അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും നല്‍കിയ സഖാവ്; മെമ്പര്‍ഷിപ്പ് പുതുക്കാതെ പാര്‍ട്ടിക്കാര്‍ തഴഞ്ഞതോടെ ബിജെപിയില്‍ ചേര്‍ന്ന 81 വയസുകാരന്‍; സിപിഐയില്‍ നിന്നുള്ള ചുവടുമാറ്റം സഖാക്കള്‍ക്ക് സഹിച്ചില്ല; വൈക്കത്ത് റിട്ട. ഉദ്യോഗസ്ഥനെ വീടുകയറി ആക്രമിച്ചു; സി.പി.ഐ ഗുണ്ടായിസത്തില്‍ കേസെടുക്കാതെ പോലീസും

സി.പി.ഐ ഗുണ്ടായിസത്തില്‍ കേസെടുക്കാതെ പോലീസും

Update: 2026-03-22 12:51 GMT

വൈക്കം: രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കാന്‍ വീടുകയറി ആക്രമിച്ചതായി പരാതി. വൈക്കത്താണ് സംഭവം. അടുത്തിടെ സി.പി.ഐ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതിന്റെ പേരില്‍ 81 വയസ്സുകാരനായ റിട്ടയേര്‍ഡ് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.ഒ. രമാകാന്തനും ഭാര്യ രാജമ്മയ്ക്കും നേരെയാണ് ക്രൂരമായ ആക്രമണം ഉണ്ടായത്. പ്രാദേശിയ സിപിഐ പ്രവര്‍ത്തകരാണ് വീടുകയറി ആക്രമിച്ചത്. സി.പി.ഐ പ്രാദേശിക നേതാക്കളുടെ നേതൃത്വത്തില്‍ വീട്ടില്‍ അതിക്രമിച്ചു കയറി നടത്തിയ ഈ 'തല്ലി ഒതുക്കല്‍' രാഷ്ട്രീയം കേരളത്തിന് നാണക്കേടാണ്. എന്നാല്‍, സംഭവത്തില്‍ പരാതി നല്‍കിയിട്ടും പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെന്നാണ് ആക്ഷേപം.

സംഭവം ഇങ്ങനെ: വൈക്കം തലയാഴം പഞ്ചായത്തിലാണ് സംഭവം. അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കാലം മുതല്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചയാളാണ് കെ ഒ രമാകാന്തന്‍. വര്‍ഷങ്ങളോളം സി.പി.ഐയുടെ സജീവ പ്രവര്‍ത്തകനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയും ബ്രാഞ്ച് സെക്രട്ടറിയുമായിരുന്ന രമാകാന്തന്‍. അതിനിടെ സിപിഐ ഇദ്ദേഹത്തിന്റെ പാര്‍ട്ടി മെമ്പര്‍ഷിപ്പ് പുതുക്കി നല്‍കിയിരുന്നില്ല.

ഇതിനിടെ രണ്ടു മാസം മുന്‍പാണ് രമാകാന്തന്‍ പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നത്. രമാകാന്തനൊപ്പം തലയാഴം പഞ്ചായത്തില്‍ 60തോള പേര്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. ഇക്കൂട്ടത്തില്‍ ഏറ്റവും സീനിയറായിരുന്നത് രമാകാന്തനായിരുന്നു. ഈ സംഭവത്തിന് പിന്നാലെയാണ് അടുത്തിടെ കെ അജിത്ത് അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നതും.

പ്രദേശത്ത് വിശാലമായ ബന്ധങ്ങള്‍ ഉണ്ടായിരുന്ന രമാകാന്തന്‍ ബിജെപിയില്‍ ചേര്‍ന്നത് സിപിഐക്ക് വലിയ തിരിച്ചടിയായിരുന്നു. ഇതിന്റെ പേരില്‍ പ്രാദേശികമായി എതിര്‍പ്പും ഉയര്‍ന്നിരുന്നു. ഇതിനിടെയാണ് ഇക്കഴിഞ്ഞ 19 ാം തീയ്യതി ഉച്ചകഴിഞ്ഞ് ഒരു സംഘം വീടു കയറി ആക്രമണം ഉണ്ടായത്. സിപിഐ ബ്രാഞ്ച് സെക്രട്ടറി സിജു ചാണയിലും മകനും മരുമകളും രമാകാന്തന്റെ വീട്ടിലെത്തി കെ ഒ രമാകാന്തനെ ആക്രമിക്കുകയായിരുന്നു എന്നാണ് പരാതി.

കരിങ്കലിന് തലക്കടിച്ചെന്നും, തടയാന്‍ വന്ന ഭാര്യയെ തലക്കടിച്ച് വീഴ്ത്തിയെന്നുമാണ് ആക്ഷേപം. കെ ഒ രമാകാന്തന്‍ സിജുവിന്റെ ഭാര്യയെ അധിക്ഷേപിച്ചെന്ന് ആരോപിച്ചാണ് സിജുവും സംഘവും വീട്ടിലെത്തിയതും അതിക്രമം നടത്തിയത്. എന്നാല്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് കുടുംബം പറയുന്നു. നീ സി.പി.ഐ വിടുമല്ലോടാ...' എന്ന് ആക്രോശിച്ചുകൊണ്ട് അതിക്രൂരമായ ജാതീയ അധിക്ഷേപങ്ങളാണ് സിജുവും സംഘവും നടത്തിയെന്നുമാണ് പരാതി.

മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് രമാകാന്തനെയും ഭാര്യയയും വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിച്ചു. വയോധികനും ഹൃദ്രോഗിയുമായ രമാകാന്തന് പിന്നിട് നെഞ്ചിന് അസ്വസ്ഥത ഉണ്ടായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ആക്രമണ കേസ് ആയതിനാല്‍ ആശുപത്രി അധികൃതര്‍ അറിയിച്ചത് അനുസരിച്ച് പോലീസ് എത്തി രമാകാന്തന്റെ മൊഴിയെടുത്തു.

എന്നാല്‍ സംഭവം നടന്ന് മൂന്ന് ദിവസമായെങ്കിലും വൈക്കം പോലീസ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ തയ്യാറാകുകയോ എന്തെങ്കലും നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇതിന് പിന്നില്‍ ഭരണസ്വാധീനമാണെന്നാണ് ഉയരുന്ന ആരോപണം. ഗുരുതരമായ ജാതി അധിക്ഷേപവും വീട്ടില്‍ കയറിയുള്ള ആക്രമണവും നടന്നിട്ടും പോലീസ് സംഭവം ഗൗരവത്തില്‍ എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

Tags:    

Similar News