'ഫേസ്ബുക്ക് ആങ്ങളമാർ മുസ്ലിം കുടുംബങ്ങളുടെ ശാപം'; നാട്ടിലെ പെണ്ണുങ്ങളെ നന്നാക്കാൻ നടക്കുന്നവർ സ്വന്തം വീട്ടിലെ കാര്യങ്ങൾ നോക്കുന്നുണ്ടോ?; ഇത് മതമല്ല, ആനയ്ക്ക് പൊട്ടുന്ന മദമാണ്; റെനീഷ റഹ്മാന് പിന്തുണയുമായി ഉസ്താദ് അൻസാരി സുഹ്‌രി
കൊച്ചി: ആറ്റുകാൽ പൊങ്കാലയിട്ടതിന്റെ പേരിൽ നടി റെനീഷ റഹ്മാനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ രൂക്ഷവിമർശനവുമായി യുട്യൂബർ കൂടിയായ ഉസ്താദ് അൻസാരി സുഹ്‌രി. മുസ്ലിം കുടുംബങ്ങളുടെ ഇന്നത്തെ ഏറ്റവും വലിയ ശാപം സോഷ്യൽ മീഡിയയിൽ 'ആങ്ങള' ചമയുന്ന ഒരുപറ്റം യുവാക്കളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മതം എന്നാൽ വികാരമല്ലെന്നും മാന്യമായ ഉപദേശമാണെന്നും ഓർമ്മിപ്പിച്ച അൻസാരി സുഹ്‌രി, മറ്റുള്ളവരുടെ ജീവിതത്തിൽ ഇടപെടുന്നവർ ആദ്യം സ്വന്തം ഉത്തരവാദിത്തങ്ങൾ നിറവേറ്റാനാണ് ശ്രമിക്കേണ്ടതെന്നും പറഞ്ഞു.
ഈ ആധുനിക കാലത്ത് മുസ്ലിം കുടുംബങ്ങളുടെ ഏറ്റവും വലിയ ശാപം 'ഫേസ്ബുക്ക് ആങ്ങളമാർ' ആണെന്ന് അദ്ദേഹം നിരീക്ഷിച്ചു. ഫേസ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും മറ്റുള്ളവരെ ഉടുപ്പിക്കാനും തട്ടമിടീപ്പിക്കാനും ഇറങ്ങിത്തിരിക്കുന്നവർക്ക് മതം ഒരു തരം ലഹരിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു. ഇന്ത്യ എന്ന ജനാധിപത്യ രാജ്യത്ത് ഓരോ പൗരനും ഇഷ്ടമുള്ളതുപോലെ ജീവിക്കാനുള്ള അവകാശമുണ്ട്. റെനീഷ ഒരു ആർട്ടിസ്റ്റാണ്. അവർ എവിടെ പോകണം, എന്ത് വിശ്വസിക്കണം എന്നത് അവരുടെ വ്യക്തിസ്വാതന്ത്ര്യമാണ്. അവരെ ആക്ഷേപിക്കാൻ ആർക്കും അധികാരമില്ല. സഹോദര മതസ്ഥരുടെ ആഘോഷങ്ങളിൽ അവർക്ക് ഒപ്പം നിൽക്കുന്നതാണ് യഥാർത്ഥ മതേതരത്വം.
ഓണമായാലും ക്രിസ്മസായാലും സഹായങ്ങൾ നൽകി കൂടെ നിൽക്കണം. വിശ്വാസത്തിൽ ഉറച്ചുനിന്നുകൊണ്ടുതന്നെ മറ്റുള്ളവരുടെ ആരാധനാ സ്വാതന്ത്ര്യത്തെ മാനിക്കണം. നാട്ടിലെ പെണ്ണുങ്ങളെ നന്നാക്കാൻ നടക്കുന്നവർ സ്വന്തം വീട്ടിലെ കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം. സൈബർ ഇടങ്ങളിൽ മോശമായ കമന്റുകളിട്ട് ആളെ നന്നാക്കാൻ നോക്കുന്നത് ശുദ്ധ കാപട്യമാണ്. മറ്റുള്ളവരെ വിമര്‍ശിക്കാനെ നമ്മളെ കൊണ്ട് കഴിയൂ. വേറെ കുറേ പ്രശ്നങ്ങളുള്ളപ്പോഴാണ് റെനീഷ റഹ്മാന്‍ ആറ്റുകാല്‍ പൊങ്കാലയ്ക്ക് പോയെന്ന് പറഞ്ഞ് അവരെ നന്നാക്കാന്‍ നടക്കുന്നത്.
അവര്‍ക്ക് ഇഷ്ടമുള്ളിടത്ത് പോകും. ഇഷ്ടമുള്ളിടത്ത് തൊഴും. ക്രിസ്ത്യന് പള്ളിയിലും അവര്‍ പോകും നിങ്ങള്‍ക്ക് എന്താണ്? നിങ്ങടെ വീട്ടില്‍ പെണ്ണുമ്പിള്ള മാന്യമായി നടക്കുന്നുണ്ടോ? അത് നിങ്ങള്‍ ശ്രദ്ധിക്കുന്നുണ്ടോ? നാട്ടിലുള്ള മുഴുവന്‍ സ്ത്രീകളെ ഉടുപ്പിക്കാനും അവരെ നിസ്കരിപ്പിക്കാനും നീ നടക്കണ്ട. ഇതിപ്പോ എന്തായി? ഒരു ബഹുസ്വരതയുടെ ഭിന്നതയായില്ലേ? നീ ആദ്യം നന്നാവ് എന്നിട്ട് നാട്ടുകാരെ മൊത്തം നന്നാക്കാം. അവനവന്‍റെ വിശ്വാസം ഉൾക്കൊണ്ട് മറ്റുള്ളവരുടെ വിശ്വാസത്തെ അവഹേളിക്കാതെ അവന്‍റെ പൗര സ്വാതസ്വതന്ത്ര്യം, ആരാധനാ സ്വതന്ത്ര്യം വകവച്ചു കൊടുക്കലാണ് മതേതരത്വം.
മറ്റുള്ളവരുടെ വിശ്വാസങ്ങളെ അവഹേളിക്കുന്നത് മതമല്ല, മറിച്ച് 'ആനയ്ക്ക് പൊട്ടുന്ന മദമാണ്'. ഒരു നന്മയ്ക്കും മതം തടസ്സമാകാൻ പാടില്ല. ഇത് കാപട്യത്തിന്റെ മതേതര കാലമാണെന്നും അദ്ദേഹം വിമർശിച്ചു. ബിഗ് ബോസ് താരമായ റെനീഷ റഹ്മാൻ ആറ്റുകാൽ പൊങ്കാലയിട്ട ചിത്രങ്ങൾ പങ്കുവെച്ചതിന് പിന്നാലെയാണ് ഒരു വിഭാഗം ആളുകൾ താരത്തിനെതിരെ വിദ്വേഷ കമന്റുകളുമായി രംഗത്തെത്തിയത്. റംസാൻ മാസത്തിൽ ഇത്തരമൊരു പ്രവർത്തി ചെയ്തത് മതത്തിന് വിരുദ്ധമാണെന്നായിരുന്നു ഇവരുടെ വാദം. എന്നാൽ, റെനീഷയ്ക്ക് പിന്തുണയുമായി നിരവധി പ്രമുഖർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്.
