ടൈഗര്‍ വുഡ്‌സ് വീണ്ടും കുരുക്കില്‍; മദ്യപിച്ചു വാഹനമോടിച്ച് അപകടം; ജയിലിലെത്തിച്ച ശേഷം മൂത്രപരിശോധനയ്ക്ക് വിസമ്മതിച്ചു; ഇതിന് മറ്റൊരു കേസും വരും; ഗോള്‍ഫ് ഇതിഹാസം ഇപ്പോള്‍ ഫ്‌ലോറിഡയില്‍ അഴിക്കുള്ളില്‍; ശ്രീറാം വെങ്കിട്ടരാമന്മാര്‍ അറിയാന്‍

Update: 2026-03-28 01:21 GMT

മിയാമി: ലോക ഗോള്‍ഫ് ഇതിഹാസം ടൈഗര്‍ വുഡ്‌സ് വീണ്ടും നിയമക്കുരുക്കില്‍. മദ്യപിച്ചു വാഹനമോടിച്ച് അപകടമുണ്ടാക്കിയതിനെത്തുടര്‍ന്ന് ഫ്‌ലോറിഡയിലെ ജുപ്പിറ്റര്‍ ഐലന്‍ഡില്‍ വെച്ചാണ് താരത്തെ പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം വുഡ്‌സ് ഓടിച്ചിരുന്ന റേഞ്ച് റോവര്‍ എസ്യുവി നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിലിടിച്ച് മറിയുകയായിരുന്നു. അപകടത്തില്‍ വുഡ്‌സിന് പരിക്കുകളൊന്നുമില്ലെങ്കിലും, ലഹരി ഉപയോഗിച്ചതായി സംശയിക്കുന്ന വുഡ്‌സ് മൂത്രപരിശോധനയ്ക്ക് വിസമ്മതിച്ചതാണ് കാര്യങ്ങള്‍ വഷളാക്കിയത്. ഇതോടെ താരത്തെ പോലീസ് കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റി.

കേരളത്തില്‍ മാധ്യമ പ്രവര്‍ത്തകനായ കെ എം ബഷീറിനെ വാഹനം ഇടിച്ച് കൊന്നത് ഐഎഎസുകാരനായ ശ്രീറാം വെങ്കിട്ടരാമനാണ്. അടുത്ത കാലത്ത് മണിയന്‍ പിള്ള രാജു ഉണ്ടാക്കിയ അപകടവും ശ്രദ്ധയില്‍ പെട്ടു. ഇവിടെ എല്ലാം മദ്യ പരിശോധന ഒഴിവാക്കാന്‍ നടത്തിയ ബോധപൂര്‍വ്വമായ ശ്രമം കാണാം. സ്വാധീന ഫലമാണ് ഇതെല്ലാം. എന്നാല്‍ അമേരിക്കയില്‍ കാര്യങ്ങള്‍ അങ്ങനെ അല്ല. ടൈഗര്‍ വുഡ്‌സ് എന്ന അമേരിക്കന്‍ ഇതിഹാസത്തെ പോലും അവര്‍ നിയമപരമായി തന്നെ നേരിടുന്നു. ജയിലിലും അടയ്ക്കുന്നു. അവിടെ നിയമമാണ് പ്രധാനം.

അമിതവേഗതയിലെത്തിയ വുഡ്‌സിന്റെ വാഹനം മുന്നിലുണ്ടായിരുന്ന ട്രക്കിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. വാഹനം മറിഞ്ഞെങ്കിലും വുഡ്‌സ് തന്നെ ഇതില്‍ നിന്നും ഇഴഞ്ഞു പുറത്തുവരികയായിരുന്നു. സ്ഥലത്തെത്തിയ പോലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ പ്രാഥമിക പരിശോധനയില്‍ വുഡ്‌സ് അവശനാണെന്ന് കണ്ടെത്തി. ശ്വസന പരിശോധനയില്‍ മദ്യത്തിന്റെ സാന്നിധ്യം കണ്ടെത്താനായില്ലെങ്കിലും അദ്ദേഹം ഏതെങ്കിലും തരത്തിലുള്ള മരുന്നുകളോ ലഹരിമരുന്നോ ഉപയോഗിച്ചിട്ടുണ്ടാകാമെന്നാണ് പോലീസ് നിഗമനം. എന്നാല്‍ ജയിലിലെത്തിച്ച ശേഷം മൂത്രപരിശോധനയ്ക്ക് വുഡ്‌സ് തയ്യാറായില്ല. പരിശോധനയ്ക്ക് വിസമ്മതിക്കുന്നത് നിയമലംഘനമായതിനാല്‍ വുഡ്‌സിനെതിരെ ഇതിന് പ്രത്യേകം കേസെടുക്കുമെന്ന് മാര്‍ട്ടിന്‍ കൗണ്ടി ഷെരീഫ് അറിയിച്ചു.

ഏഴാമത്തെ നട്ടെല്ല് ശസ്ത്രക്രിയയ്ക്ക് ശേഷം കായികരംഗത്തേക്ക് മടങ്ങിവരാന്‍ ശ്രമിക്കുന്നതിനിടെയാണ് വുഡ്‌സിനെ തേടി വീണ്ടും വിവാദം എത്തിയത്. 2021-ല്‍ കാലിഫോര്‍ണിയയിലുണ്ടായ സമാനമായ വാഹന അപകടത്തില്‍ വുഡ്‌സിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു. അതിനുമുമ്പ് 2009-ലും 2017-ലും താരം സമാനമായ രീതിയില്‍ പോലീസ് പിടിയിലായിട്ടുണ്ട്. അടുത്തിടെയായി വനേസ ട്രംപുമായി പ്രണയത്തിലായിരുന്ന വുഡ്‌സ് ജീവിതം തിരിച്ചുപിടിക്കുന്നു എന്ന വാര്‍ത്തകള്‍ക്കിടെയാണ് ആരാധകരെ ഞെട്ടിച്ചുകൊണ്ട് വീണ്ടും ജയിലിലാവുന്നത്.

എട്ടു മണിക്കൂര്‍ നിര്‍ബന്ധിത തടവിന് ശേഷം മാത്രമേ വുഡ്‌സിനെ ജാമ്യത്തില്‍ വിടുകയുള്ളൂ എന്ന് അധികൃതര്‍ വ്യക്തമാക്കി. പ്രമുഖ വ്യക്തി എന്ന പരിഗണന നല്‍കി വുഡ്‌സിനെ ജയിലിലെ പൊതുവിഭാഗത്തില്‍ നിന്നും മാറ്റി പ്രത്യേക സുരക്ഷയിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.

Similar News