ഭര്‍ത്താവ് സച്ചിന്‍ദേവ് മത്സരിക്കുന്ന ബാലുശ്ശേരിയില്‍ സജീവമല്ല; പ്രവര്‍ത്തന മണ്ഡലമായ തിരുവനന്തപുരത്തും പൊതുവേദികളില്‍ സ്ഥാനമില്ല; സിപിഎം ജില്ലാ കമ്മറ്റി അംഗമായിട്ടും മുന്‍ മേയര്‍ക്ക് തലസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ റോളില്ല; എം എ ബേബി പങ്കെടുത്ത നേമം മണ്ഡലത്തിലെ പൊതുസമ്മേളനത്തിലും ആര്യാ രാജേന്ദ്രന് കാഴ്ച്ചക്കാരിയുടെ റോള്‍ മാത്രം!

ഭര്‍ത്താവ് സച്ചിന്‍ദേവ് മത്സരിക്കുന്ന ബാലുശ്ശേരിയില്‍ സജീവമല്ല

Update: 2026-03-27 08:28 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാകുമ്പോഴും തലസ്ഥാനത്തെ മുന്‍ മേയറായ ആര്യാ രാജേന്ദ്രനെ പ്രചരണ രംഗത്ത് തഴഞ്ഞു സിപിഎം. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം ബിജെപിയിലേക്ക് പോകാന്‍ ഒരു പരിധിവരെ കാരണക്കാരിയായത് ആര്യയാണെന്ന വിമര്‍ശനം പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കിടയിലും ശക്തമാകവേയാണ് അവരെ പാര്‍ട്ടി പ്രചരണ രംഗത്ത് വെറും കാഴ്ച്ചക്കാരിയാക്കുന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി അംഗമാണ് ആര്യ രാജേന്ദ്രന്‍.

കഴിഞ്ഞ ദിവസം സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി എം.എ. ബേബി പങ്കെടുത്ത പൂജപ്പുര പൊതുസമ്മേളനത്തില്‍ ആര്യ ആദ്യം എത്തിയിരുന്നെങ്കിലും, വേദിയിലോ മുന്‍നിരയിലോ സ്ഥാനമുണ്ടായിരുന്നില്ല. സാധാരണ പ്രവര്‍ത്തകര്‍ക്കിടയില്‍ ഒരു കാഴ്ചക്കാരിയുടെ റോളില്‍ കുഞ്ഞിനെയും കളിപ്പിച്ചു കൊണ്ട് മേയര്‍ ഒതുങ്ങിക്കൂടി.

21-ാം വയസ്സില്‍ ഭരണമേറ്റെടുത്ത ആര്യ രാജേന്ദ്രനെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയര്‍ എന്നാണ് സിപിഎം കൊട്ടിഘോഷിച്ചത്. ഇത് ഭാവിയില്‍ സിപിഎം അസംബ്ലിയിലേക്ക് വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു. എന്നാല്‍, വിവാദങ്ങളുടെയും അഹങ്കാരത്തിന്റെയും ഭരണകാലമാണ് തലസ്ഥാനം അന്ന് കണ്ടത്. അഞ്ചു വര്‍ഷത്തെ മേയര്‍ ഭരണത്തിന് ശേഷം ആര്യയ്ക്ക് ഇത്തവണ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ സീറ്റ് പോലും നല്‍കിയിരുന്നില്ല. നിയമസഭയിലേക്ക് പരിഗണിക്കാം എന്നായിരുന്നു പാര്‍ട്ടിയുടെ അന്നത്തെ നിലപാട്. എന്നാല്‍ ബിജെപി ഭരണം പിടിച്ചതോടെ ആ നിലപാടും പാര്‍ട്ടി കൈവിട്ടു.

അങ്ങിനെ ഒതുങ്ങിപ്പോയ മുന്‍ മേയറുടെ പേര് സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ എവിടെയും പരിഗണിച്ചില്ല. പ്രവര്‍ത്തന രംഗത്തും സജീവമായിരുന്നില്ല ആര്യ. ഇന്നലെ പൂജപ്പുരയിലെ പൊതുയോഗ മൈതാനത്ത് കണ്ടു. സ്ഥാനാര്‍ഥി വരും മുന്‍പെ സ്ഥലത്തെത്തി. ഉദ്ഘാടകന്‍ വന്നപ്പോളേക്കും കാഴ്ചക്കാരിയായി മൈതാനത്തെ ഒരു കോണിലേക്ക് മാറി. മുന്നണിയിലെ പ്രധാന നേതാക്കളൊക്കെ വേദിയിലെത്തി. സി.പി.എം ജില്ലാ കമ്മിറ്റിയംഗം കൂടിയായ മുന്‍ മേയര്‍ അപ്പോളും കസേരയില്‍ പോലും ഇരിക്കാതെ ഒരു മൂലയില്‍ തന്നെയായിരുന്നു. അതേസമയം പാര്‍ട്ടി സെക്രട്ടറിയും പ്രസംഗം കഴിയുന്നത് വരെ ആര്യ അവിടെ നിന്നു. നേമം പ്രകടന പത്രിക പുറത്തിറക്കിയപ്പോഴും കാഴ്ച്ചക്കാരിയായി നിന്നു മുന്‍ മേയര്‍.

45 വര്‍ഷമായി എല്‍.ഡി.എഫ്. കുത്തകയാക്കി വെച്ചിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ടതോടെ ആര്യക്ക് നേരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വിയില്‍ സിപിഎം ജില്ലാ കമ്മിറ്റിയില്‍ ആഞ്ഞടിച്ച് നേതാക്കള്‍ രംഗത്തെത്തിയതും വാര്‍ത്തയായിരുന്നു. ആര്യയുടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റമാണ് തലസ്ഥാനത്തെ തിരിച്ചടിക്കു കാരണമെന്ന് അംഗങ്ങള്‍ തുറന്നടിച്ചിരുന്നു. കോര്‍പ്പറേഷന്‍ ഭരണകൂടത്തെ തിരുത്താന്‍ യഥാസമയം ഇടപെടുന്നതില്‍ പാര്‍ട്ടി ഫ്രാക്ഷനുകള്‍ക്ക് പരാജയമുണ്ടായെന്നും അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കോര്‍പ്പറേഷനിലെ അഴിമതി ആരോപണങ്ങളും പാര്‍ട്ടി പരാജയത്തിനു തിരിച്ചടിയായി.

ജില്ലാപ്പഞ്ചായത്തിന്റെ ഭരണപരാജയത്തിനെതിരേയും അംഗങ്ങള്‍ ആരോപണങ്ങള്‍ ഉയര്‍ത്തി. പ്രസിഡന്റും വൈസ് പ്രസിഡന്റും തമ്മില്‍ ഏകോപനമില്ലാത്തത് സീറ്റുകള്‍ നഷ്ടപ്പെടുന്നതിനിടയാക്കിയെന്നാണ് വിമര്‍ശനം. അതേസമയം ആര്യയുടെ ഭര്‍ത്താവ് സച്ചിന്‍ ദേവ് ബാലുശ്ശേരി മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. ഇവിടെുയും ആര്യ പ്രചരണത്തില്‍ സജീവമല്ല. തിരുവനന്തപുരമാണ് ആര്യയുടെ തട്ടകം എന്നതിനാല്‍ തലസ്ഥാനത്താണ് അവര്‍ കേന്ദ്രീകരിക്കുന്നത്.

Tags:    

Similar News