നാരകച്ചുവട്ടിൽ ഈച്ചകൾ പൊതിഞ്ഞ മണ്ണ്; മാന്തി നോക്കിയപ്പോൾ കണ്ടത് നടുക്കുന്ന കാഴ്ച; 54-കാരിയെ കൊന്ന് കുഴിച്ചുമൂടി; കാതുകൾ അറുത്തെടുത്ത് സ്വർണം കവർന്നു; വെള്ളി വിൽക്കാനുള്ള ശ്രമത്തിനിടെ പ്രതി കുടുങ്ങി; ഗ്രാമത്തെ നടുക്കിയ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞപ്പോൾ

Update: 2026-03-26 13:57 GMT

മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയിൽ കാണാതായ 54-കാരിയെ കൊലപ്പെടുത്തി നാരകച്ചുവട്ടിൽ കുഴിച്ചുമൂടിയ പ്രതിയെ പോലീസ് പിടികൂടിയത് നിർണായക നീക്കത്തിലൂടെ. ഇന്ദ്രാദ് ഗ്രാമ സ്വദേശിനി ശർദാബെൻ താക്കൂർ ആണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. ഇവരുടെ രണ്ട് കാതുകളും അറുത്തെടുത്ത നിലയിലായിരുന്നു. 4.40 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്ന പ്രതി സച്ചിൻകുമാർ മുകുന്ദ്ഭായ് ദന്താനിയെ പൊലീസ് മണിക്കൂറുകൾക്കുള്ളിൽ പിടികൂടി.

മാർച്ച് 20-നാണ് ശർദാബെന്നിനെ കാണാതായത്. വീട്ടുകാർ നടത്തിയ അന്വേഷണത്തിൽ സിസിടിവി ദൃശ്യങ്ങൾ നിർണായകമായി. ഇവർ 'സവിതാ അമൃത് ഫാം' എന്ന കൃഷിയിടത്തിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുണ്ടായിരുന്നെങ്കിലും തിരികെ വരുന്നത് കണ്ടിരുന്നില്ല. തുടർന്ന് ഫാമിൽ നടത്തിയ പരിശോധനയിലാണ് നാരകമരത്തിന് താഴെ പുതുതായി കിളച്ച മണ്ണും അതിന് മുകളിൽ ഈച്ചകൾ പൊതിയുന്നതും ശ്രദ്ധയിൽപ്പെട്ടത്. മണ്ണ് നീക്കം ചെയ്തതോടെ ശർദാബെന്നിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

മൃതദേഹം കണ്ടെത്തി 10 മണിക്കൂറിനുള്ളിൽ തന്നെ പ്രതിയെ വലയിലാക്കാൻ മെഹ്സാന ലോക്കൽ ക്രൈംബ്രാഞ്ചിനും നന്ദാസൻ പൊലീസിനും കഴിഞ്ഞു. ഒരു കിലോ വെള്ളി പാദസരങ്ങൾ വിൽക്കാൻ ഒരാൾ ശ്രമിക്കുന്നുണ്ടെന്ന രഹസ്യവിവരമാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് നടത്തിയ നീക്കത്തിൽ പ്രതി സച്ചിൻകുമാറിനെ പൊലീസ് പൊക്കി.

കടബാധ്യത തീർക്കാനാണ് താൻ കൊലപാതകം നടത്തിയതെന്ന് പ്രതി സമ്മതിച്ചു. കൊലപ്പെടുത്താൻ ഉപയോഗിച്ച ആയുധവും 3.40 ലക്ഷം രൂപയുടെ ആഭരണങ്ങളും പൊലീസ് കണ്ടെടുത്തു. പ്രതിയെ മാർച്ച് 27 വരെ പൊലീസ് റിമാൻഡ് ചെയ്തു.

Tags:    

Similar News