ലോക്ഡൗണ്‍ വരുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട! സോഷ്യല്‍ മീഡിയയിലെ തള്ളലുകള്‍ വിശ്വസിക്കരുത്; ഹോര്‍മുസ് കടലിടുക്ക് അടഞ്ഞാലും ഇന്ത്യ കുലുങ്ങില്ല; പമ്പുകളിലെ തിരക്ക് വെറുതെ; ഇന്ധനവും വാതകവും ആവശ്യം പോലെയെന്ന് കേന്ദ്രസര്‍ക്കാര്‍; അഭ്യൂഹങ്ങള്‍ തള്ളി ഹര്‍ദീപ് സിംഗ് പുരി; കരുതലായി ലക്ഷക്കണക്കിന് ടണ്‍ എണ്ണശേഖരം
ലോക്ഡൗണ്‍ വരുമെന്ന് പറഞ്ഞ് പേടിപ്പിക്കേണ്ട!
ന്യൂഡല്‍ഹി: രാജ്യത്ത് വീണ്ടും ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. ലോക്ഡൗണിന് നിലവില്‍ സാഹചര്യമില്ലെന്നും ഇത്തരം കെട്ടുകഥകളില്‍ വിശ്വസിക്കരുതെന്നും കേന്ദ്രം ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
'എനര്‍ജി ലോക്ഡൗണ്‍' ഉണ്ടാകുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വ്യാപകമായതിനെ തുടര്‍ന്നാണ് കേന്ദ്രത്തിന്റെ വിശദീകരണം. പശ്ചിമേഷ്യന്‍ യുദ്ധം നീണ്ടുനിന്നാല്‍ രാജ്യത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാകാമെന്നും, ലോക്ഡൗണ്‍ കാലത്ത് എന്നപോലെ കേന്ദ്ര-സംസ്ഥാന അധികൃതര്‍ ഒറ്റക്കെട്ടായി പ്രതിസന്ധിയെ നേരിടണമെന്നും പ്രധാനമന്ത്രി പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയാണ് തെറ്റിദ്ധരിക്കപ്പെടാനും പുതിയ ലോക്ഡൗണ്‍ സംബന്ധിച്ച പ്രചാരണങ്ങള്‍ക്ക് ഇടയാക്കാനും കാരണം.
ഒരുതരത്തിലുള്ള ലോക്ഡൗണും ഏര്‍പ്പെടുത്താന്‍ നിലവില്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. അവശ്യവസ്തുക്കള്‍, പെട്രോള്‍, ഡീസല്‍, എല്‍പിജി എന്നിവയുടെ ലഭ്യത കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കുന്നുണ്ട്. ജനങ്ങള്‍ പരിഭ്രാന്തരായി സാധനങ്ങള്‍ വാങ്ങിക്കൂട്ടുകയോ മറ്റ് അഭ്യൂഹങ്ങളില്‍ വിശ്വസിക്കുകയോ ചെയ്യരുതെന്നും പെട്രോളിയം മന്ത്രിയടക്കമുള്ളവര്‍ അറിയിച്ചു. രാജ്യത്ത് ലോക്ഡൗണിനുള്ള ഒരു സാഹചര്യവും നിലവിലില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു.
പശ്ചിമേഷ്യയില്‍ പ്രതിസന്ധി രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് കോവിഡ്-19 കാലത്തിന് സമാനമായ രാജ്യവ്യാപക ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കുമെന്ന പ്രചാരണം ഉണ്ടായത്. എന്നാല്‍, പൂര്‍ണ്ണമായും തെറ്റാണെന്ന് കേന്ദ്ര പെട്രോളിയം പ്രകൃതിവാതക മന്ത്രി ഹര്‍ദീപ് സിംഗ് പുരി വെള്ളിയാഴ്ച വ്യക്തമാക്കി. ഇത്തരമൊരു നീക്കം കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്നും അദ്ദേഹം അറിയിച്ചു.
'ഇന്ത്യയില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തുമെന്ന വാര്‍ത്തകള്‍ തികച്ചും വ്യാജമാണ്. ഇത് ഞാന്‍ വ്യക്തമായി പറയട്ടെ, ഭാരത സര്‍ക്കാരിന്റെ മുന്നില്‍ ഇത്തരമൊരു നിര്‍ദ്ദേശം നിലവിലില്ല. ഇത്തരം സാഹചര്യങ്ങളില്‍ നമ്മള്‍ ശാന്തത പാലിക്കേണ്ടതും ഉത്തരവാദിത്തത്തോടെയും ഐക്യത്തോടെയും നിലകൊള്ളേണ്ടതും പ്രധാനമാണ്,' അദ്ദേഹം എക്‌സില്‍ (X) കുറിച്ചു.
പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങളെത്തുടര്‍ന്ന് ഊര്‍ജ്ജ ഇടനാഴിയായ ഹോര്‍മുസ് കടലിടുക്ക് (അടച്ചതോടെ, രാജ്യത്ത് പെട്രോള്‍ പമ്പുകളില്‍ ഇന്ധനം വാങ്ങാന്‍ വലിയ തിരക്ക് അനുഭവപ്പെടുകയും എല്‍പിജി സിലിണ്ടറുകള്‍ക്ക് ക്ഷാമം നേരിടുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങള്‍ പടര്‍ന്നത്. എന്നാല്‍ ഇന്ത്യയുടെ ഊര്‍ജ്ജ നില സുരക്ഷിതമാണെന്നും ഇന്ധനവും ഊര്‍ജ്ജവും തടസ്സമില്ലാതെ ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്നും മന്ത്രി ഹര്‍ദീപ് സിംഗ് പുരി ഉറപ്പുനല്‍കി.
'പ്രധാനമന്ത്രി നരേന്ദ്ര മോദിജിയുടെ നേതൃത്വത്തില്‍ ഇന്ധനം, ഊര്‍ജ്ജം, മറ്റ് അത്യാവശ്യ വസ്തുക്കള്‍ എന്നിവ തടസ്സമില്ലാതെ പൗരന്മാര്‍ക്ക് ലഭ്യമാക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കുന്നുണ്ട്. ഉയര്‍ന്നുവരുന്ന ഏത് വെല്ലുവിളികളെയും നേരിടാന്‍ ഞങ്ങള്‍ സജ്ജമാണ്,' അദ്ദേഹം തന്റെ പോസ്റ്റില്‍ വ്യക്തമാക്കി. ഗോളതലത്തിലുള്ള അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഇന്ത്യ ശക്തമായ പ്രതിരോധശേഷി പ്രകടിപ്പിച്ചിട്ടുണ്ടെന്നും വരുംകാലങ്ങളിലും അതേ രീതിയില്‍ തന്നെ മുന്നോട്ട് പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ലോക്‌സഭയെയും രാജ്യസഭയെയും അഭിസംബോധന ചെയ്ത് സംസാരിച്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് ഊര്‍ജ്ജ നിലയെക്കുറിച്ചുള്ള ഹര്‍ദീപ് സിംഗ് പുരിയുടെ ഈ ഉറപ്പ് വരുന്നത്. ലഭ്യമായ എല്ലാ സ്രോതസ്സുകളില്‍ നിന്നും ഗ്യാസും അസംസ്‌കൃത എണ്ണയും സംഭരിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്നും വരും ദിവസങ്ങളിലും ഈ ശ്രമങ്ങള്‍ തുടരുമെന്നും പ്രധാനമന്ത്രി മോദി വ്യക്തമാക്കിയിരുന്നു.
11 വര്‍ഷം കൊണ്ട് 53 ലക്ഷം മെട്രിക് ടണ്‍ എണ്ണ ശേഖരിച്ചതിനാല്‍, ഇന്ത്യയുടെ എണ്ണ ലഭ്യത സുരക്ഷിതമാണെന്നും അദ്ദേഹം സൂചിപ്പിച്ചു. ഭാവിയില്‍ 65 ലക്ഷം മെട്രിക് ടണ്‍ തന്ത്രപ്രധാനമായ എണ്ണ ശേഖരം കൂടി അധികമായി സജ്ജമാക്കുമെന്നും അദ്ദേഹം സഭയെ അറിയിച്ചു.
