പ്രണയത്തിന് തടസ്സം നിന്നു; അമ്മയെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചുമൂടി; അതേ മുറിയില്‍ തന്നെ യാതൊരു ഭാവമാറ്റവുമില്ലാതെ കാമുകനൊപ്പം താമസം; ഒരു വര്‍ഷത്തിന് ശേഷം മകളും കാമുകനും പിടിയില്‍; ഹൈദരാബാദിനെ നടുക്കിയ കൊടുംക്രൂരതയുടെ ചുരുളഴിയുമ്പോള്‍

പ്രണയത്തിന് തടസ്സം നിന്നു; അമ്മയെ കൊന്ന് കിടപ്പുമുറിയില്‍ കുഴിച്ചുമൂടി

Update: 2026-03-26 07:15 GMT

ഹൈദരാബാദ്: പ്രണയത്തിന് തടസ്സമായ അമ്മയെ കൊലപ്പെടുത്തി കിടപ്പുമുറിയില്‍ കുഴിച്ചുമൂടിയ മകളും കാമുകനും ഒരു വര്‍ഷത്തിന് ശേഷം പിടിയിലായി. ഹൈദരാബാദ് സ്വദേശിനി അഞ്ജു ദാസരി രാമയ്യ (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പതിനാറുകാരിയായ മകളെയും ഭര്‍ത്താവ് മോന്തി കുമാര്‍ സിംഗിനെയും (22) പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വര്‍ഷം മേയ് മാസത്തിലാണ് അഞ്ജുവിനെ കാണാതാകുന്നത്. മകള്‍ തന്നെയാണ് അമ്മയെ കാണാനില്ലെന്ന് കാട്ടി പൊലീസില്‍ പരാതി നല്‍കിയത്. മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും സൂചനകളൊന്നും ലഭിച്ചിരുന്നില്ല. ഇതിനിടെ പ്രായപൂര്‍ത്തിയാകാത്ത മകള്‍ കാമുകനായ മോന്തിയെ വിവാഹം കഴിക്കുകയും ഇവര്‍ക്ക് രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ജനിക്കുകയും ചെയ്തു.

പഴയ തിരോധാനക്കേസുകള്‍ കേന്ദ്രീകരിച്ച് ഹൈദരാബാദ് പൊലീസ് നടത്തിയ പുനരന്വേഷണമാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. പെണ്‍കുട്ടിയുടെ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധിച്ച പൊലീസ് ദമ്പതികളെ വിശദമായി ചോദ്യം ചെയ്തതോടെയാണ് നടുക്കുന്ന സത്യം പുറത്തുവന്നത്.

മകളുടെ പ്രണയത്തെ അഞ്ജു ശക്തമായി എതിര്‍ത്തിരുന്നു. ഇതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. ഉറങ്ങിക്കിടക്കുമ്പോള്‍ അമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം കിടപ്പുമുറിയില്‍ തന്നെ കുഴിച്ചുമൂടുകയായിരുന്നു. അമ്മയുടെ മൃതദേഹം അടക്കം ചെയ്ത അതേ മുറിയില്‍ തന്നെ യാതൊരു ഭാവമാറ്റവുമില്ലാതെ മകള്‍ ഒരു വര്‍ഷത്തോളം താമസിച്ചു. അയല്‍ക്കാര്‍ക്ക് പോലും സംശയം തോന്നാത്ത രീതിയിലായിരുന്നു ഇവരുടെ പെരുമാറ്റം.

അഞ്ജുവിന്റെ ഭര്‍ത്താവ് അഞ്ച് വര്‍ഷം മുന്‍പ് ഇവരെ ഉപേക്ഷിച്ചു പോയതായിരുന്നു. ഇയാള്‍ ഇപ്പോള്‍ തെലങ്കാനയ്ക്ക് പുറത്താണ് താമസം. വീട്ടിലെ തറ പൊളിച്ച് മൃതദേഹാവശിഷ്ടങ്ങള്‍ പുറത്തെടുക്കാനുള്ള നടപടികള്‍ പൊലീസ് ആരംഭിച്ചു.

Tags:    

Similar News