുടെ ട്രംപ് കാര്‍ഡ് ശബരിമല സ്വര്‍ണ്ണക്കൊള്ളയാണ്. വി മുരളീധരനും ശരത് ചന്ദ്രപ്രസാദും ആരോപണങ്ങളുമായി രംഗത്തുണ്ട്.
കഴക്കൂട്ടത്തെ സിപിഎം സ്ഥാനാര്‍ത്ഥിയും മുന്‍ ദേവസ്വം മന്ത്രിയുമായ കടകം പള്ളി സുരേന്ദ്രനെ അയ്യപ്പന്റെ പുലി പിടിക്കുമെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ശരത് ചന്ദ്ര പ്രസാദ് പറഞ്ഞു. രഴക്കൂട്ടം സ്വര്‍ണ്ണക്കൊള്ളയുടെ കേന്ദ്ര ബിന്ദുവാണെന്ന് ശരത് ചന്ദ്ര പ്രസാദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കഴക്കൂട്ടത്ത് മത്സരം യുഡിഎഫും ബിജെപിയും തമ്മിലാണ്.കഴക്കൂട്ടത് പുലി ഇറങ്ങിക്കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ശരത് ചന്ദ്ര പ്രസാദിന് മറുപടിയുമായികടകംപള്ളി തന്നെ രംഗത്തെത്തി യുഡിഎഫ് സ്ഥാനാര്‍ത്ഥി ശരത് ചന്ദ്രപ്രസാദിന്റെ വിലകുറഞ്ഞ പ്രസ്താവനക്ക് മറുപടി പറയുന്നില്ല. വോട്ടര്‍മാരാണ് പുലികള്‍. അവര്‍ മറുപടി പറയും. ഒരു ദുഷ്പ്രചരണവും ഏല്‍ക്കില്ല. കായ്ഫലമുള്ള വൃക്ഷത്തില്‍ എറിയാനാണ് എല്ലാവര്‍ക്കും താല്‍പര്യം. എക്കാലവും തെരെഞ്ഞെടുപ്പ് സമയത്ത് ളത്തരം ആരോപണം വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്വര്‍ണപ്പാളികളുടെ ശാസ്ത്രീയ പരിശോധനാ ഫലം ഏപ്രില്‍ അവസാനത്തോടെ ലഭിക്കുമെന്ന് എസ്‌ഐടി ഹൈക്കോടതിയില്‍ വ്യക്തമമാക്കി. ജംഷഡ്പൂര്‍ മെറ്റലര്‍ജിക്കല്‍ ലാബ് ഇക്കാര്യം അറിയിച്ചുവെന്ന് എസ്ഐടി പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ കേസിലെ അന്വേഷണം പൂര്‍ത്തിയാക്കാന്‍ എസ്‌ഐടിക്ക് ഹൈക്കോടതി മെയ് 18 വരെ സമയം നീട്ടിനല്‍കി. കേസില്‍ എസ്‌ഐടിയുടെ അന്വേഷണത്തില്‍ ഹൈക്കോടതി തൃപ്തി രേഖപ്പെടുത്തി.
ഫെബ്രുവരിയിലാണ് സ്വര്‍ണ സാമ്പിളുകളില്‍ അത്യാധുനിക രീതിയിലുള്ള ശാസ്ത്രീയ പരിശോധന അത്യാവശ്യമാണെന്ന് ഉത്തരവിട്ടത്. 36 സാമ്പിളുകളാണ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചത്. കൊടിമര പുനഃപ്രതിഷ്ഠയില്‍ വിജിലന്‍സിന്റെ റിപ്പോര്‍ട്ടും ഹൈക്കോടതി ദേവസ്വം ബെഞ്ച് അംഗീകരിച്ചു. കൊടിമര പുനപ്രതിഷ്ഠയ്ക്കായി ലഭിച്ചത് ആകെ 412.01 ഗ്രാം സ്വര്‍ണമാണ്. സംഭാവന നല്‍കിയവരോട് ചോദിച്ചപ്പോള്‍ ലഭിച്ചെന്ന് വ്യക്തമായത് 300 ഗ്രാം സ്വര്‍ണമാണ്. കൊടിമരം സ്ഥാപിച്ചതില്‍ ക്രമക്കേടോ വിശ്വാസ വഞ്ചനയോ ഇല്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഇതോടെ പുനഃപ്രതിഷ്ഠയിലെ അന്വേഷണ നടപടികളും ഹൈക്കോടതി അവസാനിപ്പിച്ചു.
2017ലാണ് ശബരിമലയിലെ കൊടിമരത്തിന്റെ പുനര്‍നിര്‍മാണം നടന്നത്. ഇതിനായി 412 ഗ്രാം സ്വര്‍ണം സംഭാവനയായി ലഭിച്ചതായാണ് വിജിലന്‍സ് റിപ്പോര്‍ട്ടിലുള്ളത്. മുഴുവന്‍ സ്വര്‍ണവും വാചിവാഹന, അഷ്ടദിക് പാലകരുടെ നിര്‍മാണത്തിന് ഉപയോഗിച്ചു. സംഭാവന നല്‍കിയ മോഹന്‍ലാല്‍ അടക്കം 23 നടന്മാരുടെ മൊഴിയെടുത്തിരുന്നു.
ഇവര്‍ ഉള്‍പ്പെടെയുള്ള 27 പേരാണ് കൊടിമര പുനര്‍നിര്‍മാണത്തിന് സംഭാവന നല്‍കിയതെന്നായിരുന്നു വിജിലന്‍സ് കണ്ടെത്തല്‍. ശബരിമല കൊടിമര പുനഃപ്രതിഷ്ഠ കേസില്‍ വിജിലന്‍സ് ഡിവൈഎസ്പി സി എസ് ഹരിക്കായിരുന്നു അന്വേഷണ ചുമതല. തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് സിഐ സജി ശങ്കര്‍, പത്തനംതിട്ട വിജിലന്‍സ് യൂണിറ്റ് സിഐ രാജേഷ് കുമാര്‍, വിജിലന്‍സ് തെക്കന്‍ മേഖല സിഐ അജി ജി നാഥ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.
