തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ മൈലേജ് നല്‍കുന്ന പ്രമേയം സിനിമയ്ക്കായി ഇടതു സഹയാത്രികന്‍ തിരഞ്ഞെടുത്തത് സിപിഎം നേതൃത്വത്തെ ഞെട്ടിച്ചു; നിവിന്‍ പോളിയുടെ പ്രതിച്ഛായയില്‍ ഉമ്മന്‍ചാണ്ടി 'പുണ്യാളന്‍'; സിപിഎമ്മില്‍ ബി ഉണ്ണികൃഷ്ണനെതിരെ അതൃപ്തി പുകയുന്നു; ആ സിനിമ പറയുന്നത് കുഞ്ഞുഞ്ഞിനെ ചതിച്ചു വീഴ്ത്തിയ കഥ തന്നെ

Update: 2026-03-27 12:31 GMT

കൊച്ചി: തിരഞ്ഞെടുപ്പ് ചൂടില്‍ സംസ്ഥാനം തിളച്ചു മറിയുമ്പോള്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ 'പുണ്യാളന്‍' പരിവേഷത്തില്‍ അവതരിപ്പിക്കുന്ന ബി. ഉണ്ണികൃഷ്ണന്റെ പുതിയ ചിത്രം സി.പി.എമ്മിനെ വെട്ടിലാക്കുന്നു. നിവിന്‍ പോളിയെ നായകനാക്കി പുറത്തിറങ്ങുന്ന ചിത്രത്തില്‍ ഉമ്മന്‍ചാണ്ടിയെ ചതിച്ചതാണ് എന്ന തരത്തിലുള്ള കഥാപശ്ചാത്തലം ഒരുക്കിയത് സി.പി.എം കേന്ദ്രങ്ങളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്. പത്തനാപുരം അടക്കമുള്ള മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ഉമ്മന്‍ചാണ്ടിക്കെതിരായ 'ചതി' പ്രധാന പ്രചാരണ വിഷയമാക്കുമ്പോഴാണ് ഇടതുസഹയാത്രികനായ സംവിധായകനില്‍ നിന്ന് തന്നെ ഇത്തരമൊരു നീക്കമുണ്ടായിരിക്കുന്നത്.

പഠനകാലം മുതല്‍ ഇടതുപക്ഷ ചിന്താഗതി പുലര്‍ത്തുന്ന ബി. ഉണ്ണികൃഷ്ണന്‍ പാര്‍ട്ടി നേതാക്കളുമായി അടുത്ത വ്യക്തിബന്ധം സൂക്ഷിക്കുന്നയാളാണ്. എന്നാല്‍, തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയമായി വലിയ മൈലേജ് നല്‍കുന്ന പ്രമേയം സിനിമയ്ക്കായി തിരഞ്ഞെടുത്തത് സി.പി.എം നേതൃത്വത്തെ ചൊടിപ്പിച്ചിട്ടുണ്ട്. സിനിമയുടെ പശ്ചാത്തലം കോണ്‍ഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കുമെന്ന ആശങ്ക മുതിര്‍ന്ന നേതാക്കള്‍ക്കിടയിലുണ്ട്. വരുംദിവസങ്ങളില്‍ തന്നെ പാര്‍ട്ടിയിലെ പ്രമുഖര്‍ ഈ അതൃപ്തി ഉണ്ണികൃഷ്ണനെ നേരിട്ട് അറിയിക്കുമെന്നാണ് സൂചന.

ഉമ്മന്‍ചാണ്ടി എന്ന നേതാവിന്റെ ജീവിതത്തിലെ പ്രതിസന്ധികളും അദ്ദേഹം നേരിട്ട രാഷ്ട്രീയ ചതികളുമാണ് പ്രതിച്ഛായ എന്ന സിനിമയുടെ കാതല്‍. രാഷ്ട്രീയ വൈരാഗ്യത്തിന്റെ പേരില്‍ ഒരു ജനപ്രിയ നേതാവിനെ വേട്ടയാടിയത് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത് ഇടത് പക്ഷത്തിന് തിരഞ്ഞെടുപ്പ് വേളയില്‍ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ സജീവമാണ്. പ്രത്യേകിച്ചും ഉമ്മന്‍ചാണ്ടിയോടുള്ള വൈകാരിക ബന്ധം വോട്ടായി മാറാന്‍ സാധ്യതയുള്ള മണ്ഡലങ്ങളില്‍ ഈ സിനിമ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും. കോണ്‍ഗ്രസ് അതിന് ശ്രമിക്കുകയും ചെയ്യും.

സിനിമയിലെ പ്രമേയം സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവന്നതോടെ യു.ഡി.എഫ് ക്യാമ്പുകള്‍ ആവേശത്തിലാണ്. ഉമ്മന്‍ചാണ്ടിയോടുള്ള ജനങ്ങളുടെ സ്‌നേഹം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ഈ സിനിമ ഉപകരിക്കുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. ഒരു ഇടതുപക്ഷ സഹയാത്രികന്‍ തന്നെ ഉമ്മന്‍ചാണ്ടിയുടെ നീതിക്ക് വേണ്ടി സംസാരിക്കുന്നു എന്നത് പ്രചാരണ രംഗത്ത് വലിയ ആയുധമാക്കാനാണ് കോണ്‍ഗ്രസ് നീക്കം. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഇത്തരമൊരു ചിത്രം തിയേറ്ററുകളിലെത്തുന്നതിന് പിന്നിലും ആസൂത്രണം ഉണ്ടായി എന്നാണ് സിപിഎം വിലയിരുത്തല്‍.

പാര്‍ട്ടി വേദികളിലും സാംസ്‌കാരിക സംഘടനകളിലും സജീവമായ ബി. ഉണ്ണികൃഷ്ണന്‍ ഇത്തരമൊരു നിലപാട് സ്വീകരിച്ചത് അപ്രതീക്ഷിതമാണെന്നാണ് എ.കെ.ജി സെന്ററില്‍ നിന്നുള്ള വിലയിരുത്തല്‍. ഉമ്മന്‍ചാണ്ടിയെ വേട്ടയാടിയത് രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമായാണെന്ന സന്ദേശം സിനിമയിലൂടെ ജനങ്ങളിലെത്തുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ ഇടത് പക്ഷത്തിന് വലിയ തിരിച്ചടിയാകുമെന്ന വിലയിരുത്തല്‍ ശക്തമാണ്. ഇപ്പോഴും ഉമ്മന്‍ചാണ്ടി എന്ന വികാരം സംസ്ഥാന രാഷ്ട്രീയത്തില്‍ ഇന്നും സജീവമായി നിലനില്‍ക്കുന്ന സാഹചര്യത്തില്‍, ഈ സിനിമ കോണ്‍ഗ്രസിന് അനുകൂലമായ തരംഗം സൃഷ്ടിക്കുമെന്ന് മുതിര്‍ന്ന നേതാക്കള്‍ ആശങ്കപ്പെടുന്നു.

ബി. ഉണ്ണികൃഷ്ണനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പല നേതാക്കളും തങ്ങളുടെ വിയോജിപ്പ് അനൗദ്യോഗികമായി അറിയിക്കും. ഒരു ഇടതുപക്ഷ സഹയാത്രികന്‍ എന്ന നിലയില്‍ നിന്ന് മാറി കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രചാരണത്തിന് ആയുധം നല്‍കുന്ന സിനിമ നിര്‍മ്മിച്ചത് ശരിയായില്ലെന്നാണ് പാര്‍ട്ടിക്കുള്ളിലെ പൊതുവികാരം.

Tags:    

Similar News