പ്രതിരോധ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കി; അസമില്‍ വ്യോമസേനാ സിവില്‍ ഉദ്യോഗസ്ഥന്‍ പിടിയില്‍; സുമത് കുമാര്‍ 2023 മുതല്‍ പാക്കിസ്ഥാന്‍ ഇന്റലിജന്‍സുമായി സന്ദര്‍ക്കത്തില്‍; ഒടുവില്‍ കുടുങ്ങിയത് മാസങ്ങള്‍ നീണ്ട അന്വേഷണത്തിന് ഒടുവില്‍!
പ്രതിരോധ വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കി
ജയ്പൂര്‍: വ്യോമസേനാ താവളത്തിലെ അതീവ രഹസ്യങ്ങള്‍ പാക്കിസ്താന്‍ ഏജന്റുകള്‍ക്ക് ചോര്‍ത്തി നല്‍കിയ സിവില്‍ ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. അസമിലെ ചബുവ എയര്‍ഫോഴ്സ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന പ്രയാഗ്രാജ് സ്വദേശി സുമിത് കുമാര്‍ (36) ആണ് രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന കൊടും ചതി ചെയ്ത് ജയിലിലായത്. മള്‍ട്ടി ടാസ്‌കിങ് സ്റ്റാഫ് എന്ന പദവിയിലിരുന്ന് രാജ്യത്തിന്റെ കണ്ണായ വിവരങ്ങളാണ് ഇയാള്‍ പാക്കിസ്താന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് ചോര്‍ത്തി നല്‍കിയത്.
2023 മുതല്‍ സുമിത് കുമാര്‍ പാക്കിസ്താന്‍ ഇന്റലിജന്‍സ് ഏജന്റുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായി അന്വേഷണസംഘം കണ്ടെത്തി. ഇതിന് പകരമായി വന്‍ തുക പ്രതിഫലമായി കൈപ്പറ്റിയെന്നും സുമിത് അന്വേഷണ സംഘത്തോട് പറഞ്ഞു. വ്യോമസേനാ താവളത്തിലെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത സുമിത് യുദ്ധവിമാനങ്ങളുടെ വിന്യാസം സംബന്ധിച്ച വിവരങ്ങള്‍, മിസൈല്‍ പ്രതിരോധ സംവിധാനങ്ങളുടെ വിശദാംശങ്ങള്‍, അസമിലെ ചബുവ, ബിക്കാനീറിലെ നാല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ തുടങ്ങിയ സുപ്രധാന വിവരങ്ങള്‍ കൈമാറിയതായി കണ്ടെത്തി. കൂടാതെ സ്വന്തം പേരിലുള്ള സിം കാര്‍ഡുകള്‍ ഉപയോഗിച്ച് പാക് ഏജന്റുകള്‍ക്ക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിര്‍മിച്ചു നല്‍കിയിട്ടുമുണ്ട്.
കഴിഞ്ഞ ജനുവരിയില്‍ ജയ്സാല്‍മീറില്‍ നിന്ന് ജബ്‌ററാം എന്നയാളെ രാജസ്ഥാന്‍ ഇന്റലിജന്‍സ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് സുമിത് കുമാറിന്റെ പങ്ക് വെളിപ്പെട്ടത്. തുടര്‍ന്ന് മാസങ്ങളോളം ഏജന്‍സികളുടെ നിരീക്ഷണത്തിലായിരുന്ന ഇയാളെ ചബുവയില്‍ നിന്ന് കസ്റ്റഡിയിലെടുത്ത് ജയ്പൂരിലെത്തിക്കുകയായിരുന്നു.
രാജ്യത്തെ പ്രതിരോധ മേഖലകളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന പാക് ചാരശൃംഖലയെ തകര്‍ക്കുന്നതില്‍ സുമിതിന്റെ അറസ്റ്റ് നിര്‍ണ്ണായകമാണെന്നും ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച മറ്റുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് കണ്ടെത്താന്‍ വിവിധ അന്വേഷണ ഏജന്‍സികള്‍ സംയുക്തമായി പരിശോധന തുടരുകയാണ്.
രാജസ്ഥാന്‍ അതിര്‍ത്തിയും വടക്കുപടിഞ്ഞാറന്‍ മേഖലയും കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വലിയൊരു പാക് ചാരശൃംഖലയെ തകര്‍ക്കാന്‍ ഈ അറസ്റ്റ് വഴി തെളിക്കുമെന്നാണ് ഉദ്യോഗസ്ഥരുടെ കണക്കുകൂട്ടല്‍.
