ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല; വി ഡി സതീശന്‍ ശുദ്ധ അസംബന്ധം പറയാന്‍ മടിയില്ലാത്തയാള്‍; ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്? പ്രതിപക്ഷ നേതാവിനെതിരെ ആഞ്ഞടിച്ചു മുഖ്യമന്ത്രി; സിപിഎമ്മിനെതിരെ ബിജെപി ഡീല്‍ ആരോപണം ശക്തമാക്കി കോണ്‍ഗ്രസും

ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി ഞങ്ങള്‍ രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ല

Update: 2026-03-27 06:15 GMT

തൃശൂര്‍: ബിജെപി-സിപിഎം ഡീല്‍ ആരോപണം തെരഞ്ഞെടുപ്പു ഗോദയില്‍ മുറുകുന്നു. വി ഡി സതീശനും പിണറായി വിജയനും തമ്മില്‍ നേര്‍ക്കുനേര്‍ ഏറ്റുമുട്ടുന്ന കാഴ്ച്ചയാണ കാണുന്നത്. ചില്ലറ വോട്ടിനും നാലു സീറ്റിനും വേണ്ടി സിപിഎം രാഷ്ട്രീയ ചെറ്റത്തരം കാട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു കൊണ്ട് രംഗത്തുവന്നു. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുകയല്ലേ. ജനങ്ങള്‍ അതിനനുസരിച്ച് നിലപാട് സ്വീകരിക്കും. രാഷ്ട്രീയത്തില്‍ രണ്ട് ഗുണം രണ്ട് സമം നാല് എന്ന സാധാരണ കണക്കു ശാസ്ത്രമല്ല. ആ കണക്കിലായിരുന്നു പണ്ട് കോലീബി സഖ്യം ഉണ്ടാക്കിയത്. വടകരയിലും ബേപ്പൂരും. യുഡിഎഫിനും നല്ല വോട്ടുണ്ട്, ബിജെപിക്കും വോട്ടുണ്ട്. രണ്ടും കൂടി ചേര്‍ന്നാല്‍ ഞങ്ങളെ പരാജയപ്പെടുത്താമെന്നായിരുന്നു പ്ലാന്‍. എന്നാല്‍ എന്തായിരുന്നു അവസാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ചോദിച്ചു.

അന്ന് ബിജെപിക്കാരെ ജയിപ്പിച്ചു കൊടുക്കാമെന്നായിരുന്നല്ലോ കരാര്‍. എന്നാല്‍ കാര്യങ്ങള്‍ പരസ്യമായതോടെ നാട്ടുകാര്‍ എതിരായി. ഇതേത്തുടര്‍ന്ന് വടകര പാര്‍ലമെന്റ് മണ്ഡലത്തിലും ബേപ്പൂര്‍ അസംബ്ലി സീറ്റിലും ഇടതുപക്ഷം നല്ല നിലയില്‍ വിജയിച്ചു വന്നു. നാട്ടുകാര്‍ ഇതെല്ലാം വിലയിരുത്തുന്നുണ്ട്. നാടിനെയും ജനങ്ങളെയും വില കുറച്ചു കാണരുതെന്നാണ് പറയാനുള്ളതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ കൂട്ടിച്ചേര്‍ത്തു. നമ്മുടെ നാട് മതനിരപേക്ഷതയുടെ വിളനിലമാണ്. ജാതിഭേദമോ മതദ്വേഷമോ ഇല്ലാതെ എല്ലാവര്‍ക്കും സോദരന്മാരായി ജീവിക്കാന്‍ പറ്റുന്ന സ്ഥലമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആര്‍എസ്എസ് കൂട്ടുകെട്ടുമായി ബന്ധപ്പെട്ട്, ശുദ്ധ അസംബന്ധം പറയാന്‍ സതീശന് ഒരു മടിയുമില്ല. 1977 ല്‍ അവിടത്തെ സ്ഥിതിയെന്തായിരുന്നു എന്ന് അന്വേഷിച്ചു നോക്കണം. ആരായിരുന്നു ആര്‍എസ്എസിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചത് എന്ന് അന്വേഷിക്കണം. ആര്‍എസ്എസ് ശാഖയ്ക്ക് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് സംരക്ഷണം കൊടുക്കാന്‍ ആളുകളെ അയച്ചതെന്ന് താനാണെന്ന് കോണ്‍ഗ്രസിന്റെ പ്രസിഡന്റായിരുന്നയാള്‍ പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ടല്ലോയെന്നും പിണറായി വിജയന്‍ പറഞ്ഞു. പിണറായി 1977 ല്‍ ആര്‍എസ്എസ് പിന്തുണയില്‍ വിജയിച്ചെന്ന ആരോപണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

'ഞാന്‍ രാഷ്ട്രീയ പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ ആര്‍എസ്എസ് എങ്ങനെയാണ് കണ്ടിട്ടുള്ളതെന്ന് എല്ലാവര്‍ക്കും അറിയാം. പലപ്പോഴായി ഞാനത് പറഞ്ഞിട്ടുമുണ്ട്. അവരുടെ ആക്രമണം ഏതു ഘട്ടത്തിലും വരാമെന്ന നില ഉണ്ടായിരുന്നുവെന്ന് അന്ന് കണ്ണൂരിലുണ്ടായിരുന്നവര്‍ക്ക് അറിയാം. ആക്രമണത്തിന്റെ പ്രധാന ടാര്‍ജറ്റ് ഞാനായിരുന്നു. ഇപ്പോള്‍ കുറച്ചു ദശാബ്ദം കഴിഞ്ഞു എന്നുള്ളതുകൊണ്ട് എന്തു നുണയും അവതരിപ്പിക്കാം എന്നാണ് അവര്‍ കരുതുന്നത്. നുണയാണല്ലോ കോണ്‍ഗ്രസ് പ്രധാനമായും പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നതെന്നും' മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.

ആരാണ് ആര്‍എസ്എസുമായി ബന്ധപ്പെട്ടതെന്ന് പരിശോധിക്കണം. കേരളത്തിന്റെ ജനസമ്മതനായ ഇഎംഎസിനെ പട്ടാമ്പിയില്‍ തോല്‍പ്പിക്കാന്‍ ആര്‍എസ്എസുമായി ആരാണ് കൂട്ടുചേര്‍ന്നത്?. കോണ്‍ഗ്രസ് ബന്ധപ്പെട്ടതിന്റെ ഭാഗമായി ജനസംഘത്തിന്റെ സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ചു. അതുമാത്രമല്ല, ഇഎംഎസിനെതിരെ പ്രചാരണം നടത്താന്‍ ജനസംഘത്തിന്റെ അഖിലേന്ത്യാ നേതാവായ ദീന്‍ദയാല്‍ ഉപാധ്യായ വന്നില്ലേ?. അതൊക്കെ ചരിത്രമല്ലേ. കുറേക്കാലം കഴിഞ്ഞ് എകെജി പാലക്കാട് പാര്‍ലമെന്റിലേക്ക് മത്സരിച്ചപ്പോള്‍ കോണ്‍ഗ്രസിനും ആര്‍എസ്എസിനും കൂടി ഒരു സ്ഥാനാര്‍ത്ഥിയാണ് ഉണ്ടായിരുന്നത്.

ആര്‍എസ്എസിന്റെ ജില്ലാ കാര്യവാഹക് ആയിരുന്നു അന്ന് സ്ഥാനാര്‍ത്ഥി. ഇങ്ങനെ നാണം കെട്ട ഒരുപാട് കാര്യം ചെയ്തവരാണ്. ഇതെല്ലാം ചെയ്ത് നാടിനു മുന്നില്‍ കാണിച്ചവര് അക്കാലത്തും പിന്നീടും ഇക്കാലത്തും നാളെയും വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കുന്ന ഞങ്ങള്‍ക്കും ഇടതുപക്ഷത്തിനുമെതിരെ പ്രചാരണം നടത്തിയാല്‍ ചെലവാകുന്ന കാര്യമാണോ?. ഞങ്ങള്‍ക്ക് ആ പണിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗുരുവായൂരില്‍ ഇതുവരെ ഹിന്ദു എംഎല്‍എ ഉണ്ടായിട്ടില്ലെന്ന ബി ഗോപാലകൃഷ്ണന്റെ പ്രസ്താവനയെയും മുഖ്യമന്ത്രി വിമര്‍ശിച്ചു. നമ്മുടെ നാടിനെ രാജ്യത്തിന്റെ മറ്റു പല ഭാഗങ്ങളിലുമുള്ളതുപോലെ അപര മത വിദ്വേഷത്തിലേക്ക് എത്തിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ഈ പ്രസ്താവന നടത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം ആദ്യഘട്ട പ്രചാരണത്തില്‍ ഡീലില്‍ ചുറ്റിത്തിരിയുകയാണ് നിയമസഭാ തിരഞ്ഞെടുപ്പ് രാഷ്ട്രീയം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ തൊടുത്തുവിട്ട സി.പി.എം.- ബി.ജെ.പി. ഡീല്‍ ആരോപണത്തിന് അപ്പുറത്തേക്ക് മറുപടി പറയാന്‍ മുഖ്യമന്ത്രിക്ക് സാധിച്ചിട്ടില്ല. ബിജെപിയും സിപിഎമ്മും തമ്മില്‍ ഉണ്ടെന്ന് ആരോപിക്കുന്ന ഡീലിന്റെ ലളിതമായ ലക്ഷ്യം മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ടിനെ സ്വാധീനിക്കാനുള്ള കോണ്‍ഗ്രസ് തന്ത്രമാണ്.

കേരളത്തിലെ 28 ശതമാനത്തിലധികം വരുന്ന മുസ്ലിം വിഭാഗത്തിന്റെ വോട്ട് 2021-ലെ സിപിഎമ്മിന്റെ അധികാര തുടര്‍ച്ചയില്‍ നിര്‍ണായകമായിരുന്നു. പിണറായി 3.ീ ലക്ഷ്യമിടുന്ന സിപിഎമ്മിന് ആ വോട്ട് 2026-ല്‍ നഷ്ടപ്പെടുത്താന്‍ കഴിയില്ല. അതുകൊണ്ടാണ് സര്‍വ്വശക്തിയുമെടുത്ത് സിപിഎമ്മും പ്രത്യേകിച്ച് മുഖ്യമന്ത്രിയും ഡീല്‍ ആരോപണത്തെ എതിരിടുന്നത്. പക്ഷെ, ഡീലില്‍ ഒരു അപകടം പതിയിരിക്കുന്നത് കാണാതെപോകാന്‍ സിപിഎമ്മിന് കഴിയില്ല.

ഡീല്‍ സ്വാധീനിക്കില്ലെങ്കില്‍ കഴിഞ്ഞകാലത്തെ കാര്യങ്ങള്‍വരെ വലിച്ചിട്ട് ഇരുവിഭാഗവും പോരാടേണ്ട ആവശ്യമില്ലല്ലോ. പ്രതിപക്ഷ നേതാവ് ഗോള്‍വാള്‍ക്കറിന്റെ ഫോട്ടോയ്ക്ക് മുന്നില്‍ വിളക്ക് കൊളുത്തുന്ന ചിത്രം മുഖ്യമന്ത്രി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്തപ്പോള്‍, ബിജെപി നേതാവ് എല്‍.കെ. അദ്വാനി, കെ ശിവദാസമോനോന്റെ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുന്ന ചിത്രം വി.ഡി. സതീശനും സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചു.

കേരളത്തിലെ ഹിന്ദു വോട്ടുകളില്‍ സിപിഎമ്മിനും കോണ്‍ഗ്രസിനും ബിജെപിക്കും സ്വാധീനം ഉണ്ട്. ക്രിസ്ത്യന്‍ വോട്ടിലും ചെറിയൊരു ശതമാനം ബിജെപിക്ക് പോകും. മുസ്ലിം വോട്ടുകളില്‍ കോണ്‍ഗ്രസിനും സിപിഎമ്മിനും മാത്രമാണ് സ്വാധീനം. ആയതിനാല്‍ കേരളത്തിലെ 28 ശതമാനത്തിലധികംവരുന്ന മുസ്ലിം വോട്ടുകള്‍ ആര്‍ക്കൊപ്പം നില്‍ക്കുമെന്നത് തിരഞ്ഞെടുപ്പ് ഫലത്തില്‍ നിര്‍ണായകമാണ്. അതുകൊണ്ടാണ് ഡീല്‍ സജീവമായി ചര്‍ച്ചയാകുന്നത്.

Tags:    

Similar News