വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; 'രാമനാമം ചൊല്ലേണ്ടിടത്ത് രാവണസ്തുതി ഉരുവിടുന്നത് വിശ്വാസഭ്രംശം'; കോണ്‍ഗ്രസിനെ മുണ്ടില്‍പിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരം; ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം

തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണം

Update: 2025-02-17 02:12 GMT

തിരുവനന്തപുരം: കേരളത്തിലെ ഇടത് സര്‍ക്കാറിനെയും മോദിയെയും പ്രകീര്‍ത്തിച്ച ശശി തരൂരിനെ അതിരൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ് മുഖപത്രം വീക്ഷണം. തദ്ദേശ തെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ വിജയ പ്രതീക്ഷയെ കുരുതി കൊടുക്കരുതെന്ന് മുഖപ്രസംഗത്തില്‍ പറയുന്നു. വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യമാണ്.

സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിപ്പടരുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ തന്നെ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കരുതെന്നും വീക്ഷണം വിമര്‍ശിക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിനെതിരെ പൊരുതുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍ പിടിച്ചു പുറകോട്ട് വലിക്കുന്ന രീതി ആത്മഹത്യാപരമാണെന്നും വീക്ഷണം തരൂരിനെ ഓര്‍മിപ്പിക്കുന്നു. ട്രംപുമായി കൂടിക്കാഴ്ച നടത്തിയ മോദിയെ പ്രശംസിച്ചതിനെയും വീക്ഷണം നിശിതമായി വിമര്‍ശിക്കുന്നു.

കേരളം വികസന സൗഹൃദ സംസ്ഥാനമെന്ന ലേഖനത്തിലും മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തിലെ പ്രതികരണത്തിലുമാണ് വിമര്‍ശനം. ആരാച്ചാര്‍ക്ക് അഹിംസ അവാര്‍ഡോ എന്ന തലക്കെട്ടോടെയാണ് മുഖപ്രസംഗം. ശശി തരൂരിന്റെ നിലപാട് വികലമായ രാഷ്ട്രീയ രീതിയാണ്. രാവിലെ മുതല്‍ വെള്ളം കോരി സന്ധ്യക്ക് കുടം ഉടയ്ക്കുന്ന രീതി പരിഹാസ്യമാണെന്നും മുഖപ്രസംഗം കുറ്റപ്പെടുത്തുന്നു.

അനാവശ്യ വിവാദം സൃഷ്ടിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്ലാ സാഹചര്യങ്ങളും എല്‍ഡിഎഫിന് എതിരായിരിക്കെ യുഡിഎഫ് പരാജയപ്പെട്ടാല്‍ വലിയ തിരിച്ചടിയാകും ഉണ്ടാകുക. സര്‍ക്കാര്‍ വിരുദ്ധ വികാരം ആളിക്കത്തുമ്പോള്‍ അതിന് ഊര്‍ജം പകരേണ്ടവര്‍ അത് അണയ്ക്കാന്‍ വെള്ളം ഒഴിക്കുന്നത് വികലമായ രാഷ്ട്രീയ രീതിയാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

എല്‍ഡിഎഫിന്റെ ഭരണക്കെടുതികള്‍ക്കെതിരെ പോരാടുന്ന കോണ്‍ഗ്രസിനെ മുണ്ടില്‍പിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരമായിരിക്കും. മോദിയുടെ അമേരിക്കന്‍ സന്ദര്‍ശനവും ഇതിനിടെ വിവിധ കരാറുകളില്‍ ഉറപ്പ് നേടിയതും മഹത്തായ കാര്യമല്ല. കര്‍ക്കിടക സന്ധ്യക്ക് രാമസ്തുതി ചൊല്ലേണ്ടിടത് രാവണസ്തുതികള്‍ ഉരുവിടുന്നത് വിശ്വാസഭ്രംശവും ആചാരവിരുദ്ധവുമാണെന്നും വീക്ഷണം കുറ്റപ്പെടുത്തി.

'ചെയ്ഞ്ചിങ് കേരള: ലംബറിങ് ജംബോ ടു എ ലൈത് ടൈഗര്‍' എന്ന തലക്കെട്ടില്‍ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ വന്ന ശശി തരൂരിന്റെ ലേഖനമാണ് ഇരു മുന്നണികള്‍ക്കും ഇടയില്‍ തര്‍ക്കങ്ങള്‍ക്ക് കാരണമായത്. സ്റ്റാര്‍ട്ടപ്പ് രംഗത്ത് കേരളം നേടിയ കുതിച്ചുചാട്ടം, നൂലാമാലകളില്‍ കുരുങ്ങിക്കിടക്കാത്ത നിക്ഷേപ സൗഹൃദ സാഹചര്യം എന്നിവയെല്ലാമാണ് തരൂര്‍ ലേഖനത്തില്‍ എടുത്തു പറഞ്ഞത്.

ലേഖനം വന്നതിനു പിന്നാലെ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ വികസന പ്രവര്‍ത്തനങ്ങള്‍ ലേഖകനായ കോണ്‍ഗ്രസ് എംപി അവഗണിച്ചുവെന്ന തരത്തില്‍ വിമര്‍ശനങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഉമ്മന്‍ ചാണ്ടിയെ മനപൂര്‍വം ഒഴിവാക്കിയതല്ലെന്നും ലേഖനത്തിന്റെ പ്രതിപാദ്യ വിഷയം വ്യവസായ രംഗത്തെ സിപിഎമ്മിന്റെ നയമാറ്റവും അത് കേരളത്തിന്റെ വളര്‍ച്ചയെ സ്വാധീനിക്കുന്നതെങ്ങനെ എന്നുമായിരുന്നു എന്നാണ് തരൂരിന്റെ വിശദീകരണം.

അതേസമയം പിണറായി സര്‍ക്കാരിനെ പുകഴ്ത്തി ലേഖനം എഴുതിയ തിരുവനന്തപുരം എം.പി. ശശി തരൂരിനെതിരേ യു.ഡി.എഫ് യോഗത്തില്‍ കടുത്ത നിലപാട് സ്വീകരിക്കാന്‍ ഘടക കക്ഷികളും ഒരുങ്ങുകയാണ്. ഇത്തരം സമീപനങ്ങള്‍ യു.ഡി.എഫിന്റെ സാധ്യതകള്‍ തടയുമെന്നാണു ഘടകകക്ഷികളുടെ നിലപാട്. മുസ്ലിം ലീഗ് അടക്കം തരൂരിന്റെ നിലപാടില്‍ അതൃപരാണ്. ഒരിക്കലും പാടില്ലാത്തതാണ് ഈ ഘട്ടത്തില്‍ തരൂര്‍ ചെയ്തതെന്ന നിലപാടിലാണു ലീഗ്. യു.ഡി.എഫ്. യോഗത്തില്‍ അതിരൂക്ഷ വിമര്‍ശനം ലീഗ് ഉയര്‍ത്തും. തരൂര്‍ എന്ന വ്യക്തിക്ക് അപ്പുറം കോണ്‍ഗ്രസിനെയാകും അതൃപ്തി അറിയിക്കുക.

അതിനിടെ യു.ഡി.എഫ് ഘടകകക്ഷികളുടെ വികാരം ഹൈക്കമാന്‍ഡിനെ അറിയിക്കാനാണു കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നീക്കം. പല ഘട്ടത്തിലും തരൂരിനു കോണ്‍ഗ്രസ് താക്കീതുകള്‍ നല്‍കി. അതിനു ശേഷവും പാര്‍ട്ടിയെ വെട്ടിലാക്കുന്ന സമീപനം തുടരുന്നു. ഇതു അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലാണു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലും പ്രസ്താവനയെ ഗൗരവത്തിലെടുത്തിട്ടുണ്ട്. തല്‍കാലം തരൂരിനെ പ്രകോപിപ്പിക്കുന്ന നടപടികള്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം എടുക്കില്ല. ബി.ജെ.പിക്ക് അത് നേട്ടമുണ്ടാക്കുമെന്ന വിലയിരുത്തലിലാണ് ഇത്. ശക്തമായ നടപടി വേണമെന്നു കെ.പി.സി.സി അധ്യക്ഷന്‍ കെ സുധാകരനും ആവശ്യപ്പെടില്ല. പക്ഷേ, ഇനിയും പാര്‍ട്ടി ലൈന്‍ ലംഘിച്ചാല്‍ ശക്തമായ നടപടികളിലേക്കു കടക്കും. കോണ്‍ഗ്രസിലെ എതിര്‍പ്പ് മനസിലാക്കിയാണു ചെറിയ നിലപാടു മാറ്റത്തിനു തരൂര്‍ തയാറായത്. പി.കെ. കുഞ്ഞാലിക്കുട്ടിയേയും ഉമ്മന്‍ചാണ്ടി, ആന്റണി സര്‍ക്കാരുകളേയും പുകഴ്ത്തിയതും യു.ഡി.എഫിലെ ഒറ്റപ്പെടല്‍ രൂക്ഷമാകാതിരിക്കാനാണ്.

വ്യവസായ രംഗത്ത് കേരളം നേടിയ മുന്നേറ്റത്തിനു സംസ്ഥാന സര്‍ക്കാരിനെ പ്രശംസിച്ച നിലപാട് മയപ്പെടുത്തി ശശി തരൂര്‍ എത്തിയതും ഇതിനു വേണ്ടി മാത്രമാണ്. താന്‍ ചൂണ്ടിക്കാട്ടിയത് വ്യവസായങ്ങളോടുള്ള പൊതുനയത്തില്‍ സി.പി.എം സ്വീകരിച്ച മാറ്റങ്ങളെ കുറിച്ചുള്ള വ്യവസായ മന്ത്രി പി. രാജീവിന്റെ കണക്കുകള്‍ മാത്രമാണെന്നാണു പുതിയ നിലപാട്. സംസ്ഥാനം ഭരിച്ച മുന്‍ യു.ഡി.എഫ് സര്‍ക്കാരുകളുടെ നേട്ടം കൂടി പരാമര്‍ശിക്കുന്നതാണു പുതിയ പ്രതികരണം. പക്ഷേ ഇതൊന്നും കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ പൂര്‍ണമായും തൃപ്തിപ്പെടുത്തില്ലെന്നാണു നേതാക്കളുടെ നിരീക്ഷണം.

Tags:    

Similar News