മുഖ്യമന്ത്രിയുടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങവേ വൻ ദുരന്തം; ബസും പിക്കപ്പ് വാനും തമ്മിലുള്ള കൂട്ടിയിടയിൽ പൊലിഞ്ഞത് പത്ത് ജീവനുകൾ; നിരവധി പേർക്ക് പരിക്ക്; നടുക്കം മാറാതെ പ്രദേശം
ഭോപ്പാൽ: മധ്യപ്രദേശിലെ ഛിന്ദ്‌വാരയിൽ ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ ഒരു കുട്ടിയടക്കം 10 പേർ മരിച്ചു. വ്യാഴാഴ്ച വൈകുന്നേരം നാഗ്പൂർ റോഡിലെ സിമരിയയ്ക്ക് സമീപമുണ്ടായ അപകടത്തിൽ 31 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. മുഖ്യമന്ത്രി മോഹൻ യാദവ് പങ്കെടുത്ത പൊതുപരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്നവരാണ് അപകടത്തിൽപ്പെട്ടത്.
മരിച്ചവരിൽ ആറ് പുരുഷന്മാരും മൂന്ന് സ്ത്രീകളും ഒരു കുട്ടിയുമാണുള്ളത്. ബസിലുണ്ടായിരുന്ന എട്ട് യാത്രക്കാരും പിക്കപ്പ് വാനിന്റെ ഡ്രൈവറും ക്ലീനറുമാണ് അപകടത്തിൽ മരണപ്പെട്ടതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. പരിക്കേറ്റ 31 പേരിൽ നാല് പേരുടെ നില അതീവ ഗുരുതരമാണ്. പരിക്കേറ്റവരെ ഉടൻ ജില്ലാ ആശുപത്രിയിലേക്കും സമീപത്തെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിലേക്കും മാറ്റി.
അപകടത്തിൽ മുഖ്യമന്ത്രി മോഹൻ യാദവ് ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവർക്ക് ഒരു ലക്ഷം രൂപ വീതം നൽകുമെന്നും, പരിക്കേറ്റവരുടെ ചികിത്സാ ചിലവുകൾ പൂർണ്ണമായും സർക്കാർ വഹിക്കുമെന്നും അദ്ദേഹം അറിയിച്ചു. വിദഗ്ധ ചികിത്സ ഉറപ്പാക്കുന്നതിനായി ജബൽപൂരിൽ നിന്ന് ഡോക്ടർമാരുടെ സംഘത്തെ അയക്കാൻ മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി.
ഛിന്ദ്‌വാര നഗരത്തിലെ പോലീസ് ഗ്രൗണ്ടിൽ സംഘടിപ്പിച്ച 105 പദ്ധതികളുടെ ഉദ്ഘാടനത്തിലും തറക്കല്ലിടൽ ചടങ്ങിലും പങ്കെടുത്ത് മടങ്ങുകയായിരുന്ന സംഘമാണ് ഈ ദുരന്തത്തിൽപ്പെട്ടത്. ഈ അപകടം സംസ്ഥാനത്ത് വലിയ ഞെട്ടലാണ് സൃഷ്ടിച്ചിരിക്കുന്നത്.