രണ്ട് കവിളിലും ദേഷ്യം തീരുന്നത് വരെ മാറി മാറി അടിച്ചു; ഒട്ടു വയ്യാതെ താഴെ വീണതും വലതുകാൽ 'മുട്ട്' ചവിട്ടിയൊടിച്ചു; എന്നിട്ടും വിടാതെ മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പികൊണ്ട് നെഞ്ച് നോക്കി ഇടിച്ചു; ചെമ്പഴന്തിയിലെ ആസിഫ് സ്വന്തം ഭാര്യയോട് കാട്ടിയത് കൊടുംക്രൂരത; പിന്നിലെ കാരണം നിസ്സാരമെന്ന് പോലീസ്

Update: 2026-03-26 07:10 GMT

തിരുവനന്തപുരം: കഴക്കൂട്ടത്ത് ദാമ്പത്യത്തിന്റെ ആദ്യമാസങ്ങളിൽത്തന്നെ യുവതിക്ക് നേരെ ഭർത്താവിന്റെ ക്രൂരമർദനം. സ്വന്തം ഉമ്മയുടെ സഹോദരിയെ ഫോൺ വിളിച്ചെന്ന നിസ്സാര കാരണത്താൽ ഭാര്യയെ അതിക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ ചെമ്പഴന്തി കീരിക്കുഴി ജലീൽ മൻസിലിൽ ആസിഫിനെ (28) കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തു. ചേങ്കോട്ടുകോണം സ്വദേശിനിയായ അറഫ നജുമുദ്ദീനാണ് ഭർത്താവിന്റെ ക്രൂരതയ്ക്ക് ഇരയായത്. ഇക്കഴിഞ്ഞ ജനുവരി 25-നായിരുന്നു ഇവരുടെ വിവാഹം നടന്നത്. വിവാഹം കഴിഞ്ഞ് മാസങ്ങൾ തികയുന്നതിന് മുൻപേയാണ് നാടിനെ നടുക്കിയ ഈ അക്രമം അരങ്ങേറിയത്.

കഴിഞ്ഞ 17-ാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അറഫ തന്റെ ഉമ്മയുടെ സഹോദരിയുമായി ഫോണിൽ സംസാരിച്ചതാണ് ആസിഫിനെ പ്രകോപിപ്പിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ വെച്ച് യുവതിയെ ക്രൂരമായി മർദിച്ച ഇയാൾ, അറഫയുടെ രണ്ട് കവിളുകളിലും പലതവണ ആഞ്ഞടിക്കുകയും വലതുകാൽമുട്ട് ചവിട്ടിയൊടിക്കുകയും ചെയ്തു.

ഇതിനുപിന്നാലെ മേശപ്പുറത്തിരുന്ന സ്‌പ്രേ കുപ്പിയെടുത്ത് യുവതിയുടെ നെഞ്ചിലും വാരിയെല്ലിലും ആവർത്തിച്ച് ഇടിക്കുകയായിരുന്നു. ആസിഫിന്റെ മർദനത്തിൽ വാരിയെല്ല് പൊട്ടുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്ത അറഫ നിലവിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. സംഭവത്തിന് ശേഷം അറഫയുടെ വീട്ടുകാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഉടൻ തന്നെ നടപടിയെടുത്ത കഴക്കൂട്ടം പോലീസ് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Tags:    

Similar News