ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതര്‍; രാജ്യത്തെ സമാധാനാന്തരീക്ഷത്തിന് അല്ലാഹുവിനോട് നന്ദി പറയുന്നു; ഇന്ത്യയിലെ നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളാണ് ഇവിടെ സമാധാനം ഉറപ്പാക്കുന്നത്; ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദത്തുള്ള ഹുസൈനി; കാന്തപുരത്തിന് പിന്നാലെ മറ്റൊരു മുസ്ലീം നേതാവും ഇന്ത്യയെ സുരക്ഷിതമായി കാണുമ്പോള്‍
ന്യൂഡല്‍ഹി: ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരാണെന്നും രാജ്യത്തെ സമാധാനാന്തരീക്ഷത്തിന് അല്ലാഹുവിനോട് നന്ദി പറയുന്നുവെന്നും ജമാഅത്തെ ഇസ്ലാമി ഹിന്ദ് അഖിലേന്ത്യാ അമീര്‍ സയ്യിദ് സാദത്തുള്ള ഹുസൈനി. ചെറിയ പെരുന്നാളിന് മുന്നോടിയായി വാര്‍ത്താ ഏജന്‍സിയായ ഐ.എ.എന്‍.എസിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ സമാനമായ നിലപാടുമായി കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും രംഗത്തെത്തിയിരുന്നു.
ഇന്ത്യയിലെ നിയമവും ഭരണഘടനയും ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മൂല്യങ്ങളാണ് ഇവിടെ സമാധാനം ഉറപ്പാക്കുന്നതെന്ന് അമീര്‍ പറഞ്ഞു. ഈ മൂല്യങ്ങള്‍ എക്കാലവും നിലനില്‍ക്കണമെന്നാണ് ആഗ്രഹിക്കുന്നത്. എന്നാല്‍, രാജ്യത്തിന്റെ ഈ പാരമ്പര്യത്തെയും സമാധാനത്തെയും ഇല്ലാതാക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുണ്ടെന്നും അതിനെ പ്രതിരോധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭരണഘടനാപരമായ ഉറപ്പുകള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്നും ഹുസൈനി ഓര്‍മ്മിപ്പിച്ചു.
മുസ്ലീം സമുദായ നേതാക്കളില്‍ നിന്ന് സമാനമായ പ്രസ്താവനകള്‍ വരുന്നത് ശ്രദ്ധേയമാണ്. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരും ഇന്ത്യയില്‍ മുസ്ലീങ്ങള്‍ സുരക്ഷിതരാണെന്ന നിലപാട് സ്വീകരിച്ചിരുന്നു. രാജ്യത്ത് മുസ്ലീങ്ങള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാന്തപുരം നടത്തിയ ഈ പ്രസ്താവന അന്ന് വലിയ രാഷ്ട്രീയ ചര്‍ച്ചകള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു.
പെരുന്നാളിനോടനുബന്ധിച്ച് രാജ്യത്തെ പ്രമുഖ മുസ്ലീം നേതാക്കളുമായി ഐ.എ.എന്‍.എസ് നടത്തിയ പ്രത്യേക അഭിമുഖ പരമ്പരയിലാണ് ജമാഅത്ത് അമീര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.