രഹസ്യവിവരത്തിൽ കൊടുങ്ങല്ലൂരിലെ ഫ്ലാറ്റിലെത്തിയ പോലീസ്; ഫ്രിഡ്ജ് തുറന്നപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; മൂന്നുമാസം പ്രായമുള്ള ഭ്രൂണം സൂക്ഷിച്ചിരുന്നത് 'ആമി' എന്നെഴുതിയ ബോക്സിൽ; മാസം തികയാതെ പ്രസവിച്ചതെന്ന് നഴ്സിങ് പഠിച്ച യുവതി; ശാസ്ത്രീയ തെളിവ് തേടി അന്വേഷണസംഘം

Update: 2026-03-25 05:36 GMT

കൊടുങ്ങല്ലൂർ: ചന്തപ്പുരയിലെ ഫ്ലാറ്റിലെ റഫ്രിജറേറ്ററിനുള്ളിൽ മൂന്നുമാസം പ്രായമെത്തിയ ഭ്രൂണം കണ്ടെത്തിയ സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കി. സയന്റിഫിക് വിദഗ്ധരുടെ സഹായത്തോടെ ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനാണ് പോലീസിന്റെ നീക്കം. ചന്തപ്പുരയിലെ റോസ് വില്ല ഫ്ലാറ്റിൽ താമസിക്കുന്ന യുവദമ്പതികളുടെ മുറിയിൽ നിന്നാണ് ഭ്രൂണം കണ്ടെടുത്തത്.

തിങ്കളാഴ്ച വൈകീട്ട് പോലീസിന് ലഭിച്ച രഹസ്യവിവരത്തെത്തുടർന്നായിരുന്നു ഫ്ലാറ്റിൽ പരിശോധന നടത്തിയത്. റഫ്രിജറേറ്ററിനുള്ളിൽ 'ആമി' എന്ന് എഴുതിയ ചെറിയ പെട്ടിക്കുള്ളിൽ സൂക്ഷിച്ച നിലയിലായിരുന്നു ഭ്രൂണം. സംഭവത്തെത്തുടർന്ന് ദമ്പതികളെ കസ്റ്റഡിയിലെടുത്ത് പോലീസ് സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.

എന്നാൽ, സംഭവത്തിൽ യുവതി നൽകിയ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. താൻ മൂന്നുമാസം ഗർഭിണിയായിരുന്നുവെന്നും കഴിഞ്ഞ ഇരുപതാം തീയതി മാസം തികയാതെ പ്രസവിച്ചതാണെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. നഴ്സിങ് പഠിച്ചിട്ടുള്ള താൻ ഭ്രൂണം സ്വയം വേർപ്പെടുത്തിയതാണെന്നും പിന്നീട് ഇത് കളയാനുള്ള ബുദ്ധിമുട്ട് കാരണമാണ് പെട്ടിയിലാക്കി റഫ്രിജറേറ്ററിൽ സൂക്ഷിച്ചതെന്നുമാണ് ഇവരുടെ വിശദീകരണം.

ഭ്രൂണം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫൊറൻസിക് സർജന്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തി. ഇതിന്റെ റിപ്പോർട്ട് ലഭിക്കുന്നതോടെ മരണകാരണമടക്കമുള്ള കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം. നിലവിൽ അസ്വാഭാവിക മരണത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

Tags:    

Similar News