32 ഗ്രാം മുക്കുപണ്ടം പണയം വെച്ച് തട്ടിയെടുത്തത് ലക്ഷങ്ങൾ; ഒന്നര വർഷം പൊലീസിനെ വട്ടം കറക്കിയ കട്ടച്ചല്‍കുഴിക്കാരൻ സജു ഒടുവിൽ പിടിയിൽ; നിരവധി ജ്വല്ലറികളിലും സമാന തട്ടിപ്പ്; പ്രതി വലയിലായതിങ്ങനെ
ബാലരാമപുരം: സ്വകാര്യ ധനമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത പ്രതി ഒന്നര വർഷത്തിന് ശേഷം പിടിയിൽ. കട്ടച്ചൽകുഴി പുത്തൻകാനം സ്വദേശി സജുവിനെയാണ് (50) ബാലരാമപുരം പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം ജനുവരി 11-നായിരുന്നു കേസിനാസ്പദമായ സംഭവം. മംഗലത്തുകോണം ജങ്ഷനിലെ സ്വകാര്യ ഫിനാൻസ് സ്ഥാപനത്തിലാണ് സജു തട്ടിപ്പ് നടത്തിയത്.
31.90 ഗ്രാം തൂക്കം വരുന്ന സ്വർണ്ണം പൂശിയ രണ്ട് വളകൾ പണയം വെച്ച് 1.60 ലക്ഷം രൂപ ഇയാൾ കൈക്കലാക്കി. പിന്നീട് സ്ഥാപനത്തിലെ ജീവനക്കാർ നടത്തിയ വിശദമായ പരിശോധനയിലാണ് പണയം വെച്ചത് മുക്കുപണ്ടമാണെന്ന് തിരിച്ചറിഞ്ഞത്. ഇതോടെ ബാലരാമപുരം പൊലീസിൽ പരാതി നൽകിയെങ്കിലും സജു ഒളിവിൽ പോവുകയായിരുന്നു.
കഴിഞ്ഞ ദിവസം ഇയാൾ കോട്ടുകാൽ ഭാഗത്തുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് പൊലീസ് സംഘം പ്രതിയെ പിടികൂടിയത്. കോട്ടുകാൽ പഴയ പഞ്ചായത്ത് ഓഫീസിന് സമീപത്തു നിന്നായിരുന്നു അറസ്റ്റ്. സമാനമായ രീതിയിൽ മറ്റ് പല ജ്വല്ലറികളിലും ഇയാൾ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ബാലരാമപുരം എസ്എച്ച്ഒ അഭിലാഷ്, പ്രിൻസിപ്പൽ എസ്ഐ അനീഷ്, ഗ്രേഡ് എസ്ഐമാരായ സതികുമാർ, ജയറാം, എസ്‌സിപിഒമാരായ ലെനിൻ, അരുൺ, ശ്രീകുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ വലയിലാക്കിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.