അമ്മയുടെ മൃതദേഹത്തിനൊപ്പം കഴിഞ്ഞത് രണ്ടുദിവസം; ഒടുവിൽ 13-ാം നിലയിൽ നിന്ന് താഴേക്ക് ചാടി ജ്യോതിഷിയുടെ ആത്മഹത്യ; മരണത്തിന് മിനിറ്റുകൾക്ക് മുൻപ് ഭാര്യയ്ക്ക് ഫോൺ ലോക്ക് അയച്ചുകൊടുത്തു; പിന്നാലെ പുറത്തുവന്നത് കാമുകിയെ വിവാഹം കഴിക്കാനുള്ള മോഹം; 42-കാരനെ തകർത്തത് ലക്ഷങ്ങളുടെ കടബാധ്യതയും?

Update: 2026-03-24 10:12 GMT

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ ഹൈറൈസ് ബിൽഡിംഗിന്റെ 13-ാം നിലയിൽ നിന്ന് ചാടി 42-കാരനായ ജ്യോതിഷി ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുരതെറ്. മാർച്ച് 19-നാണ് ജ്യോതിഷിയായ രാജ്‌വീർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കിയത്. ഇയാളുടെ മരണത്തിന് പിന്നാലെ വീടിനുള്ളിൽ നടത്തിയ പരിശോധനയിൽ 70 വയസ്സുകാരിയായ അമ്മ സത്‌നാമിന്റെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ നിലയിൽ പോലീസ് കണ്ടെത്തിയിരുന്നു.

അമ്മ മരിച്ച് രണ്ടുദിവസത്തോളം രാജ്‌വീർ ആ മൃതദേഹത്തിനൊപ്പം അതേ വീട്ടിൽ കഴിഞ്ഞതായാണ് പോലീസ് പറയുന്നത്. അമ്മ മരിച്ചാൽ താനും മരിക്കുമെന്ന് ഇയാൾ സുഹൃത്തുക്കളോടും പരിചയക്കാരോടും നേരത്തെ പറഞ്ഞിരുന്നു. അമ്മയുടെ ശരീരത്തിൽ പരിക്കേറ്റ പാടുകളില്ലാത്തതിനാൽ ഇത് കൊലപാതകമല്ലെന്നാണ് പ്രാഥമിക നിഗമനം. മരണകാരണം വ്യക്തമാകാൻ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് പോലീസ്. ഭാര്യയുമായി അകന്നു കഴിഞ്ഞിരുന്ന രാജ്‌വീർ അമ്മയ്‌ക്കൊപ്പമായിരുന്നു താമസം.

ഭാര്യയും മകനും ക്രോസിംഗ് റിപ്പബ്ലിക്കിൽ പ്രത്യേകമായാണ് താമസിക്കുന്നത്. കഴിഞ്ഞ നാല് മാസമായി രാജ്‌വീർ കുടുംബത്തിന് സാമ്പത്തിക സഹായങ്ങളൊന്നും നൽകിയിരുന്നില്ലെന്ന് ഭാര്യ പോലീസിനോട് പറഞ്ഞു. ഏകദേശം 15 മുതൽ 16 ലക്ഷം രൂപ വരെ ഇയാൾക്ക് കടബാധ്യതയുണ്ടായിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആത്മഹത്യ ചെയ്യുന്നതിന് മിനിറ്റുകൾക്ക് മുമ്പ് രാജ്‌വീർ തന്റെ മൊബൈൽ ഫോണിന്റെ ലോക്ക് കോഡ് ഭാര്യയ്ക്ക് സന്ദേശമായി അയച്ചിരുന്നു.

ഈ ഫോൺ പരിശോധിച്ചപ്പോഴാണ് ഇയാളുടെ സ്വകാര്യ ജീവിതത്തിലെ കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. ഹരിയാന സ്വദേശിയായ ഒരു യുവതിയുമായി ഇയാൾ പ്രണയത്തിലായിരുന്നു. താൻ വിവാഹമോചിതനാണെന്ന് വിശ്വസിപ്പിച്ച് അവരെ വിവാഹം കഴിക്കാനും ഇയാൾ പദ്ധതിയിട്ടിരുന്നു. വർഷങ്ങൾക്ക് മുമ്പ് അച്ഛനും സഹോദരനും മരിച്ചതോടെ രാജ്‌വീർ മാനസികമായി തളർന്നിരുന്നതായും അയൽക്കാരുമായി അധികം ഇടപഴകിയിരുന്നില്ലെന്നും പോലീസ് പറഞ്ഞു.

Tags:    

Similar News