ശവക്കല്ലറയുടെ മുകളിൽ 'നാക്ക്' നീട്ടി കുരിശ് തലകീഴായി പിടിച്ച് ഇരിപ്പ്; എല്ലാത്തിനും കൂട്ടായി കൂടെ മറ്റൊരു പയ്യനും; രാത്രിയുടെ നിശബ്ദതയിൽ പള്ളി സെമിത്തേരിയിൽ അവർ എത്തിയത് ഒരൊറ്റ ഉദ്ദേശത്തിന്; 'ഹാശാ' ആഴ്ച വരാനിരിക്കെ വിരുതന്മാർ എന്തിന് ഇങ്ങനെ ചെയ്തുവെന്നതിൽ കടുത്ത ദുരൂഹത; ആശങ്കയിൽ വിശ്വാസികൾ

Update: 2026-03-27 07:58 GMT

ആലപ്പുഴ: സെമിത്തേരിയിലെ ശവക്കല്ലറയ്ക്ക് മുകളിൽ തലകീഴായി പിടിച്ച കുരിശുമായി ഇരിക്കുന്ന യുവാക്കളുടെ ചിത്രം പുറത്തുവന്നത് വിശ്വാസികൾക്കിടയിൽ വലിയ ആശങ്കയ്ക്ക് വഴിവെച്ചരിക്കുകയാണ്. വിശുദ്ധ വാരത്തിന് (ഹാശാ ആഴ്ച) തൊട്ടുമുമ്പ് അരങ്ങേറിയ ഈ സംഭവം ബോധപൂർവമായ പ്രകോപനമാണോ അതോ മറ്റ് വിനാശകരമായ ചിന്താഗതികളുടെ ഭാഗമാണോ എന്ന കാര്യത്തിൽ ദുരൂഹത നിലനിൽക്കുന്നു.

അർധരാത്രിയിൽ പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറിയ രണ്ട് യുവാക്കളാണ് ഈ വിവാദ ദൃശ്യങ്ങളിലുള്ളത്. ശവക്കല്ലറയ്ക്ക് മുകളിൽ അനാദരവോടെ ഇരിക്കുകയും, ക്രിസ്തീയ വിശ്വാസത്തിന്റെ അടയാളമായ കുരിശിനെ തലകീഴായി പിടിക്കുകയും ചെയ്തത് വിശ്വാസികളെ വല്ലാതെ ആശങ്കയിലാഴ്ത്തിട്ടുണ്ട്.

ആലപ്പുഴ നഗരത്തിനടുത്തുള്ള പൂന്തോപ്പ് സെന്റ് ഫ്രാൻസിസ് അസീസി പള്ളി സെമിത്തേരിയിൽ അതിക്രമിച്ചു കയറി യുവാക്കൾ നടത്തിയ ലഹരി ഉപയോഗവും വിചിത്രമായ റീൽസ് ചിത്രീകരണവും നാടിനെ നടുക്കിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ടരയോടെയാണ് അതീവ സുരക്ഷയുള്ള സെമിത്തേരിയുടെ മതിൽ ചാടിക്കടന്ന് നാല് യുവാക്കൾ അകത്തെത്തിയത്.

മരിച്ചവർ അന്ത്യവിശ്രമം കൊള്ളുന്ന കല്ലറകൾക്ക് മുകളിലിരുന്ന് ലഹരിവസ്തുക്കൾ ഉപയോഗിച്ച ഇവർ, ക്രൈസ്തവ വിശ്വാസപ്രകാരം പവിത്രമായി കരുതുന്ന കുരിശിനെ തലകീഴായി പിടിച്ചാണ് വീഡിയോകൾ ചിത്രീകരിച്ചത്. കറുത്ത വസ്ത്രങ്ങൾ ധരിച്ച്, വിചിത്രമായ രീതിയിൽ പോസ് ചെയ്ത് ഇൻസ്റ്റാഗ്രാമിൽ 'റീൽസ്' വഴി വൈറലാകുക എന്നതായിരുന്നു ഇവരുടെ പ്രധാന ലക്ഷ്യം. വിശ്വാസികളെയും പ്രദേശവാസികളെയും ഒരുപോലെ പ്രകോപിപ്പിക്കുന്ന രീതിയിലുള്ള ദൃശ്യങ്ങളാണ് ഇവർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്.

സംഭവം വിവാദമായതോടെ പള്ളി അധികൃതർ നടത്തിയ പരിശോധനയിൽ യുവാക്കൾ തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോകളും പള്ളിയിലെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. രാത്രിയുടെ നിശബ്ദതയിൽ സെമിത്തേരിയുടെ വിശുദ്ധി തകർക്കുന്ന തരത്തിലുള്ള ഇവരുടെ പ്രവൃത്തികൾ സിസിടിവിയിൽ വ്യക്തമായി പതിഞ്ഞിട്ടുണ്ട്.

വീഡിയോകളിൽ നിന്ന് യുവാക്കളെ തിരിച്ചറിഞ്ഞതിനെത്തുടർന്ന് പള്ളി കൈക്കാരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആലപ്പുഴ നോർത്ത് പോലീസ് നാല് യുവാക്കൾക്കെതിരെയും കേസെടുത്തു. ലഹരിയുടെ സ്വാധീനത്തിലാണോ അതോ വല്ല നിഗൂഢമായ ആചാരങ്ങളുടെ ഭാഗമായാണോ ഇവർ കുരിശ് തലകീഴായി പിടിച്ചതെന്ന കാര്യത്തിൽ പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിലെ പ്രശസ്തിക്കായി ഏത് അതിരും ലംഘിക്കുന്ന യുവാക്കളുടെ പ്രവണതയ്ക്കെതിരെ വലിയ പ്രതിഷേധമാണ് വിശ്വാസികൾക്കിടയിൽ ഉയരുന്നത്.

Tags:    

Similar News